SignIn
Kerala Kaumudi Online
Saturday, 31 October 2026 12.19 PM IST

റഷ്യയെ പ്രതിരോധിക്കാൻ 500 പാട്രിയറ്റ് മിസൈലുകൾ യുക്രെയ്ന് നൽകാൻ ട്രംപ്: ലഭിക്കാൻ വർഷങ്ങളെടുക്കുമെന്ന് സെലെൻസ്കി

zelensky-and-trump
വൊളോഡിമിർ സെലെൻസ്കി, ഡൊണാൾഡ് ട്രംപ്

വാഷിംഗ്‌ടൺ: റഷ്യയുടെ വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാൻ യുക്രെയ്ന് 500 പാട്രിയറ്റ് മിസൈലുകൾ കൂടി നൽകാൻ അമേരിക്കയുടെ അനുമതി. യുഎസ് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. യുദ്ധത്തിനിടെ തങ്ങളുടെ കൈവശമുള്ള മിസൈലുകൾ തീരുകയാണെന്ന യുക്രെയ്‌ന്റെ പരാതിയെ തുടർന്നാണ് നടപടി.

ഈ പുതിയ മിസൈലുകൾ ലഭിക്കുന്നതോടെ യുക്രെയ്‌ന്റെ വ്യോമപ്രതിരോധ ശേഷി വർദ്ധിക്കുമെന്ന് യുഎസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. മിസൈലുകൾ എപ്പോൾ നൽകുമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇവ നിർമാണം പൂർത്തിയായി യുക്രെയ്നിലെത്താൻ വർഷങ്ങൾ എടുത്തേക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു.

നിലവിൽ റഷ്യയുടെ ശക്തമായ ഭീഷണി നിലനിൽക്കുന്നതിനാൽ അടിയന്തരമായി ഉപയോഗിക്കാൻ കഴിയുന്ന പിഎസി-3 മിസൈലുകൾ ലഭ്യമാക്കാനുള്ള നടപടികൾ ഊർജിതമാക്കണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു. യുഎസും മറ്റ് യൂറോപ്യൻ സഖ്യകക്ഷികളും ഇപ്പോൾ അവരുടെ പക്കൽ സൂക്ഷിച്ചിരിക്കുന്ന മിസൈലുകൾ യുക്രെയ്ന് നൽകണമെന്നും പിന്നീട് ഈ പുതിയ കരാർ വഴി ലഭിക്കുന്ന മിസൈലുകൾ ഉപയോഗിച്ച് അവ പുനഃസ്ഥാപിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, മിസൈൽ ഇടപാടിനായി യുഎസിന്റെ സ്വന്തം ഫണ്ട് ഉപയോഗിക്കില്ലെന്നും പകരം യുക്രെയ്ന്റെ സഖ്യകക്ഷികൾ നൽകുന്ന സംഭാവനകളിൽ നിന്നാണ് ഇതിനുള്ള തുക കണ്ടെത്തുകയെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.

English Summary

The US has approved the sale of 500 additional Patriot missiles to Ukraine to help defend against Russian airstrikes, following Kyiv’s concerns over dwindling missile supplies.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: US PATRIOT MISSILES, RUSSIA UKRAINE WAR, ZELENSKY, 500 PATRIOT MISSILE, UKRAINE DEFENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360