
വിവാഹത്തിന് പിന്നാലെയുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ വരനും പൈലറ്റും മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് അറ്റ്‌ലാന്റയിലെ മലയാളികൾ. വെള്ളിയാഴ്ച രാത്രി 10.30ന് ആയിരുന്നു നടുക്കിയ സംഭവം. മോശം കാലാവസ്ഥയെ തുടർന്ന് ദമ്പതികൾ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീഴുകയായിരുന്നു. മുവാറ്റുപുഴ കടുവാക്കുഴി ഫിജിയുടെയും ഫേബയുടെയും മകൻ ഡേവ് ഫിജിയാണ് മരിച്ചത്.
ഡെൽറ്റ എയർലൈൻസിൽ പൈലറ്റായി ജോലി ചെയ്യുന്ന ഡേവും നഴ്സായ ജെസ്നിയും കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് വിവാഹിതരായത്. ശേഷമുള്ള യാത്രയ്ക്ക് തിരഞ്ഞെടുത്തത് റോബിൻസൺ ആർ66 എന്ന ഹെലികോപ്റ്ററായിരുന്നു. ജോർജിയയിലെ ചാംബ്ലിയിലുള്ള ഡെകാൽബ്പീച്ച്ട്രീ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ഹെലികോപ്റ്റർ പിന്നീട് ആ ലക്ഷ്യസ്ഥാനത്ത് എത്തിയില്ല. വിവാഹവേദിയായ ഡോസൺ വില്ലയ്ക്ക് സമീപമാണ് ഹെലികോപ്റ്റർ തകർന്നുവീണത്.
ഗുരുതരമായി പരിക്കേറ്റ ജെസ്നി മെട്രോ അറ്റ്‌ലാന്റ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ കൊല്ലപ്പെട്ട പൈലറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. പൈലറ്റും അപകടത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
ഹെലികോപ്റ്ററിന് എന്താണ് സംഭവിച്ചത്?
വിവാഹ വേദിയിൽ നിന്ന് അകലെയല്ലാത്ത ഒരു കനത്ത വനപ്രദേശത്താണ് ഹെലികോപ്റ്റർ തകർന്നുവീണത്. അറ്റ്‌ലാന്റ നഗരത്തിന്റെ ഉടമസ്ഥതയിലുള്ളതും വന്യജീവി മാനേജ്‌മെന്റ് മേഖലയായി സംസ്ഥാനത്തിന്റെ മേൽനോട്ടത്തിലുള്ളതുമായ 10,000 ഏക്കർ സ്ഥലത്താണ് ഹെലികോപ്റ്റർ തകർന്നുവീണതെന്ന് പ്രദേശവാസികൾ അറ്റ്ലാന്റ ന്യൂസ് ഫസ്റ്റിനോട് പറഞ്ഞു. തകർന്ന ഹെലികോപ്റ്റർ കണ്ടെത്താൻ കുറച്ചധികം സമയമെടുത്തെന്ന് ഡേവ് ഫിജിയുടെ പിതാവ് ജോർജ് ഫിജി പറഞ്ഞു. ആറ് മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് ജെസ്നിയെ കണ്ടെത്തിയത്.
'മകൻ ഡേവ് അവളുടെ മേൽ കിടക്കുന്നത് കണ്ടതായി ജെസ്നി പറഞ്ഞിരുന്നു. മകന്റെ ശരീരത്തിൽ രക്തം കണ്ടു, അപ്പോഴേക്കും അവന്റെ ശരീരം പൂർണ്ണമായും തണുത്തിരുന്നു. അവൾ ഒരു നഴ്സാണ്, അതുകൊണ്ട് അവൻ പോയെന്ന് അവൾക്കറിയാമായിരുന്നു'- പിതാവ് പറഞ്ഞു.
അറ്റ്ലാന്റയിൽ താമസിക്കുന്ന ഡേവ് ഡെൽറ്റ എയർലൈൻസിലെ പൈലറ്റാണ്. മൂവാറ്റുപുഴയിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് യുഎസിലേക്ക് കുടിയേറിയ ജോർജ് ഫിജി- ഫേബ ഫിജി ദമ്പതികളുടെ മകനാണ് ഡേവ്. പത്താം വയസ് മുതൽ മുതൽ പറക്കണമെന്ന് സ്വപ്നം ഡേവിനുണ്ടായിരുന്നെന്ന് പിതാവ് പറയുന്നു. പിന്നീട് ഡെൽറ്റ എയർ ലൈൻസിൽ ഫസ്റ്റ് ഓഫീസറായി ജോലിയിൽ പ്രവേശിച്ചു.
400ഓളം അതിഥികൾ പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ഒരു പള്ളിയിൽ വച്ചാണ് ഡേവും ജെസ്നിയും ആദ്യമായി കണ്ടുമുട്ടിയത്. നീണ്ട കാലത്തെ സൗഹൃദത്തിന് ശേഷമായിരുന്നു വിവാഹം. വെള്ളിയാഴ്ച രാത്രി ഹെലികോപ്റ്റർ പുറപ്പെടുന്നതിന് മുമ്പ് മഴയുണ്ടായിരുന്നു. ആ സമയത്തെ കാലാവസ്ഥയെക്കുറിച്ചുള്ള ആശങ്ക പൈലറ്റായ മകൻ പങ്കുവച്ചിരുന്നെന്ന് ജോർജ് പറയുന്നു.
എന്റെ മകൻ ഒരു പൈലറ്റാണ്. ടേക്കോഫിന് മുമ്പ് മകൻ പൈലറ്റിനോട് സംസാരിച്ചിരുന്നു, വിസിബിലിറ്റി പൂജ്യം ആണെന്നും ഇങ്ങനെയുള്ള സമയങ്ങളിൽ ഞങ്ങൾ ഒരിക്കലും ടേക്കോഫ് നടത്താറില്ലെന്നാണ് മകൻ പറഞ്ഞത്. എന്നാൽ ഉയരത്തിൽ പറക്കാമെന്ന് പൈലറ്റ് പറഞ്ഞതായി ജെസ്നി പിന്നീട് ജോർജിനോട് വെളിപ്പെടുത്തി.
'ദൈവമില്ലായിരുന്നെങ്കിൽ ഒരുപാട് ചോദ്യങ്ങളുണ്ടാകുമായിരുന്നു. ദൈവം ഞങ്ങൾക്ക് ഒരു പൂർണമായ വിവാഹം നടത്തി നൽകി, ഏതാനും മണിക്കൂറുകൾക്കുള്ളിൽ എല്ലാം ദുരന്തമായി മാറി. നമുക്ക് ഉത്തരങ്ങളും സമാധാനവും കണ്ടെത്താൻ കഴിയുന്ന ഒരേയൊരു സ്ഥലം ദൈവത്തിലാണ്'- ജോർജ് പറഞ്ഞു.
നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്ബി) അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹെലികോപ്റ്റർ തകർന്നതിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |