
വിഷൻ 2030 നടപ്പാക്കുമെന്ന് കെ.ജി.എസ്.എം.എ
തൃശൂർ: യു.പി.ഐ, എച്ച്.യു.ഐ.ഡി നിരക്കുകൾ വർദ്ധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ(കെ.ജി.എസ്.എം.എ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തിലെ സ്വർണവ്യാപാര മേഖലയെ കൂടുതൽ ശക്തവും സുതാര്യവും ആധുനികവുമാക്കുന്നതിനുള്ള വിഷൻ 2030 പ്രവർത്തനരേഖ നടപ്പാക്കാനും സംസ്ഥാന കൗൺസിൽ യോഗം തീരുമാനിച്ചു. ഇതിനായി കേരളമൊട്ടാകെ100 പഠന ക്ലാസുകൾ സംഘടിപ്പിക്കും. റെക്കാഡ് സ്വർണവില, ഉയർന്ന ഇറക്കുമതി ചുങ്കം, പഴയ സ്വർണത്തിന്റെ വിലനിർണയം, വ്യാജ എച്ച്.യു.ഐ.ഡി–ഹാൾമാർക്കിംഗ്, ജി.എസ്.ടി, ഡിജിറ്റൽ ഇടപാടുകളിലെ അധിക ചെലവ് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. ഇറക്കുമതി ചുങ്കം യുക്തിസഹമായി കുറയ്ക്കുകയും രാജ്യത്തിനകത്തെ പഴയ സ്വർണത്തിന്റെ റീസൈക്ലിംഗ് പ്രോത്സാഹിപ്പിക്കുകയും വേണം. ഇത് നിയമാനുസൃത വ്യാപാരം ശക്തിപ്പെടുത്തുന്നതിനും അനധികൃത സ്വർണവ്യാപാരത്തിന് തടയിടുന്നതിനും സഹായിക്കുമെന്ന് യോഗം വിലയിരുത്തി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ, ട്രഷറർ സി.വി. കൃഷ്ണദാസ്, വർക്കിംഗ് പ്രസിഡന്റ് പി.കെ.അയമു ഹാജി , വർക്കിംഗ് സെക്രട്ടറി ബി. പ്രേമാനന്ദ്, എം. വിനീത്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അബ്ദുൽ അസീസ് ഏർബാദ്, സക്കീർ ഹുസൈൻ, പി.ടി. അബ്ദുറഹ്മാൻ, സെക്രട്ടറിമാരായ എസ്.പളനി, എം.ടി.കെ.ബാപ്പു, ഗോപി (പാലക്കാട്), എം.സി.ദിനേശൻ, ടി.വി.മനോജ് കുമാർ, അഹമ്മദ് പൂവിൽ, സി.എച്ച്. ഇസ്മായിൽ, നിതിൻ തോമസ്, അരുൺ മല്ലർ, സലാം ഹൈറ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |