SignIn
Kerala Kaumudi Online
Monday, 03 August 2026 4.11 PM IST

ഹസീന ഒളിവുജീവിതം അവസാനിപ്പിക്കുന്ന ദിവസത്തിന് പ്രത്യേകതയുണ്ട്, എന്തുകൊണ്ട് ഓഗസ്റ്റ് 5? രണ്ട് കാരണങ്ങൾ

sheikh-hasina
ഷേഖ് ഹസീന

ജെൻസി പ്രക്ഷോഭത്തെത്തുടർന്ന് ബംഗ്ളാദേശിൽ നിന്ന് പാലായനം ചെയ്ത് ഇന്ത്യയിൽ ഒളിജീവിതം നയിക്കുന്ന മുൻ പ്രധാനമന്ത്രി ഷേഖ് ഹസീന ആദ്യമായി ഡൽഹിയിൽ നടക്കുന്ന പൊതു ചടങ്ങിൽ പങ്കെടുക്കും. ഓഗസ്റ്റ് അഞ്ചിന് വെകിട്ട് ആറിന് സൗത്ത് ഏഷ്യൻ ഫോറിൻ കറസ്‌പോണ്ടന്റ്സ് ക്ലബ് ഡൽഹി മഥുര റോഡിലെ സർ മാർക്ക് ടുള്ളി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഓൺലൈനായാണ് ഹസീന പങ്കെടുക്കുക.

പരിപാടിയിൽ മകൻ സജീബ് വസീദ് ജോയ്, മുൻ ബംഗ്ളാദേശ് മന്ത്രി മൊഹിബുൾ ഹസൻ ചൗധരി നൗഫെൽ, ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസൻ, മുൻ നയതന്ത്രജ്ഞൻ അനിമുൾ ഹോക്ക് പൊളാഷ്, എഴുത്തുകാരൻ അബു ഒബൈദ അരിൻ, അഭിഭാഷകൻ ഷാ മുഹമ്മദ് ബക്തിയാർ എന്നിവരും പങ്കെടുക്കും. 2024ൽ ബംഗ്ളാദേശിൽ നിന്ന് പലായനം ചെയ്ത് ഡൽഹിയിൽ വിമാനമിറങ്ങിയ ശേഷം അജ്ഞാത കേന്ദ്രത്തിൽ കഴിയുന്ന 78കാരിയായ ഹസീന ആദ്യമായാണ് പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. ഹസീന പൊതുവേദിയിൽ പ്രത്യേക്ഷപ്പെടാൻ എന്തുകൊണ്ട് ഓഗസ്റ്റ് അഞ്ച് എന്ന ദിവസം തിരഞ്ഞെടുത്തത്? അന്നത്തെ ദിവസം എന്തായിരിക്കും ഹസീന വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നത്?

അർഹമായ ബഹുമാനത്തോടും അന്തസ്സോടും കൂടിയാണ് ഇന്ത്യയിൽ കഴിയുന്നതെങ്കിലും ജനങ്ങൾക്കായി നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് ഹസീന പറഞ്ഞിരുന്നു. എന്നെ അറസ്റ്റ് ചെയ്ത് ജയിലിലിട്ടേക്കാം. ഒരു പക്ഷേ ഞാൻ കൊല്ലപ്പെട്ടേക്കാം. എന്റെ വിധിയെക്കുറിച്ച് പൂർണ്ണമായി അറിയാം. എന്നാലും, എന്റെ ജനങ്ങളുടെ വിളികേട്ട് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ഹസീന പറഞ്ഞിരുന്നു. വിദ്യാർത്ഥി പ്രക്ഷോഭത്തിൽ 1,400 പേർ കൊല്ലപ്പെട്ടതിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ ബംഗ്ലാദേശ് കോടതി ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഹസീനയെ കൈമാറണമെന്ന് ബംഗ്ളാദേശിലെ ഇടക്കാല സർക്കാർ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ജെൻസി- വിദ്യാർത്ഥി പ്രക്ഷോഭത്തെത്തുടർന്ന് 2024 ഓഗസ്റ്റ് അഞ്ചിനാണ് ഷേഖ് ഹസീന ധാക്കയിൽ നിന്ന് പലായനം ചെയ്തത്. ആഴ്ചകളോളം നീണ്ടുനിന്ന പ്രതിഷേധങ്ങൾക്കൊടുവിൽ, ഹസീനയുടെ കൊട്ടാരകവാടങ്ങൾ രോഷാകുലരായ പ്രതിഷേധക്കാർ ഭേദിച്ചു കടന്നു. ഇതെത്തുടർന്ന് ഹസീന രാജിക്കത്തിൽ ഒപ്പുവയ്ക്കുകയും സൈനിക വിമാനത്തിൽ രാജ്യം വിടുകയുമായിരുന്നു. സഹോദരി ഷേഖ് രെഹാനയോടൊപ്പം പറന്ന ആ വിമാനം നേരെ ലാൻഡ് ചെയ്തത് ത്രിപുരയിലെ അഗർത്തലയിലായിരുന്നു. അവിടെ നിന്ന് ഇന്ത്യൻ എയർ ഫോഴ്സിന്റെ ട്രാൻസ്‌പോർട്ട് വിമാനമായ സി-130ജെയിൽ ഡൽഹിയിലെ ഹിൻഡൻ എയർഫോഴ്സ് സ്‌റ്റേഷനിലേക്ക്. ഇന്ത്യയിൽ എത്തിയ അന്ന് മുതൽ കനത്ത സുരക്ഷയിലാണ് ഷേഖ് ഹസീന കഴിയുന്നത്.

2024 ഒക്ടോബറിൽ ഡൽഹിയിലെ ലുട്യൻസ് ബംഗ്ലാവ് സോണിലുള്ള ഒരു സുരക്ഷിത കേന്ദ്രത്തിലാണ് ഹസീന താമസിക്കുന്നതെന്ന് വാർത്താ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ചില സമയങ്ങളിൽ ഹസീന ല്യൂട്ടൻസ് ഗാർഡനിൽ നടക്കാനിറങ്ങാറുണ്ടെന്ന് ദ പ്രിന്റ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഷേഖ് ഹസീന എവിടെയാണെന്ന വിവരം ഇന്ത്യൻ സർക്കാർ ബംഗ്ലാദേശ് സർക്കാരിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. 'തൽക്കാലത്തേക്ക്' ഇന്ത്യയിലേക്ക് വരാൻ അനുമതി തേടിയിരുന്നതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ 2024 ഓഗസ്റ്റിൽ പാർലമെന്റിനെ അറിയിച്ചിരുന്നു.

ഇപ്പോൾ ഹസീന പൊതുമദ്ധ്യത്തിൽ വരാൻ മറ്റൊരു കാരണം കൂടിയുണ്ടെന്നാണ് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബ്രിക്സ് ഉച്ചകോടിക്കായി ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതിന് തൊട്ടുമുമ്പാണ് ഹസീന പൊതുമദ്ധ്യത്തിൽ എത്തുന്നത്. സെപ്തംബർ 12, 13 തീയതികളിൽ നടക്കാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിയിലേക്ക് ജൂലായിൽ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാർ റഹ്മാന് ക്ഷണം അയച്ചിരുന്നു. ബ്രിക്സ് അംഗമല്ലാത്ത ബംഗ്ലാദേശിനെ, 'ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടിസെക്ടറൽ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോ-ഓപ്പറേഷൻ'ന്റെ അദ്ധ്യക്ഷൻ എന്ന നിലയിലാണ് പ്രത്യേക അതിഥിയായി ക്ഷണിച്ചത്.

English Summary

Former Bangladesh Prime Minister Sheikh Hasina, who fled to India in August 2024 following student protests, will make her first public appearance. She will virtually address an event organized by the South Asian Foreign Correspondents Club in Delhi on August 5, while living in India under protection amidst a death sentence in Bangladesh.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHEIKH HASINA, SHEIKH HASINA AUGUST 5, BANGLADESH AUGUST 5
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360