ജയ്പൂർ: ലെയ്‌സ് പാക്കറ്റിനുള്ളിൽ ചിപ്‌സിനെക്കാളധികം കാറ്റാണെന്ന പരാതി കാലാകാലങ്ങളായി കേൾക്കുന്നതാണ്. ഇപ്പോഴിതാ, ലെയ്‌സിന്റെ പാക്കറ്റിൽ രേഖപ്പെടുത്തിയതിനെക്കാൾ കുറഞ്ഞയളവിൽ മാത്രമാണ് ചിപ്‌സ് ലഭിച്ചതെന്ന് പരാതിനൽകിയ ഉപഭോക്താവിന് നഷ്‌ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടിരിക്കുകയാണ് ജയ്‌പൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.
ലെയ്‌സിന്റെ നിർമ്മാതാക്കളായ പെപ്‌സികോ ഇന്ത്യ ഹോൾഡിംഗ്‌സ് ലിമിറ്റഡ് 8000 രൂപ ഉപഭോക്താവിന് നൽകണമെന്നാണ് ഉത്തരവ്. പാക്കറ്റിൽ 15 ഗ്രാം ചിപ്‌സുണ്ടെന്ന് രേഖപ്പെടുത്തിയിരുന്നെങ്കിലും നാല് ഗ്രാം മാത്രമാണ് ലഭിച്ചതെന്നായിരുന്നു പരാതി. ജലാൻ ബിൽഡിംഗ് ആന്റ് ഹാർഡ്‌വെയർ സ്റ്റോർ ഉടമ ചന്ദ്രമൻ ജലാലാണ് പരാതി നൽകിയത്. 2020 നവംബർ 10-ാം തീയതി വീട്ടിലെത്തിയ അതിഥികൾക്ക് നൽകുന്നതിനായി മെട്രോ ക്യാഷ് ആന്റ് കാരിയിൽനിന്ന് ചന്ദ്രമൻ കുറച്ച് പലഹാരങ്ങൾ വാങ്ങിയിരുന്നു. ഇക്കൂട്ടത്തിൽ അഞ്ച് രൂപയുടെ ലേയ്‌സ് പാക്കറ്റും ഉൾപ്പെട്ടിരുന്നു.
അതിഥികൾക്ക് നൽകുന്നതിനിടെ പാക്കറ്റിന് അസാധാരണമായ ഭാരക്കുറവ് തോന്നിയതിനെ തുടർന്ന് പരിശോധിച്ചപ്പോൾ നാല് ഗ്രാം ചിപ്‌സ് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് പരാതിക്കാരന്റെ വാദം. എന്നാൽ പാക്കറ്റിൽ രേഖപ്പെടുത്തിയിരുന്ന ചിപ്‌സിന്റെ അളവ് 15 ഗ്രാം ആയിരുന്നു. എന്നാൽ, സംഭവത്തിൽ വില്‌പനക്കാരനെ സമീപിച്ചെങ്കിലും തൃപ്‌തികരമായ മറുപടി ലഭിച്ചില്ലെന്നും തുടർന്ന് 2022 ഏപ്രിൽ ആറിന് ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.
എന്നാൽ, സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം ലെയ്‌സിന്റെ നിർമ്മാതാക്കൾക്കാണെന്ന് കടക്കാരൻ വാദിച്ചു. ഇതംഗീകരിച്ച കോടതി ലെയ്‌സിന്റെ നിർമാതാക്കളായ പെപ്‌സിക്കോ കമ്പനി ഉപഭോക്താവിന് നഷ്‌ടപരിഹാരം നൽകണമെന്ന് വിധിക്കുകയായിരുന്നു. പരാതിക്കാരന് ചിപ്‌സ് പാക്കറ്റിന്റെ വിലയായ അഞ്ച് രൂപ തിരികെ നൽകണമെന്നും 2022 ഏപ്രിൽ ആറുമുതൽ തുക നൽകുന്നതുവരെയുള്ള ആറ് ശതമാനം വാർഷിക പലിശ നൽകാനും കമ്മീഷൻ നിർദേശിച്ചു. ഇതിന് പുറമെ പരാതിക്കാരനുണ്ടായ മാനസിക വിഷമത്തിനും ബുദ്ധിമുട്ടുകൾക്കും 5,000 രൂപയും നിയമനടപടികൾക്കായുള്ള ചെലവിനത്തിൽ 3000 രൂപയും നൽകണമെന്നും ഉത്തരവിൽ പറയുന്നു.
A Jaipur consumer gets Rs 8,000 compensation after finding only 4 grams of chips in a Lay's packet labelled as 15 grams.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |