മനുഷ്യർക്ക് ഏറ്റവും കൂടുതൽ പേടിയുള്ള ജീവികളിൽ ഒന്നാണ് പാമ്പ്. ഇവയുടെ കടികിട്ടിയാൽ മരണം വരെ സംഭവിക്കാമെന്ന ഭയമാണ് അതിന്റെ പ്രധാനകാരണം. എന്നാൽ പാമ്പിന്റെ രീതികളെക്കുറിച്ച് അറിയാൻ എപ്പോഴും ആളുകൾക്ക് താൽപര്യം ഏറെയാണ്. അത്തരത്തിൽ ഇപ്പോഴും മനുഷ്യന് സംശമുള്ള കാര്യമാണ് നായയെയും പൂച്ചയെയും പോലെ ഇവയ്ക്കും മനുഷ്യനെ തിരിച്ചറിയാൻ കഴിയുമോ എന്നത്. പല വിശ്വാസങ്ങളിലും തന്നെ ഉപദ്രവിച്ച മനുഷ്യനെ പാമ്പ് തേടിപിടിച്ച് പ്രതികാരം ചെയ്ത കഥകൾ നാം വായിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ ശാസ്ത്രീയവശം എന്താണെന്ന് നോക്കിയാലോ?
നായയെപോലെ പാമ്പുകൾക്ക് ഒരിക്കലും ആളുകളുടെ മുഖം തിരിച്ചറിയാൻ കഴിയില്ലെന്നാണ് ഗവേഷകർ പറയുന്നത്. മനുഷ്യനെ പോലെയല്ല പാമ്പുകൾ ഈ ലോകം കാണുന്നതെന്ന് ആദ്യം മനസിലാക്കുക. എല്ലാനിറങ്ങളും അവയ്ക്ക് വ്യക്തമായി കാണാൻ കഴിയില്ലെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. മനുഷ്യമുഖങ്ങൾ അവയ്ക്ക് ഒരു മങ്ങൽ മാത്രമായിരിക്കും. മുഖത്തെക്കാൾ ഏറെ ചലനം, ചൂട്, കെമിക്കൽ സിഗ്നലുകൾ എന്നിവയിലൂടെ നന്നായി പാമ്പ് തിരിച്ചറിയുന്നു.
പാമ്പ് ഇടയ്ക്കിടെ നാവ് പുറത്തിടുന്നത് ഗന്ധങ്ങൾ മനസിലാക്കാൻ വേണ്ടിയാണ്. നാവ് ശേഖരിക്കുന്ന ഗന്ധകണങ്ങൾ ജേക്കബ്സൺസ് ഓർഗൻ ( ഒരു പ്രത്യേക ഘ്രാണേന്ദ്രിയം ) അയയ്ക്കുകയും അന്തരീക്ഷത്തിലെ രാസതന്മാത്രകളെയും ഫെറോമോണുകളെയും വേർതിരിച്ചറിഞ്ഞ് ഇരയെ കണ്ടെത്താനും അപകടങ്ങൾ മനസിലാക്കാനും സഹായിക്കുന്നു.
മനുഷ്യന്റെ മുഖം നോക്കിയല്ല മറിച്ച് നിങ്ങളുടെ ഗന്ധം മനസിലാക്കിയാണ് പാമ്പ് തിരിച്ചറിയുന്നത്. നിങ്ങൾ ദിവസവും പാമ്പുകളുമായി ഇടപഴകുകയോ അവയ്ക്ക് ഭക്ഷണം നൽകുകയോ ചെയ്താൽ നിങ്ങളുടെ ഗന്ധം അവ അപകടകരമല്ലെന്ന രീതിയിൽ മനസിലാക്കുന്നു. പിന്നെ നിങ്ങൾ അടുത്ത് വരുമ്പോൾ അവ ആക്രമിക്കില്ല. മറിച്ച് പരിചയമില്ലാത്ത ഒരാൾ അടുത്തെത്തിയാൽ അവ അപകടമാണെന്ന് മനസിലാക്കി ആക്രമിക്കാൻ സാദ്ധ്യത ഏറെയാണ്.
അതെ, മനുഷ്യന്റെ ഗന്ധം ഉപയോഗിച്ച് അവ മനുഷ്യരെ ഓർക്കുന്നു. പക്ഷേ വൈകാരിക ബന്ധം നിങ്ങളോട് ഉണ്ടാകില്ലെന്ന് മനസിലാക്കുക. മുൻപ് ഈ ഗന്ധം എന്താണോ തനിക്ക് നൽകിയത് അത് മാത്രമേ അവ ഓർക്കുന്നുള്ളൂ. അല്ലാതെ മനുഷ്യന്റെ മുഖമോ രൂപമോ ഓർക്കുന്നില്ല.
വീട്ടിൽ പാമ്പുകളെ വളർത്തുന്നത് ഇന്ന് പലരുടെയും ഹോബിയാണ്. കോൺ സ്‌നേക്ക്, ബോൾ പൈത്തൺ തുടങ്ങിയ വിഷമില്ലാത്ത ഇനങ്ങളാണ് സാധാരണയായി വീടുകളിൽ വളർത്തുന്നത്. ഇത്തരത്തിൽ വീട്ടിൽ വളർത്തുന്ന പാമ്പുകൾ മറ്റ് വളർത്തുമൃഗങ്ങളെപോലെ വളരെ സ്നേഹത്തോടെയാണ് തങ്ങളെ സമീപിക്കുന്നതെന്ന് പല ആളുകളും പറയുന്നു. എന്നാൽ വിദഗ്ധർ പറയുന്നതനുസരിച്ച് മറ്റ് മൃഗങ്ങളെപ്പോലെ സ്‌നേഹം പാമ്പുകൾക്കില്ല.
തലച്ചോറിൽ നിയോകോർട്ടെക്‌സ് ( തലച്ചോറിന്റെ പുറത്തുള്ള ഭാഗം. ചിന്ത, ഭാഷ, ഓർമ്മശക്തി, വികാരങ്ങൾ എന്നിവയെ നിയന്ത്രിക്കുന്ന ഭാഗമാണിത്) എന്ന ഭാഗം പാമ്പുകൾക്കില്ല. അതിനാൽ അവയ്ക്ക് വികാരങ്ങൾ കുറവാണെന്ന് ഗവേഷകർ പറയുന്നു. എന്നാൽ ഉടമകളെ പാമ്പ് ഗന്ധം വച്ച് തിരിച്ചറിയുന്നുണ്ട്. അപരിചിതരായവർ അടുത്ത് വന്നാൽ പാമ്പ് വ്യത്യസ്തമായി പെരുമാറുന്നു. പക്ഷേ നിങ്ങൾ അവരുടെ ജീവിതശൈലിയുടെ ഭാഗമായത് കൊണ്ടാണ് നിങ്ങളോട് അവ സൗമ്യമായി പെരുമാറുന്നത്. പക്ഷേ അതിനെ സ്നേഹമായി കണക്കാക്കരുതെന്ന് വിദഗ്ധർ പറയുന്നു.
നാഷണൽ ജിയോഗ്രാഫിക് പുറത്തുവിട്ട ചില പഠനങ്ങൾ പ്രകാരം പാമ്പുകൾക്ക് മറ്റുള്ളവരിൽ നിന്ന് സ്വന്തം ഗന്ധം പോലും വേർതിരിച്ച് അറിയാൻ കഴിയുമെന്ന് പറയപ്പെടുന്നു. ഒരേ ഇനത്തിൽപ്പെട്ട പാമ്പുകൾ പുറപ്പെടുവിക്കുന്ന രാസവസ്തുക്കളുടെ ഗന്ധം തിരിച്ചറിഞ്ഞ് അവ പരസ്പരം ആശയവിനിമയം നടത്തുന്നു. പ്രജനനകാലത്ത് ഇണകളെ കണ്ടെത്താനും സ്വന്തം വർഗത്തിൽപ്പെട്ടവയെ തിരിച്ചറിയാനും ഈ ഗന്ധം സഹായിക്കുന്നു.
Snakes do not recognize human faces, perceiving them as blurry, but identify individuals primarily by scent, according to research. They rely more on movement, heat, and chemical signals. While regular interaction can lead snakes to associate a human's scent with safety, experts state they lack the neocortex for emotional bonding. Therefore, their calm behavior towards owners is due to familiarity, not affection.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |