
മരിച്ചവരിൽ പൊലീസുദ്യോഗസ്ഥനും അഭിഭാഷകനും
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഹെലികോപ്ടർ തകർന്നുവീണ് പൈലറ്റുൾപ്പെടെ ആറുപേർക്ക് ദാരുണാന്ത്യം.
പൈലറ്റ് ഡൽഹി ഷാലിമാർബാഗ് സ്വദേശി ഹിമാൻഷു സഭർവാൾ (48) ബംഗളൂരു സ്വദേശികളായ പ്രതാപ് ബി. നിംഗരാജു (41), പൊലീസ് ഉദ്യോഗസ്ഥൻ അരുൺ സലുങ്കെ (44),അഭിഭാഷകൻ ശങ്കർഗൗഡ വി.ബി. (39), സുധീർ കെ. (49), എച്ച്.എസ്. നടരാജ് (51)എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 1.14ന് ബദ്രീനാഥിൽനിന്ന് ഡെറാഡൂണിലേക്ക് പോകുകയായിരുന്ന ട്രാൻസ് ഭാരത് ഏവയേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ജോഷിമഠ് താഴ്വരയ്ക്ക് മുകളിലെത്തിയപ്പോൾ കോപ്ടറുമായുള്ള ബന്ധം നഷ്ടമായി. ട്രാക്കിംഗ് സംവിധാനത്തിന് കോപ്ടറിനെ കണ്ടെത്താനായില്ല. പിന്നാലെ ഹെലികോപ്ടർ ചായെൻ ഗ്രാമത്തിനുസമീപം തകർന്നുവീണെന്ന് മുഖ്യമന്ത്രി പുഷ്‌കർ ധാമി സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ തെരച്ചിലിൽ കോപ്ടർ തകർന്നുവീണ സ്ഥലങ്ങളും മൃതദേഹങ്ങളും കണ്ടെത്തുകയായിരുന്നു. പ്രദേശത്ത് കനത്തമഞ്ഞുവീഴ്ചയുണ്ടായിരുന്നെന്നും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നെന്നും അധികൃതർ അറിയിച്ചു. അന്വേഷണം തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |