ലോകമെമ്പാടുമുള്ള ജനങ്ങളെ പരിഭ്രാന്തിയിലാഴ്‌ത്തിയ രോഗമാണ് കൊവിഡ് 19. അതുവരെ സ്വാതന്ത്ര്യം ആഘോഷിച്ചിരുന്ന ഓരോരുത്തർക്കും ഈ രോഗം വ്യാപിച്ചതോടെ മുറിക്കുള്ളിൽ ഒതുങ്ങിക്കൂടേണ്ടിവന്നു. പലരിലും മാനസിക സമ്മർദം വർദ്ധിക്കാനും ആരോഗ്യം നഷ്‌ടപ്പെടാനും പോലും കൊവിഡ് 19 കാരണമായി. പിന്നീട് വാക്‌സിൽ സ്വീകരിച്ചതോടെയാണ് ലോക്‌ഡൗണിനോടും മാസ്‌കിനോടുമെല്ലാം ക്രമേണ ജനങ്ങൾ വിടപറഞ്ഞുതുടങ്ങിയത്. പതിയെ ലോകം ഈ മഹാമാരിയെ മറന്നുതുടങ്ങുന്നതിനിടെയാണ് വീണ്ടും കൊവിഡ് ബാധിച്ച് ഇന്ത്യയിൽ രണ്ടുപേർ മരണപ്പെടുന്നത്.
ആന്ധ്രാപ്രദേശിലാണ് രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തത്. രോഗം ബാധിച്ച് എട്ടുപേർ ചികിത്സയിലായതോടെ വീണ്ടും ആശങ്ക വർദ്ധിച്ചിരിക്കുകയാണ്. കൊവിഡ് പോസിറ്റീവായവരെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പ്രത്യേക ശ്രദ്ധയോടെ നിരീക്ഷിക്കുകയാണ്. ആന്ധ്രയയിൽ മരണം റിപ്പോർട്ട് ചെയ്‌തതോടെ അയൽസംസ്ഥാനമായ ഒഡീഷയിലും കർശന നിരീക്ഷണവും സുരക്ഷാ പരിശോധനയും വർദ്ധിപ്പിച്ചിട്ടുണ്ട്.
60 വയസുകാരനാണ് ആന്ധ്രയിൽ കൊവിഡ് ബാധിച്ച് മരിച്ചതിൽ ഒരാൾ. ഇദ്ദേഹത്തെ ആദ്യം തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചെങ്കിലും രോഗംകുറഞ്ഞിരുന്നില്ല. തുടർന്ന് അയൽസംസ്ഥാനമായ തമിഴ്‌നാട്ടിലെ വെല്ലൂരിലുള്ള ക്രിസ്‌ത്യൻ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രമേഹം, വൃക്കരോഗം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഇദ്ദേഹത്തിനുണ്ടായിരുന്നു. ചികിത്സയ്‌ക്കിടെ ജൂൺ 28ന് മരണപ്പെട്ടു, തുടർന്ന് പോസ്റ്റ്‌മോർട്ടം ആർടി - പിസിആർ പരിശോധനയിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.
മരിച്ച രണ്ടാമത്തെയാൾക്ക് 46 വയസായിരുന്നു. ആന്ധ്രാപ്രദേശിലെ കടപ്പയിലെ സർക്കാർ ജനറൽ ആശുപത്രിയിലാണ് ഇദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്. രോഗിക്ക് കടുത്ത ശ്വാസതടസവും ചുമയും ഉണ്ടായിരുന്നു. ശ്വാസകോശ തകരാറും ന്യുമോണിയയും മൂലമാണ് ഇദ്ദേഹം മരണപ്പെട്ടത്. സിടി സ്‌കാനിലാണ് ഇദ്ദേഹത്തിന്റെ ശ്വാസകോശത്തിൽ കൊവിഡ് 19 ബാധിക്കുന്നവരുടേത് പോലുള്ള ക്ഷതം കണ്ടെത്തിയത്.
വീണ്ടും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഒമിക്രോൺ ഉപ വകഭേദം കാരണമായിരിക്കാമെന്ന ആശങ്കയിലാണ് ആരോഗ്യ വിദഗ്ദ്ധർ. മുമ്പത്തെ അപേക്ഷിച്ച് ഇപ്പോൾ കൊവിഡ് ബാധിക്കുന്ന രോഗികളിൽ ശ്വാസകോശവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ വളരെ വേഗം കൂടുന്നതായാണ് കടപ്പ ജില്ലാ മെഡിക്കൽ ഓഫീസുമായി ബന്ധപ്പെട്ട ഒരു ഡോക്‌ടർ പറയുന്നത്.
പുതിയ വകഭേദം വേഗത്തിൽ പടരുമെന്നാണ് റിപ്പോർട്ട്. ഈ പുതിയ വകഭേദത്തെക്കുറിച്ച് ആരോഗ്യ വിദഗ്ദ്ധർ ആശങ്കയിലാണ്. എന്നാൽ, കൊവിഡിനെ പ്രതിരോധിക്കാനുള്ള ശേഷി ജനങ്ങളിൽ കൂടിയതിനാൽ മുമ്പത്തെ അപേക്ഷിച്ച് രോഗം ബാധിക്കാനുള്ള സാദ്ധ്യത കുറവാണെന്നാണ് ചില ഡോക്‌ടർമാർ പറയുന്നത്. എന്നിരുന്നാലും ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണ്.
കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ പുതിയ കൊവിഡ് കേസുകളൊന്നും ആന്ധ്രയിൽ റിപ്പോർട്ട് ചെയ്‌തിട്ടില്ല. അതിനാൽ, ഇപ്പോഴുണ്ടായത് അപൂർവമായ സംഭവമായി കണക്കാക്കാമെന്നാണ് സംസ്ഥാന ആരോഗ്യ സെക്രട്ടറി എസ് സുരേഷ് കുമാർ അഭിപ്രായപ്പെടുന്നത്. പുതിയ വകഭേദത്തെക്കുറിച്ചുള്ള സാദ്ധ്യതകൾ അഞ്ച് വിദഗ്ദ്ധ ഡോക്‌ടർമാർ ഉൾപ്പെടുന്ന ഒരു കമ്മിറ്റി തള്ളിയെന്നും സുരേഷ് കുമാർ കൂട്ടിച്ചേർത്തു.
രണ്ട് മരണങ്ങളും കുറച്ച് പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ ആന്ധ്രാപ്രദേശ് ആരോഗ്യവകുപ്പ് രോഗികളുടെ സമ്പർക്കത്തിലുള്ളവരെ കണ്ടെത്താനുള്ള നടപടികൾ ശക്തമാക്കിയിട്ടുണ്ട്. നിലവിൽ ചികിത്സയിൽ കഴിയുന്നതിൽ മൂന്നുപേർ രോഗിയുമായി നേരിട്ട് സമ്പർക്കമുള്ളവരായിരുന്നു. മറ്റുള്ളവർക്ക് എവിടെനിന്നാണ് രോഗം ഉണ്ടായതെന്ന് പരിശോധിക്കുമെന്ന് എസ് സുരേഷ് കുമാർ പറഞ്ഞു. ഇത് സാധാരണ സംഭവമാണെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുമ്പത്തെ അപേക്ഷിച്ച് രോഗവ്യാപനത്തിന്റെ തോതും കുറഞ്ഞതായി അദ്ദേഹം പറഞ്ഞു.
Andhra Pradesh reported two COVID-19 deaths and eight active cases, prompting heightened surveillance. Both deceased individuals had severe health complications. Health officials are monitoring patients and tracing contacts, while neighboring Odisha has also increased vigilance. State authorities confirm no new cases in the past six days, with an expert committee dismissing concerns of a new variant.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |