SignIn
Kerala Kaumudi Online
Saturday, 31 October 2026 12.02 AM IST

അമ്മയുടെ പ്രാർത്ഥന സഫലം: ഹഡിൽ ചതിച്ച ഡോണിനെ ട്രിപ്പിൾ രക്ഷിച്ചു

school-meet

കോഴിക്കോട് : കണ്ണീരോടെയുള്ള അമ്മയുടെ പ്രാർത്ഥന ഫലിച്ചു.തലേന്ന് നടന്ന ജൂനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഹഡിൽസിനിടെ പരിക്കേറ്റ വലതുകാലിൽ കുത്തിയുയർന്ന് ട്രിപ്പിൾ ജമ്പിൽ സ്വർണത്തിലേക്ക് ചാടിക്കയറി മലപ്പുറത്തിന്റെ ഡോൺ മാർട്ടിൻ. പരിക്കിനോട് പടപൊരുതിയുള്ള മകന്റെ പോരാട്ടം പൊന്നാകാൻ ജമ്പിംഗ് പിറ്റിന് സമീപം നെ‌ഞ്ചുരുകി പ്രാർത്ഥിച്ചു നിന്ന അമ്മ ഡോണ വർഗീസിനുള്ള സമർപ്പണമായി ഡോണിന്റെ സ്വർണ നേട്ടം.

സംസ്ഥാന സ്‌കൂൾ കായിക മേളയിൽ ഇന്നലെ നടന്ന ട്രിപ്പിൾ ജമ്പിൽ 13.94 മീറ്രർ ചാടിയാണ് ഡോൺ പൊന്നണിഞ്ഞത്. വ്യാഴാഴ്ച വൈകിട്ട് നടന്ന ഹഡിൽസ് ഫൈനലിൽ മുന്നേറുന്നതിനിടെയാണ് ഏഴാമത്തെ ഹഡിലിൽ വലതുകാൽ തട്ടി ഡോൺ വീണത്. വലതുകാൽമുട്ടിലേക്ക് ഇരച്ചു കയറിയ വേദന സഹിച്ച് ഡോൺ മത്സരം പൂർത്തിയാക്കിയെങ്കിലും അഞ്ചാമതായി. കാലിൽ മുറിവും നീരുമുണ്ടായെങ്കിലും ട്രിപ്പിളിൽ മത്സരിക്കാൻ ഡോൺ തീരുമാനിക്കുകയായിരുന്നു. ഒരു റൗണ്ട് ചാടി നോക്കിയിട്ട് വേദനയുണ്ടെങ്കിൽ പിന്മാറണം എന്ന കോച്ച് ടോമി ചെറിയാന്റെ നിർദ്ദേശത്തിൽ മിത്സരിച്ച ഡോൺ പൊന്നുമായാണ് തിരിച്ചു കയറിയത്. മലപ്പുറം ജില്ലാ മേളയിൽ മീറ്ര് റെക്കാഡ് തിരുത്തിയാണ് ഡോൺ സംസ്ഥാന മേളയ്ക്ക് എത്തിയത്.

കോഴിക്കോട് കല്ലാനോട് സ്വദേശിയായ ഡോണിനേയും അനിയത്തിയും കായിക താരവുമായ അന്ന റെയ്ച്ചലിനേയും കായക താരമാകാൻ കൊതിച്ച് സാഹചര്യങ്ങൾ കാരണം മുന്നോട്ടു പോകാനാകാതിരുന്ന അമ്മയാണ് മെച്ചപ്പെട്ട പരിശീലന സൗകര്യങ്ങൾക്കായി ഐഡിയൽ സ്കൂളിൽ ചേർക്കാൻ മുൻകൈ എടുത്തത്. ഡോണിന്റെ കൂട്ടുകാരൻ ഐഡിയലിലെ തന്നെ ഹാഷിംമുബാറക് വി.പിക്കാണ് (13.73 മീറ്രർ)​ വെള്ളി. ഇഷ്ട ഇനമായ ലോംഗ് ജമ്പിൽ കോട്ടയത്തിന്റെ വിഷ്‌ണു യാദവിന് പിന്നിൽ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നതിന്റെ സങ്കടവും ഡോൺ ട്രിപ്പിളിൽ തീർത്തു.

വിഷ്‌ണുവിനെതിരെ പ്രായം സംബന്ധിച്ച പരാതികൾ ഉള്ളതിനാൽ ലോംഗ് ജമ്പിന്റെ മെഡൽ ദാനച്ചടങ്ങ് നടന്നിട്ടില്ല. ഇനി നടത്തിയാലും മെഡൽ വാങ്ങാൻ പോകില്ലെന്ന തീരുമാനത്തിലാണ് ഡോൺ. സ്വകാര്യസ്ഥാപനത്തിൽ അക്കൗണ്ടന്റാണ് ഡോണ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOOL MEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360