SignIn
Kerala Kaumudi Online
Tuesday, 13 October 2026 8.56 AM IST

ഊർജ്ജ വെടിനിറുത്തൽ: ട്രംപിനെ തള്ളി റഷ്യ

d

കീവ്: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഹ്വാനം ചെയ്ത യുക്രെയിനിലെ ഊർജ്ജ വെടിനിറുത്തൽ തള്ളി റഷ്യ. ഞായറാഴ്ച ട്രംപിന്റെ പ്രഖ്യാപനമുണ്ടായ പിന്നാലെ രാജ്യത്തെ ആറ് ഊർജ്ജ കേന്ദ്രങ്ങളെ റഷ്യ ആക്രമിച്ചെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി ആരോപിച്ചു. പരസ്പരം ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് ഉടൻ നിറുത്താൻ റഷ്യയും യുക്രെയിനും സമ്മതിച്ചെന്നായിരുന്നു ട്രംപിന്റെ വാദം. ട്രംപിന്റെ ഏകപക്ഷീയമായ പ്രഖ്യാപനത്തോട് റഷ്യ പ്രതികരിച്ചിരുന്നില്ല. താത്കാലിക വെടിനിറുത്തലിന് പകരം സ്ഥിര സമാധാനമാണ് റഷ്യ ആഗ്രഹിക്കുന്നതെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വക്താവ് ഡിമിട്രി പെസ്കൊവ് പറഞ്ഞു.

ഇതിനിടെ, റഷ്യയിലെ എണ്ണ റിഫൈനറികൾക്ക് നേരെയുള്ള ഡ്രോൺ ആക്രമണങ്ങൾ നിറുത്താൻ യുക്രെയിന് മേൽ യു.എസ് സമ്മർദ്ദം ശക്തമാക്കി. ആക്രമണങ്ങൾ നിറുത്തിയില്ലെങ്കിൽ ഇന്റലിജൻസ് വിവരങ്ങൾ പങ്കുവയ്ക്കുന്നത് നിറുത്തുമെന്നും യുക്രെയിന് വേണ്ടി യൂറോപ്യൻ രാജ്യങ്ങൾ അമേരിക്കൻ ആയുധങ്ങൾ വാങ്ങുന്നത് തടയുമെന്നും ട്രംപ് ഭരണകൂടം ഭീഷണി മുഴക്കിയെന്നാണ് റിപ്പോർട്ട്. യുക്രെയിന്റെ ആക്രമണങ്ങൾ ആഗോല ഡീസൽ വില ഉയരാൻ കാരണമായെന്ന് ട്രംപ് കുറ്റപ്പെടുത്തുന്നു. വിലക്കയറ്റം പിടിച്ചുനിറുത്താൻ റഷ്യയിൽ നിന്ന് ഡീസൽ ഇറക്കുമതി ചെയ്യാനും ട്രംപ് തീരുമാനിച്ചിരുന്നു.

# 60 ദിവസം വെടിനിറുത്തൽ ഇല്ല

രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്താൻ 60 ദിവസത്തെ വെടിനിറുത്തൽ അനുവദിക്കണമെന്ന സെലെൻസ്കിയുടെ അഭ്യർത്ഥനയും റഷ്യ തള്ളി. യുക്രെയിനിൽ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ട്രംപ് പ്രതികരിച്ചിരുന്നു. പിന്നാലെയാണ് വെടിനിറുത്തലിന് റഷ്യ തയ്യാറായാൽ തിരഞ്ഞെടുപ്പ് നടത്തുമെന്ന് സെലെൻസ്കി അറിയിച്ചത്. തിരഞ്ഞെടുപ്പിനാണെങ്കിൽ വെറും ഒരു ദിവസത്തെ വെടിനിറുത്തലിന് തയ്യാറാകുമെന്നാണ് റഷ്യയുടെ നിലപാട്. 2024 ലായിരുന്നു യുക്രെയിനിൽ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. യുദ്ധ പശ്ചാത്തലത്തിൽ ഇത് അനിശ്ചിത കാലത്തേക്ക് നീട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360