SignIn
Kerala Kaumudi Online
Friday, 31 July 2026 4.19 PM IST

ചൈന മൂടിവയ്‌ക്കാൻ ശ്രമിച്ച 'തെരുവുനായയുടെ മരണം'; രാജ്യാതിർത്തികൾ കടന്ന് പ്രതിഷേധം

wang-wang
വാങ്‌ വാങിനെയും കുഞ്ഞുങ്ങളെയും അനുസ്‌മരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ച പോസ്റ്റർ

ബീജിംഗ്: ഒരു തെരുവുനായയുടെ ദാരുണമായ മരണത്തിനുപിന്നാലെ രാജ്യത്താകമാനം പ്രതിഷേധങ്ങൾ അലയടിക്കുകയാണ്. ജനരോഷത്തെ അടിച്ചമർത്താൻ ഭരണകൂടം നിരന്തരം ശ്രമം നടത്തിയിട്ടും രാജ്യാതിർത്തികൾ കടന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും സംഭവം ആളിപ്പടരുന്നു. ദാരുണമായി കൊല്ലപ്പെട്ട വാങ് വാങ് എന്ന തെരവുനായയുടെയും അവളുടെ കുഞ്ഞുങ്ങളുടെയും കഥയാണ് കഴിഞ്ഞ ഒരു മാസമായി ചൈനയിൽ ചർച്ചചെയ്യപ്പെടുന്നത്.

എന്താണ് സംഭവിച്ചത്?

ജൂൺ 28ന് ചൈനയിലെ ഗുവാങ്‌ഡോങ് പ്രവിശ്യയിലെ ജിയെയാങ് നഗരത്തിലാണ് സംഭവം നടന്നത്. വാങ് വാങ് എന്ന തെരുവുനായയെയും അതിന്റെ മൂന്ന് കുഞ്ഞുങ്ങളെയും നാല് ആൺകുട്ടികൾ ക്രൂരമായി മർദിച്ചു. പതിന്നാല് വയസിൽ താഴെ മാത്രമുള്ള ആൺകുട്ടികളാണ് ആക്രമണം നടത്തിയത്. മർദനത്തിന്റെ ദൃശ്യങ്ങൾ കുട്ടികൾതന്നെ ചിത്രീകരിച്ച് സോഷ്യൽമീഡിയയിൽ പങ്കുവച്ചു. നായയുടെ കഴുത്തിൽ വയർ കെട്ടി വലിച്ചിഴയ്‌ക്കുന്നതും പിന്നീട് ഒരു ദ്രാവകം ഉപയോഗിച്ച് വാങ് വാങിനെയും മൂന്നു കുട്ടികളെയും തീകൊളുത്തി കൊല്ലുന്നതും ഈ വീഡിയോയിൽ കാണാമെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അധികൃതർ എന്ത് നടപടി സ്വീകരിച്ചു?

സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം ചൈനീസ് അധികൃതർ മൃഗപീഡനം നടന്നതായി സ്ഥിരീകരിച്ചു. എന്നാൽ സംഭവത്തിൽ ഉൾപ്പെട്ട കുട്ടികളുടെ പ്രായപരിധി കണക്കിലെടുത്തുള്ള നിയമത്തിന്റെ ആനുകൂല്യത്തിൽ കേസ് രജിസ്റ്റർ ചെയ്‌തില്ല. പകരം അവരെ തിരുത്തൽ വിദ്യാഭ്യാസം നൽകുന്ന പ്രത്യേക സ്ഥാപനത്തിലേക്ക് മാറ്റിയതായി അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കരുതെന്നും പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെ സൈബർ ആക്രമണം നടത്തരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു.

പ്രതിഷേധത്തിന് കാരണം

കുട്ടികളുടെ പേരിൽ കേസെടുക്കാതെയുള്ള നടപടി ജനങ്ങളിൽ അതൃപ്‌തിയുണ്ടാക്കി. ചൈനയിൽ മൃഗങ്ങളോടുള്ള ക്രൂരത തടയാൻ ഒരു പ്രത്യേക നിയമമില്ല. അതുകൊണ്ടുതന്നെ വാങ് വാങ്ങിന്റെ കൊലപാതകത്തോടെ രാജ്യത്ത് മൃഗസംരക്ഷണ നിയമം വേണമെന്ന ആവശ്യത്തിന് ആക്കം കൂട്ടി. സോഷ്യൽ മീഡിയയിൽ നിരവധിയാളുകൾ പ്രതിഷേധം രേഖപ്പെടുത്തി. രാജ്യത്തെ പല നഗരങ്ങളിലും ജനങ്ങൾ പണം സ്വരൂപിച്ച് വാ‌ങ്‌ വാങ്ങിന്റെ ചിത്രങ്ങൾ ഡിജിറ്റൽ ബിൽബോർഡുകളിൽ പ്രദർശിപ്പിച്ചു.

ഡാലിയാനിൽ നടന്ന ഒരു ഫൂട്‌ബോൾ മത്സരത്തിന് മുൻപ് സ്റ്റേഡിയത്തിലെ ഭീമൻ സ്‌ക്രീനിൽ വാങ്‌ വാങിന്റെയും കുഞ്ഞുങ്ങളുടെയും ചിത്രം പ്രദർശിപ്പിച്ചു.'ഓരോ ജീവനും ബഹുമാനവും കരുണയും അർഹിക്കുന്നു' എന്ന സന്ദേശവും ഒപ്പമുണ്ടായിരുന്നു. ചൈനീസ് സിനിമാ താരങ്ങളുൾപ്പടെയുള്ളവർ വാങ്‌ വാങിനായി സംസാരിക്കാൻ തുടങ്ങി. മൃഗങ്ങളെ ദത്തെടുക്കുന്നതിനുവേണ്ടി ഹോങ്കോംഗിൽ പ്രവർത്തിക്കുന്ന സംഘടനയായ സപ്പോ വാങ് വാങിന്റെ ചിത്രം ട്രാമിൽ പ്രദർശിപ്പിക്കാനായി രണ്ട് മണിക്കൂറിനുള്ളിൽ 95,000 ഹോങ്കോംഗ് ഡോളർ സമാഹരിച്ചു.

പിന്നാലെ നടന്നത്

പ്രതിഷേധം ശക്തമായതോടെ ചൈനീസ് സെൻസർഷിപ് സംവിധാനങ്ങളും ഇടപെടാൻ തുടങ്ങി. വാങ് വാങിനെക്കുറിച്ചുള്ള നിരവധി സോഷ്യൽ മീഡിയാ പോസ്റ്റുകൾ അധികാരികൾ നീക്കം ചെയ്യാൻ തുടങ്ങി. സംഭവത്തെ അപലപിച്ച താരങ്ങളുടെ പോസ്റ്റുകളും അപ്രത്യക്ഷമായി. വിവിധ നഗരങ്ങളിൽ വാങ് വാങിനുവേണ്ടി പ്രത്യക്ഷപ്പെട്ട ബിൽബോർഡുകളും ഡിജിറ്റൽ സ്‌ക്രീനുകളും നീക്കം ചെയ്യാനും അധികാരികൾ നിർദേശം നൽകി.

ചൈനയിൽ നിയന്ത്രണങ്ങൾ ശക്തമായതോടെ പ്രതിഷേധം വിദേശരാജ്യങ്ങളിലേക്കും വ്യാപിച്ചു. ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിലെ ഡിജിറ്റൽ ബിൽബോർഡിൽ വാങ് വാങിന്റെ ചിത്രം പ്രദർശിപ്പിച്ചു. ഇറ്റലിയിലെ വിവിധനഗരങ്ങളിലും തായ്‌വാനിലും സമാനമായ രീതിയിൽ അനുസ്‌മരണ പ്രദർശനങ്ങൾ നടന്നു.

ഈ സംഭവം ഇത്രയേറെ ശ്രദ്ധിക്കപ്പെടാൻ കാരണം

ഒരു തെരുവുനായ മൃഗീയമായി കൊല്ലപ്പെട്ടതു മാത്രമല്ല സംഭവം ലോകശ്രദ്ധ നേടാൻ കാരണമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. ചൈനയിൽ പൊതുവായ പ്രതിഷേധങ്ങൾക്കും സർക്കാരിനെ വിമർശിക്കുന്ന പ്രചാരണങ്ങൾക്കും കർശന നിയന്ത്രണങ്ങളുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ഒരു തെരുവുനായയുടെ മരണത്തെ ചുറ്റിപ്പറ്റി ആയിരക്കണക്കിന് ആളുകൾ പ്രതിഷേധവുമായെത്തിയതാണ് സംഭവം ലോകശ്രദ്ധ നേടാൻ കാരണമായത്.

English Summary

The killing of a stray dog named Wang Wang in China triggered widespread outrage, calls for stronger animal protection laws and criticism of reported censorship. The campaign later spread globally, with tribute billboards appearing in several countries.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: STRAY DOG, PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360