SignIn
Kerala Kaumudi Online
Friday, 30 October 2026 5.33 PM IST

ഇനി ട്രെയിൻവഴി പാർസൽ അയയ്‌ക്കുന്നത് കൂടുതൽ എളുപ്പം; വീട്ടിലെത്തി സ്വീകരിക്കും, പുതിയ സംവിധാനവുമായി റെയിൽവേ

parcel-service
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: പാർസൽ സ്വീകരിക്കാനും അയയ്‌ക്കാനും ഇനി റെയിൽവേ സ്റ്റേഷനിലെ പാർസൽ ഓഫീസുകൾ കയറിയിറങ്ങേണ്ട. വീടുകളിൽനിന്ന് നേരിട്ട് പാർസൽ ശേഖരിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന ഡോർ ടു ഡോർ സേവനവുമായി ഇന്ത്യൻ റെയിൽവേ. 'ഘർ സേ ഘർ തക്' എന്ന പേരിലുള്ള പുതിയ സേവനം എട്ട് പ്രധാന നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ പദ്ധതി വിജയകരമായതിനെ തുടർന്നാണ് സേവനം വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.

ഡൽഹി, മുംബയ്, കൊൽക്കത്ത, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ബംഗളൂരു, പൂനെ എന്നീ നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ സേവനം ലഭ്യമാകുക. റെയിൽ പാർസൽ ആപ് വഴിയോ വെബ്‌സൈറ്റ് വഴിയോ ഉപഭോക്താക്കൾക്ക് വീട്ടിലിരുന്ന് പാർസൽ അയയ്‌ക്കുന്നതിനും സ്വീകരിക്കുന്നതിനും ബുക്ക് ചെയ്യാം. ലോജിസ്റ്റിക് പങ്കാളിയുമായി സഹകരിച്ചാണ് റെയിൽവേ പദ്ധതി നടപ്പാക്കുന്നത്. ഉപഭോക്താക്കളുടെ വീടുകളിൽനിന്ന് പാർസലുകൾ ശേഖരിക്കുന്നതും ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതും സ്വകാര്യ ലോജിസ്റ്റിക് കമ്പനികളായിരിക്കും. നഗരങ്ങൾക്കിടയിലുള്ള ചരക്കുനീക്കം റെയിൽവേ നിർവഹിക്കും.

ട്രെയിൻ പുറപ്പെടുന്നതിന് 15 ദിവസം മുൻപു മുതൽ ട്രെയിൻ പുറപ്പെടാൻ ഒരുദിവസം ബാക്കിയുള്ളപ്പോൾവരെ ബുക്ക് ചെയ്യാം. ട്രെയിൻ പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും ലോജിസ്റ്റിക് പങ്കാളികൾ പാർസലുകൾ റെയിൽവേ അധികൃതർക്ക് കൈമാറണം. റെയിൽ പാർസൽ ആപ്പിലൂടെ ബുക്കിംഗ്, പണമടയ്‌ക്കൽ, പാർസൽ ട്രാക്കിംഗ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാകും. ഓരോ ബുക്കിംഗിനും പത്ത് അക്കങ്ങളുള്ള പ്രോഗ്രസീവ് റഫറൻസ് റെക്കോർഡ് (പിആർആർ) നമ്പർ നൽകും. ഇതുപയോഗിച്ച് പാർസൽ എവിടെയെത്തിയെന്ന് തത്സമയം നിരീക്ഷിക്കാം.

ഡിജിറ്റൽ ജിഎസ്‌ടി ഇൻവോയ്‌സും ലഭിക്കും. ഒടിപി സംവിധാനം ഉപയോഗിച്ചായിരിക്കും പാർസലുകളുടെ കൈമാറ്റം ഉറപ്പാക്കുക. യുപിഐ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് എന്നിവയിലൂടെ പണമടയ്‌ക്കാനും സൗകര്യമുണ്ടാകും. പാർസൽ ശേഖരിക്കുന്നതിന് മുൻപ് ബുക്കിംഗ് റദ്ദാക്കിയാൽ 10 രൂപ ക്ലറിക്കൽ ചാർജ് കുറച്ചശേഷം റെയിൽവേ ചരക്കുനീക്കത്തിനായി ഈടാക്കിയ തുക പൂർണമായും തിരികെ നൽകും. എന്നാൽ, വീട്ടിൽനിന്ന് ശേഖരിക്കുന്നതും എത്തിക്കുന്നതുമായിട്ടുള്ള നിരക്കുകളുടെ റീഫണ്ട്, ലോജിസ്റ്റിക് പങ്കാളികളുടെ നയങ്ങൾ അനുസരിച്ചായിരിക്കും.

വ്യക്തികൾക്കും ചെറുകിട സംരംഭങ്ങൾക്കും ഓൺലൈൻ വ്യാപാരികൾക്കും പുതിയ സേവനം ഏറെ പ്രയോജനപ്പെടുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ. റെയിൽവേയുടെ ചരക്കുനീക്ക സംവിധാനത്തോടൊപ്പം വീട്ടുപടിക്കൽ സേവനം ലഭ്യമാക്കുന്നതിലൂടെ പാർസൽ അയയ്‌ക്കുന്നത് കൂടുതൽ ലളിതവും സൗകര്യപ്രദവും ആക്കുകയാണ് ലക്ഷ്യം.

English Summary

Indian Railways is launching its 'Ghar Se Ghar Tak' door-to-door parcel delivery service in eight major cities, offering home pickup, delivery and live tracking through the Rail Parcel App.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIAN RAILWAY, DOOR TO DOOR PARCEL SERVICE, HOME PICKUP, RAIL PARCEL APP, RAILWAY PARCEL SERVICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360