മനുഷ്യരെ പ്രാണികൾ കടിക്കുന്നത് വളരെ സ്വാഭാവികമായ കാര്യമാണ്. കടിയേൽക്കുന്ന ഭാഗങ്ങളിൽ ചൊറിയാൻ തോന്നുന്നതും സ്വാഭാവികമാണ്. ചൊറിഞ്ഞ് കഴിയുമ്പോൾ ആദ്യമൊരു ആശ്വാസം തോന്നുമെങ്കിലും പിന്നീടത് വലിയൊരു മുറിവായി മാറുന്നു. ഇവിടെ വീണ്ടും നീരും ചൊറിച്ചിലും വരാനുള്ള സാദ്ധ്യതയും കൂടുതലാണ്. എന്നാൽ, ഇത്തരത്തിൽ പ്രാണികൾ കടിക്കുമ്പോൾ ചൊറിയരുതെന്ന് മുത്തശിമാർ പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ. ഇങ്ങനെ പറയുന്നതിന് പിന്നിൽ ചില കാരണങ്ങളുണ്ട്.
ചൊറിയുന്നത് മുറിവ് വരാനും പ്രശ്‌നം ഗുരുതരമാകാനും കാരണമാകുന്നു. മാത്രമല്ല, ചൊറിയുന്നത് ചർമത്തിന് ദോഷമാണെന്ന് പണ്ടുമുതലേ ഡോക്‌ടർമാരും പറയാറുള്ളതാണ്. അടുത്തിടെയാണ് ഗവേഷകർ ഇതേക്കുറിച്ചൊരു വിശദമായ പരീക്ഷണം നടത്തിയത്. പ്രാണി കടിക്കുമ്പോൾ ചൊറിയുന്നവരിലും ചൊറിയാതിരിക്കുന്നവരിലും സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചായിരുന്നു പരീക്ഷണം.
എലികളിലാണ് പരീക്ഷണം നടത്തിയത്. ചൊറിയുന്നത് എന്തുകൊണ്ട് ആദ്യമൊരു ആശ്വാസം നൽകുന്നുവെന്നും ഇവർ കണ്ടെത്തി. മനുഷ്യന് മാത്രമല്ല, മറ്റ് സസ്‌തനികൾക്കും മത്സ്യങ്ങൾക്കും ചൊറിയുന്നതുകൊണ്ട് ശരീരത്തിൽ മുറിവുകൾ വരാറുണ്ട്. ഇതിന് പിന്നിൽ പരിണാമപരമായ എന്തെങ്കിലും കാര്യമുണ്ടോയെന്നും ഗവേഷകരിൽ സംശയം ഉയരുന്നുണ്ട്. എന്നിരുന്നാലും ഈ ചൊറിച്ചിൽ എന്തുകൊണ്ട് വരുന്നു എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
ചർമത്തിന്റെ രോഗപ്രതിരോധശേഷിയെക്കുറിച്ച് പിറ്റ്‌സ്‌ബർഗ് സർവകലാശാലയിലെ ഡെർമറ്റോളജിസ്റ്റായ ഡോ. ഡാനിയേൽ കപ്ലാൻ പഠനം നടത്തിയിട്ടുണ്ട്. ആഭരണങ്ങളിലെ നിക്കൽ പോലുള്ള വസ്‌തുക്കൾ കാരണമുണ്ടാകുന്ന അലർജിക്ക് കോൺടാക്‌റ്റ് ഡെർമറ്റൈറ്റിസ് എന്ന ചൊറിച്ചിലിനെക്കുറിച്ചായിരുന്നു പഠനം. കപ്ലാന്റെ സംഘത്തിലുള്ളവർ എലികളുടെ ചെവിയിൽ ചെറിയൊരു മുറിവുണ്ടാക്കി. സംവേദനക്ഷമതയുള്ള എലികൾക്ക് ചൊറിച്ചിൽ അനുഭവപ്പെട്ടു.
പക്ഷേ അവയ്‌ക്ക് ചൊറിയാൻ കഴിയാത്തതിനാൽ മുറിവുകൾ കൂടുതൽ വഷളായില്ല. ചെറിയ മുറിവ് വളരെ പെട്ടെന്ന് തന്നെ മാറുകയും ചെയ്‌തു. ഇതുപോലെ, കൊതുക് കടിക്കുമ്പോൾ മനുഷ്യർ ചൊറിയാതെയിരുന്നാൽ അത് അഞ്ചോ പത്തോ മിനിട്ടിനുള്ളിൽ മാറും. പക്ഷേ, അത് ചൊറിയുകയാണെങ്കിൽ ഒരാഴ്‌ചയോളം മുറിവും മറ്റ് പ്രശ്‌നങ്ങളുമുണ്ടാകും. വീണ്ടും ചൊറിയാനും സാദ്ധ്യതയുണ്ട്.
ചർമത്തിൽ എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നതെന്നറിയാനായി രോഗപ്രതിരോധ സംവിധാനത്തിൽ പ്രധാന പങ്ക് വഹിക്കുന്ന മാസ്റ്റ് സെല്ലുകളെക്കുറിച്ച് കപ്ലാൻ ആഴത്തിൽ പരിശോധിച്ചു. പ്രാണികൾ കടിക്കുമ്പോൾ ഈ സെല്ലുകൾ വിഷവസ്‌തുക്കളെ ചെറുക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ പുറത്തുവിടുന്നു. ഈ സിഗ്‌നലുകൾ തലച്ചോറിലെത്തുന്ന സമയത്താണ് നമുക്ക് ചൊറിച്ചിൽ അനുഭവപ്പെടുന്നത്.
ചൂടുള്ള അടുപ്പിൽ തൊട്ടാൽ പൊള്ളുമെന്ന് നമുക്കറിയാം. ഒരുതവണ പൊള്ളുമ്പോഴാണ് അത് ആവർത്തിക്കരുതെന്ന് നാം പഠിക്കുന്നത്. അതിനാൽ, വിഷമുള്ള ജീവികൾ കടിക്കുന്നത് ആപത്താണെന്ന് നമുക്ക് മനസിലാക്കിത്തരാൻ ശരീരം തന്നെ നൽകുന്ന ഒരു സൂചന കൂടിയാണ് ചൊറിച്ചിൽ. എന്നിരുന്നാൽക്കൂടി ചൊറിയുന്നത് മനുഷ്യർക്ക് ദോഷമാണ്. അതിനാൽ, ഇങ്ങനെ ചെയ്യുന്നത് ഒഴിവാക്കണമെന്ന് കപ്ലാൻ പറഞ്ഞു.
ആന്റിഹിസ്റ്റാമിൻ മരുന്നുകൾ പുരട്ടുന്നത് ചൊറിച്ചിൽ മാറാൻ സഹായിക്കും. കപ്ലാന്റെ സംഘം ഇതിനായുള്ള മരുന്നുകൾ പരീക്ഷിച്ചുരൊണ്ടിരിക്കുകയാണ്. ഈ പരീക്ഷണം ക്രോണിക് എക്‌സിമ പോലുള്ള ചർമരോഗങ്ങൾക്ക് മരുന്ന് കണ്ടെത്താൻ സഹായിക്കുമെന്നും കപ്ലാൻ പ്രതീക്ഷിക്കുന്നുണ്ട്. പ്രാണികളുടെ കടിയേൽക്കുമ്പോഴും ചൂട് കാരണം ചൊറിച്ചിൽ വരുമ്പോഴും ചർമ്മരോഗ വിദഗ്ദ്ധർ ഹൈഡ്രോകോർട്ടിസോൺ ക്രീം, കലാമൈൻ ലോഷൻ എന്നിവ നിർദേശിക്കാറുണ്ട്. കൂടാതെ പയറുപൊടി, ഓട്‌സ് പൊടി എന്നിവ സോപ്പിന് പകരം പുരട്ടി കുളിക്കുന്നതും നല്ലതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |