
വിലക്കുറവിന് അസംസ്കൃത വസ്തുക്കളുടെ ലഭ്യത നിർണായകം
കൊച്ചി: രാജ്യത്തെ സ്റ്റീൽ ഉത്പാദനശേഷി 2047ൽ 60.4 കോടി ടണ്ണായി ഉയർത്താൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ പുതിയ നയം അവതരിപ്പിച്ചു. നിലവിലെ ഉത്പാദനശേഷി 22 കോടി ടൺ മാത്രമാണ്. നിർമ്മാണം, വീട്, വാഹനങ്ങൾ തുടങ്ങിയ മേഖലകളിൽ സ്റ്റീൽ ആവശ്യകത ഉയരുന്നതിനൊപ്പം ഗുണനിലവാരമുള്ള സ്റ്റീലിന്റെ ആഭ്യന്തര ലഭ്യത മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
പ്രതിശീർഷ സ്റ്റീൽ ഉപഭോഗം നിലവിലെ 116 കിലോഗ്രാമിൽനിന്ന് 2047ൽ 302 കിലോഗ്രാമായി ഉയരുമെന്ന് വിലയിരുത്തുന്നു. ഇതോടെ വീടുനിർമാണം മുതൽ വാഹനവിപണി വരെയുള്ള മേഖലകളിൽ ആവശ്യകത കൂടും. എന്നാൽ ഉത്പാദനശേഷി കൂടുന്നതുകൊണ്ടുമാത്രം സ്റ്റീൽ വില കുറയണമെന്നില്ല. ഇരുമ്പയിര്, കോക്കിംഗ് കൽക്കരി എന്നിവയുടെ ലഭ്യതയും ഇറക്കുമതിച്ചെലവും ഗതാഗതച്ചെലവും വിലയെ സ്വാധീനിക്കും.
സ്റ്റീൽ ഉത്പാദനത്തിലെ കാർബൺ പുറന്തള്ളൽ കുറയ്ക്കാനും നയം ലക്ഷ്യമിടുന്നു. നിലവിൽ ഒരു ടൺ ക്രൂഡ് സ്റ്റീൽ ഉത്പാദിപ്പിക്കുമ്പോഴുള്ള ശരാശരി പുറന്തള്ളൽ 2.54 ടണ്ണാണ്. 2047ഓടെ ഇത് 1.54 ടണ്ണായി കുറയ്ക്കാനാണ് നിർദേശം. ശുദ്ധമായ സാങ്കേതികവിദ്യയിലേക്കുള്ള മാറ്റം ദീർഘകാലത്ത് പരിസ്ഥിതിക്ക് ഗുണകരമാകുമെങ്കിലും അതിന്റെ ചെലവ് ഉത്പന്നവിലയെ എങ്ങനെ ബാധിക്കുമെന്നത് നിരീക്ഷിക്കേണ്ടതുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |