വാഷിംഗ്‌ടൺ: ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്ന മറിയ ബ്രാൻയാസ് മൊറേറ 117 വയസും 168 ദിവസും ഉണ്ടായിരുന്നപ്പോഴാണ് മരിച്ചത്. അമേരിക്കക്കാരിയായ മറിയയെക്കുറിച്ച് കഴിഞ്ഞവർഷം നടത്തിയ പഠനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. 'സെൽ റിപ്പോർട്ട്സ് മെഡിസിൻ' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച 'ഏറ്റവും തീവ്രമായ ആയുസുള്ള വ്യക്തിയുടെ മൾട്ടിയോമിക്സ് ബ്ലൂപ്രിന്റ്' എന്ന പഠനത്തിന്റെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. താൻ മരിക്കുന്നതിന് മുൻപ് തന്റെ ശരീരത്തെക്കുറിച്ച് പഠനം നടത്തണമെന്ന് മറിയ തന്നെയായിരുന്നു ആവശ്യപ്പെട്ടത്.
മറിയയുടെ ജീനോം, എപ്പിജീനോം, മെറ്റബോളിസം, പ്രോട്ടീനുകൾ, കുടലിലെ സൂക്ഷ്മാണുശേഖരം എന്നിവയെക്കുറിച്ചാണ് അന്താരാഷ്ട്ര ഗവേഷക സംഘം പഠനം നടത്തിയത്. മറിയക്ക് 116 വയസുള്ളപ്പോൾ ഗവേഷകർ അവരിൽ നിന്ന് രക്തം, ഉമിനീർ, മലം എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ചിരുന്നു. അത്രയും ഉയർന്ന പ്രായത്തിലും അവരുടെ ശരീരം എങ്ങനെയാണ് അസാധാരണമായ കരുത്തോടെ നിലനിന്നതെന്ന് മനസിലാക്കുന്നതിനായാണ് പഠനം നടത്തിയത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് പഠന റിപ്പോർട്ടിലുള്ളതെന്ന് ഗവേഷകർ പറയുന്നു.
മറിയയുടെ ശരീരത്തിനുള്ളിൽ രണ്ട് വിധത്തിലുള്ള ഘടനകളായിരുന്നു ഉണ്ടായിരുന്നത്. ചില ഭാഗങ്ങൾക്ക് പ്രായം ചെന്നിരുന്നു, ചില ഭാഗങ്ങൾ വളരെ ചെറുപ്പമായും തോന്നിപ്പിക്കുന്നതായിരുന്നു. ക്രോമസോമുകളുടെ അറ്റത്തുള്ളതും പ്രായത്തിനനുസരിച്ച് സാധാരണയായി നീളം കുറയുന്നതുമായ സംരക്ഷണ ഘടകങ്ങളായ 'ടെലോമിയറുകൾ' വളരെ ചെറുതായിരുന്നു. പ്രതിരോധ സംവിധാനത്തിലും പ്രായവുമായി ബന്ധപ്പെട്ട മാറ്റങ്ങളുടെ ലക്ഷണങ്ങൾ അവരുടെ രക്തത്തിൽ കാണാനായി. എന്നാൽ, ശരീരത്തിലെ മറ്റ് പല ജൈവവ്യവസ്ഥകളും അവരുടെ യഥാർത്ഥ പ്രായത്തെ അപേക്ഷിച്ച് വളരെ ചെറുപ്പവും ആരോഗ്യകരവുമായിരുന്നു. എന്നാൽ എപ്പിജെനറ്റിക്‌സുമായി ബന്ധപ്പെട്ട കണ്ടെത്തലുകളാണ് ഗവേഷകരെ കൂടുതൽ ഞെട്ടിച്ചത്.
ജീനുകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ സഹായിക്കുന്ന രാസമാറ്റങ്ങളുടെ സംവിധാനമാണ് എപ്പിജെനറ്റിക്‌സ്. ജൈവികമായ പ്രായം കണക്കാക്കുന്നതിനുള്ള തന്മാത്രാപരമായ അളവുകോലുകളായ 'എപിജെനെറ്റിക് ക്ലോക്കുകൾ' നിർമ്മിക്കാൻ ശാസ്ത്രജ്ഞർ ഡിഎൻഎ മെഥൈലേഷൻ എന്ന പ്രക്രിയയിലെ പാറ്റേണുകൾ ഉപയോഗിക്കുന്നു. മറിയയുടെ സാമ്പിളുകളിൽ ഗവേഷകർ ഇത്തരം പല ക്ലോക്കുകൾ പ്രയോഗിച്ചപ്പോൾ അവയെല്ലാം അവരുടെ യഥാർത്ഥ പ്രായത്തേക്കാൾ വളരെ കുറഞ്ഞ പ്രായമാണ് ആവർത്തിച്ച് കാണിച്ചത്.
പരിശോധനയുടെയും പരിശോധനയ്ക്ക് വിധേയമാക്കിയ ജൈവവസ്തുക്കളുടെയും അടിസ്ഥാനത്തിൽ ഫലങ്ങളിൽ വ്യത്യാസമുണ്ടായെങ്കിലും ശരാശരി വ്യത്യാസം ഏകദേശം 23 വർഷമാണെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. പ്രായത്തിന്റെ കാര്യത്തിലുള്ള ഈ അന്തരം വളരെ വലുതാണെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.
കൂടാതെ മറിയയുടെ കുടലിലും വ്യത്യാസങ്ങൾ കണ്ടെത്തി. കുടലിലെ ബാക്ടീരിയകളുടെ ഘടന താരതമ്യേന ചെറുപ്പക്കാർക്ക് സമാനമാണെന്നാണ് ഗവേഷകർ കണ്ടെത്തിയത്. കുടലിൽ 'ബൈഫിഡോബാക്ടീരിയം' ഉൾപ്പെടുന്ന 'ആക്റ്റിനോബാക്ടീരിയോറ്റ' വിഭാഗം ബാക്ടീരിയകളുടെ ഉയർന്ന സാന്നിധ്യവും ഉണ്ടായിരുന്നു. ആരോഗ്യകരമായ കുടൽ അന്തരീക്ഷവുമായി ബന്ധപ്പെട്ടവയാണ് ഈ ബാക്ടീരിയകൾ. സാധാരണ പ്രായമാകുന്തോറും ഇവയുടെ അളവ് കുറയുന്നതായാണ് കണ്ടുവരുന്നത്. എന്നാൽ മറിയയുടെ കാര്യത്തിൽ ഇത് മറിച്ചായിരുന്നു. കൊഴുപ്പിനെ കൈകാര്യം ചെയ്യുന്നതിലും അവരുടെ രക്തത്തിന് അസാധാരണമായ കഴിവുണ്ടായിരുന്നു.
അവരുടെ രക്തത്തിൽ ലിപിഡ്, കൊളസ്ട്രോൾ മെറ്റബോളിസം കാര്യക്ഷമമായിരുന്നു. മാത്രമല്ല രക്തത്തിൽ വീക്കം വളരെ കുറവായിരുന്നു. രക്തത്തിലെ ആയിരക്കണക്കിന് പ്രോട്ടീനുകൾ വിശകലനം ചെയ്ത ഗവേഷകർ, കുറഞ്ഞ വീക്കം , കൊഴുപ്പുകൾ കാര്യക്ഷമമായ കൈകാര്യം ചെയ്തിരിക്കുന്നത്, മികച്ച ആന്റിഓക്‌സിഡന്റ്, വിഷവിമുക്തമാക്കൽ പ്രതികരണങ്ങൾ എന്നിവ കണ്ടെത്തി. സാധാരണ പ്രായമാകുന്നവരിൽ വിട്ടുമാറാത്തതും, താഴ്ന്ന നിലവാരമുള്ളതുമായ വീക്കം കണ്ടുവരാറുണ്ട്. ലിപിഡ് മെറ്റബോളിസത്തിലെ പ്രശ്നങ്ങൾ ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും കാരണമാകും. എന്നാൽ ഇത്തരം പ്രശ്നങ്ങളൊന്നും മറിയയിൽ കണ്ടെത്തിയില്ല.
ദീർഘായുസ്, പ്രതിരോധശേഷി, ഹൃദയാരോഗ്യം, മസ്തിഷ്‌കാരോഗ്യം, മൈറ്റോകോൺഡ്രിയയുടെ പ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ട ജനിതക വകഭേദങ്ങളും മറിയയിൽ ഗവേഷകർ കണ്ടെത്തി. നിരവധി ജീനുകളിലെ അപൂർവ്വ വകഭേദങ്ങൾ മറിയയിലുണ്ടായിരുന്നതായി ഗവേഷകർ തിരിച്ചറിഞ്ഞു. ദീർഘായുസുമായും രോഗങ്ങളിൽ നിന്നുള്ള സംരക്ഷണവുമായും ബന്ധപ്പെട്ട വകഭേദങ്ങളുടെ ഒരു സംയോജനവും പഠനം കണ്ടെത്തി. ജനിതകപരമായ അതിജീവനശേഷിയും അനുകൂലമായ ജൈവിക പ്രക്രിയകളും ചേർന്നുള്ള ഒരു അവസ്ഥയായാണ് മറിയയെ 117 വയസുവരെ ജീവിക്കാൻ പ്രാപ്‌തയാക്കിയതെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
ഇതോടൊപ്പം മറിയയുടെ ഭക്ഷണരീതികളും ദീർഘായുസിന് അനുകൂലമായിരുന്നതായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. മറിയ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യുമായിരുന്നില്ല. മെഡിറ്ററേനിയൻ ഭക്ഷണരീതിയാണ് പിന്തുടർന്നിരുന്നത്. പച്ചക്കറികൾ, പഴങ്ങൾ, പയർവർഗങ്ങൾ, ഒലിവ് ഓയിൽ എന്നിവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു. പ്ളെയിൻ യോഗർട്ടും പതിവായി കഴിച്ചിരുന്നു.
Maria Branyas Morera, who died at 117, underwent extensive research into her exceptional longevity. Scientists found that despite very short telomeres and some age-related immune changes, several biological systems appeared much younger. Her low inflammation, efficient metabolism, healthy gut bacteria and longevity-related genetic variants may have contributed to her long life, along with a Mediterranean diet and no smoking or alcohol.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |