SignIn
Kerala Kaumudi Online
Monday, 17 August 2026 2.53 PM IST

ഭൂമിയുടെ ഉള്ളിലെ ആ 'സ്‌പീഡ്' കുറഞ്ഞു,​ ദിവസത്തിന്റെ ദൈർഘ്യം കുറയുമെന്ന് ഗവേഷകർ

earth-layers
ഭൂമിയുടെ ഘടനയുടെ രേഖാചിത്രം

പടിഞ്ഞാറ് നിന്നും കിഴക്കോട്ടേക്കാണ് നമ്മുടെ ഭൂമി സ്വയം തിരിയുന്നത്. ഭൂമിയുടെ പ്രതലം മുതൽ ഉള്ളിലേക്ക് പ്രധാനമായും അഞ്ച് ഭാഗങ്ങളാണ്. ഭൂവൽക്കം (ക്രസ്റ്റ്), അപ്പർ മാന്റിൽ, മാന്റിൽ,പുറക്കാമ്പ് (ഔട്ടർ കോർ), അകക്കാമ്പ് (ഇന്നർ കോർ). ഇതിൽ ഭൂവൽക്കത്തിലാണ് നമ്മൾ മനുഷ്യരും ജീവികളുമെല്ലാം കഴിയുന്നത്. ഭൂമി പുറമേ തിരിയുന്നതുപോലെ അകത്തുള്ള ഭാഗങ്ങളും തിരിയുന്നുണ്ട്. ഭൂമിയുടെ അകക്കാമ്പ് എന്നുപറയുന്ന ഭാഗം പുറമേ കാണുംപോലെ കട്ടിയുള്ളതല്ല അത് നേരിൽ നമുക്ക് കാണാനുമാകില്ല. ഭൂമിയുടെ പുറമേ നിന്നും 5000 കിലോമീറ്റർ ഉള്ളിലായാണ് ഈ ഭാഗം. ഇതിന്റെ ചലനങ്ങളെക്കുറിച്ച് നമുക്ക് വിവരം ലഭിക്കുന്നത് ഭൂചലനം, അഗ്നിപർവത സ്ഫോടനം, പൊട്ടിത്തെറികൾ ഇവയൊക്കെ കൊണ്ടുണ്ടാകുന്ന സീസ്‌മിക് ചലനങ്ങൾ വഴിയാണ്.

ഭൂമിയുടെ പ്രധാനഭാഗമായ ഈ അകക്കാമ്പ് കുറ‌ച്ച് വർഷങ്ങളായി അൽപം പിന്നിലേക്ക് സഞ്ചരിച്ചു അഥവാ തെന്നിനീങ്ങി എന്ന വാർത്തയാണ് ഗവേഷകർ അടുത്തിടെ പുറത്തുവിട്ടത്. മുൻപ് മാന്റിൽ എന്ന ഭാഗത്തെക്കാൾ അൽപം മുന്നിലായി സഞ്ചരിക്കുന്നു എന്ന് കണക്കാക്കിയിരുന്ന അകക്കാമ്പ് ഇപ്പോൾ അൽപം പിന്നിലേക്ക് പോയി എന്നാണ് നിരീക്ഷണത്തിൽ മനസിലാകുന്നത്. നേച്ചർ എന്ന പ്രസിദ്ധീകരണത്തിൽ ഭൂഭൗതികശാസ്‌ത്രജ്ഞൻ വെയ്‌ വാംഗ് ആണ് ഇക്കാര്യം സ്ഥാപിച്ചിരിക്കുന്നത്. ഇത്തരമൊരു കണ്ടെത്തലിന് കാരണം ഭൂമിയുടെ ആ മേഖലയിലുണ്ടായ തുടർച്ചയായ ചലനങ്ങളാണ്.

മൂന്ന് പതിറ്റാണ്ട് നീണ്ട പഠനം

സൗത്ത് സാന്റ്‌‌വിച്ച് ദ്വീപുകളിലെ 1991 മുതൽ 2023 വരെയുള്ള നീണ്ട കാലത്തെ 121 ഭൂചലനങ്ങളെ വാംഗും സംഘവും പഠിച്ചാണ് ഇത്തരത്തിലൊരു നിരീക്ഷണത്തിലെത്തിയത്. ഇവയുടെ തുടർചലനങ്ങളും സംഘം പഠന വിധേയമാക്കി. PKIKP തരംഗങ്ങൾ എന്ന അകക്കാമ്പിലെ പ്രത്യേക തരംഗങ്ങളെ സംഘം നിരീക്ഷിച്ചു. 1971നും 1974നുമിടയിൽ സോവിയറ്റ് ആണവ പരീക്ഷണങ്ങളുടെ കോർ പെനെറ്റിക് ഷോക് തരംഗങ്ങളും അവർ പഠിച്ചു.

earth
ഭൂമി

ആദ്യം വേഗം സഞ്ചരിച്ചു പിന്നെ പിറകിലായി

2003 മുതൽ 2008 വരെ പഠനത്തിൽ അകക്കാമ്പ്, മാന്റിലിനെക്കാൾ അൽപം വേഗത്തിൽ സഞ്ചരിക്കുന്നു എന്ന് മനസിലാക്കി. പക്ഷെ 2008 മുതൽ 2023 വരെ ഇതിന്റെ ചലനം മുൻപത്തേതിൽ രണ്ട്മുതൽ മൂന്ന് മടങ്ങുവരെ വേഗം കുറഞ്ഞുപോയി. രണ്ട് പേർ ഓട്ടമത്സരത്തിൽ പങ്കെടുക്കുമ്പോൾ ആദ്യം മുന്നിൽ വന്നിരുന്നയാൾ പിന്നീട് മെല്ലെ പിറകിലാകും പോലെയാണിത്.

ദിവസത്തിന്റെ ദൈർഘ്യം ഒരിത്തിരി കുറയും

1936ൽ ഇൻഗെ ലെമാൻ എന്ന ഡാനിഷ് സീസ‌്മോളജിസ്റ്റ് ആണ് അകക്കാമ്പിനെ കണ്ടെത്തിയത്. 400 മൈൽ വലിപ്പമുള്ള ഭാഗമാണ് അകക്കാമ്പ് എന്ന് കണ്ടെത്തിയത് അടുത്തിടെയാണ്. അകക്കാമ്പ് പിന്നിലേക്ക് പോകുന്നത് ഭൂമിയിലെ ദിവസത്തിന്റെ ദൈർഘ്യം ഒരൽപം കുറയ്‌ക്കും എന്ന് ഗവേഷകർ സ്ഥിരീകരിച്ചത് 2023ലാണ്. സെക്കന്റിന്റെ ആയിരത്തിലൊന്ന് സമയമാണ് ഇങ്ങനെ കുറയുക. കഴിഞ്ഞ പതിനഞ്ച് വർഷങ്ങൾക്കിടെയാണ് ഭൂമിയുടെ അകക്കാമ്പ് ദിശമാറി അൽപം പിന്നിലേക്ക് നീങ്ങിത്തുടങ്ങിയെന്ന് ഗവേഷകർ പറയുന്നത്.

70 വർഷം കൂടുംതോറും അകക്കാമ്പിന് ഭൂമിയുടെ മറ്റ് പാളികളെ അപേക്ഷിച്ച് കറങ്ങുന്ന ദിശ മാറുന്ന പതിവുണ്ടെന്നാണ് കണ്ടെത്തൽ. 1970കളുടെ തുടക്കത്തിൽ അകക്കാമ്പ് ഇത്തരത്തിൽ ദിശമാറിയിരുന്നു. 2009ൽ അകക്കാമ്പിന്റെ കറക്കം മറ്റ് പാളികളെവച്ച് നോക്കുമ്പോൾ നിന്നുപോയിരുന്നു. പിന്നീട് വിപരീതദിശയിൽ കറങ്ങിതുടങ്ങി. ഇത് ദിവസത്തിന്റെ ദൈർഘ്യത്തെ നേരിയ തോതിൽ കുറക്കുകയും ചെയ്‌തു.

English Summary

Earth’s inner core has been found to have slightly shifted backward relative to the mantle over the past few years, according to recent research. Scientists had previously believed that the inner core was moving slightly faster than the mantle, but observations now suggest that it has undergone a small backward movement. The finding was reported in Nature by geophysicist Wei Wang.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EARTH, MANTLE, CORE, ROTATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360