SignIn
Kerala Kaumudi Online
Tuesday, 13 October 2026 5.09 PM IST

മാതാപിതാക്കൾ കടുത്ത മോദീഭക്തർ; തെരുവിൽ സമരാഗ്നിയായി നേഹ ബോറ, ആരാണ് ഐസയുടെ അമരത്തുള്ള ഈ പെൺകുട്ടി?​

neha-bora
ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) ദേശീയ അദ്ധ്യക്ഷ നേഹ ബോറ

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനം സമരാഗ്നിയിൽ ജ്വലിക്കുമ്പോൾ ഇന്റർനെറ്റിൽ ജനം തിരയുന്നത് മറ്റൊരാളെയാണ്. പ്രതിഷേധങ്ങൾക്കിടെ ശ്രദ്ധാ കേന്ദ്രമായി മാറിയ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) ദേശീയ അദ്ധ്യക്ഷ നേഹ ബോറയെ കുറിച്ചാണ് ആളുകൾ അന്വേഷിക്കുന്നത്. കണ്ണുകളിൽ പ്രതിഷേധത്തിര ഇരമ്പുന്ന 29കാരി നേഹ ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) ഗവേഷക വിദ്യാർത്ഥിനിയാണ്. പരീക്ഷാ ക്രമക്കേടുകൾക്കെതിരായ സമരങ്ങളിലും ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിഷേധങ്ങളിലും സജീവ സാന്നിദ്ധ്യമാണ് ഈ യുവ ശബ്ദം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഡൽഹി പൊലീസ് പലതവണ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരിൽ നേഹയും ഉൾപ്പെടുന്നു.

ഉത്തരാഖണ്ഡിൽനിന്ന് ജെഎൻയുവിലേക്ക്

ഉത്തരാഖണ്ഡ് സ്വദേശിനിയായ നേഹ ഡൽഹി സർവകലാശാലയിൽനിന്നാണ് ബിരുദം നേടിയത്. തുടർന്ന് അംബേദ്കർ സർവകലാശാല ഡൽഹിയിൽനിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. പിന്നീട് ജെഎൻയുവിലെ സ്കൂൾ ഓഫ് ആർട്സ് ആൻഡ് ഏസ്തറ്റിക്സിൽ ഗവേഷണം ആരംഭിച്ചു. ക്യാമ്പസ് രാഷ്ട്രീയത്തിൽ നേരത്തേ തന്നെ സജീവമായിരുന്നു നേഹ. വിദ്യാർഥി സംഘടനയായ ഐസയുടെ അമരക്കാരിയായതും ഈ വഴി തന്നെയാണ്.

തന്റെ രാഷ്ട്രീയ നിലപാടുകൾ കുടുംബത്തിന്റെ കാഴ്ചപ്പാടുകളിൽനിന്ന് വ്യത്യസ്തമാണെന്ന് നേഹ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. കുടുംബം കടുത്ത ബിജെപി അനുഭാവികളാണെന്നും രാഷ്ട്രീയ വിഷയങ്ങളിൽ വീട്ടിൽ വലിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അവർ വ്യക്തമാക്കിയിരുന്നു.

ഐസയുടെ അമരത്തേക്ക് എത്തിയത് എങ്ങനെ?

നാടകപ്രവർത്തനത്തിലൂടെയാണ് നേഹയുടെ രാഷ്ട്രീയ പ്രവേശനം ആരംഭിച്ചത്. 2019, 2020 വർഷങ്ങളിൽ പൗരത്വ നിയമത്തിനെതിരേ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങളിൽ നേഹ പങ്കെടുത്തിരുന്നു. ഐസയിൽ അംഗത്വമെടുത്തതിന് ശേഷം ശക്തമായ നിലപാടുകളിലൂടെയും കടുത്ത അഭിപ്രായ പ്രകടനങ്ങളിലൂടെയും നേഹ ശ്രദ്ധേയായി. തുടർന്ന് സംഘടനയുടെ ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാർത്ഥി പ്രതിഷേധങ്ങളിലും വിദ്യാഭ്യാസം ഉൾപ്പെടെയുള്ള പൊതുവിഷയങ്ങളിലെ ചർച്ചകളിലും സജീവമായതോടെ നേഹയുടെ പൊതുസ്വാധീനം വർദ്ധിച്ചു.

പൊതുവേ ശാന്ത സ്വഭാവക്കാരിയായ നേഹ മൈക്കിന് മുന്നിലെത്തുമ്പോൾ നിലപാടുകൾ ഉറക്കെ വിളിച്ചു പറഞ്ഞു. ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള പ്രസംഗങ്ങളിലൂടെ ഭരണഘടനാപരമായ അവകാശങ്ങൾ ഉയർത്തിക്കാട്ടുന്നതിലും നേഹ തിളങ്ങി.

neha-bora
നേഹ ബോറ

23 ദിവസത്തെ നിരാഹാര സമരം

പരീക്ഷാ ക്രമക്കേടുകൾക്കെതിരായ വിദ്യാർത്ഥി പ്രക്ഷോഭങ്ങളിലും നേഹ ശ്രദ്ധേയമായ പങ്കുവഹിച്ചു. വിദ്യാഭ്യാസ പരിഷ്കരണ പ്രവർത്തകൻ സോനം വാങ്‌ചുക്കിനൊപ്പം ഡൽഹിയിലെ ജന്തർ മന്ദറിൽ നടന്ന അനിശ്ചിതകാല നിരാഹാര സമരത്തിലും നേഹ പങ്കെടുത്തിട്ടുണ്ട്. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി)​ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ ഭാഗമായിരുന്നു ഈ സമരം. സമരത്തിനിടെ തനിക്കുനരെ മഷിയേറുണ്ടായിട്ടും പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടാണ് നേഹ സ്വീകരിച്ചത്. ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ, ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ തുടങ്ങിയ പരീക്ഷാക്രമക്കേടുകൾക്കെതിരായ സമരങ്ങളിലും നേഹ സജീവമായിരുന്നു.

തുടർച്ചയായ പൊലീസ് കസ്റ്റഡി

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പലതവണയാണ് നേഹയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ജന്തർ മന്ദറിനെ സമരവേദിയിൽ നിന്ന് ഒഴിവാക്കിയതിനെതിരെയും ശക്തമായ നിലപാടാണ് നേഹ സ്വീകരിച്ചത്. പ്രതിഷേധങ്ങൾക്കുമേൽ നിയന്ത്രണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലും സമരം തുടരാനുള്ള നിലപാടിലാണ് നേഹയും മറ്റ് വിദ്യാർത്ഥി സംഘടനകളും. രാജ്യതലസ്ഥാനത്ത് പ്രതിഷേധത്തിര ആഞ്ഞടിക്കുമ്പോൾ നേഹ ആരാണെന്നും അവരുടെ കുടുംബം,​ സ്വദേശം,​ വിദ്യാഭ്യാസം തുടങ്ങി നിരവധി കാര്യങ്ങളാണ് ഇന്റർനെറ്റിൽ ജനങ്ങൾ തിരയുന്നത്.

English Summary

Neha Bora, National President of the All India Students' Association (AISA) and a JNU research scholar, has gained public attention amidst ongoing protests in Delhi. The 29-year-old is recognized for her active involvement in demonstrations against exam irregularities and various political issues, having been repeatedly detained by police. She is highlighted as a prominent student voice advocating for constitutional rights.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEHA BORA, AISA PRESIDENT, NEHA BORA PROTEST, STUDENT LEADER NEHA BORA, ANTI CEC PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360