
ഹൂസ്റ്റൺ: ഫിഫ ലോകകപ്പ് നോക്കൗട്ട് പോരാട്ടത്തിൽ ജപ്പാന്റെ വെല്ലുവിളി മറികടന്ന് ബ്രസീൽ പ്രീക്വാർട്ടറിൽ. റൗണ്ട് ഓഫ് 32ൽ ആദ്യ പകുതിയിൽ ഒരുഗോളിന് പിന്നിൽ നിന്ന ശേഷമാണ് രണ്ടാം പകുതിയിൽ രണ്ട് ഗോൾ തിരിച്ചടിച്ച് ബ്രസീൽ മത്സരം ജയിച്ചത് . ഇഞ്ചുറി ടൈമിൽ ഗബ്രിയേൽ മാർട്ടിനെല്ലിയാണ് (90+6) ബ്രസീലിന്റെ വിജയമുറപ്പിച്ച ഗോൾ നേടിയത്. നേരത്തെ കയിഷു സനൊയിലൂടെ ജപ്പാനാണ് ആദ്യം ലീഡെടുത്തത്. രണ്ടാം പകുതിയിൽ ആക്രമണം കടുപ്പിച്ച ബ്രസീലിന് കസെമിറൊയാണ് സമനില സമ്മാനിച്ചത്.
തുടക്കം മുതൽ ബ്രസീലിന് ആധിപത്യമുണ്ടായിരുന്നു. എന്നാൽ കൗണ്ടർ അറ്റാക്കുകളിലൂടെ ജപ്പാനും ആക്രമണങ്ങൾ നടത്തി. കളിയുടെ ഗതിക്ക് വിപരീതമായി 29ാം മിനിട്ടിൽ കയിഷു സനൊ ബ്രസീലിനെ ഞെട്ടിച്ച് ജപ്പാനെ മുന്നിലെത്തിച്ചു(0-1). തുടരെ നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ചെടുത്ത ബ്രസീൽ 56ാം മിനിട്ടിൽ വെറ്ററൻ താരം കസെമിറൊയിലൂടെ സമനില പിടിച്ചു. ഇടതുവിംഗിൽ നിന്ന് വന്ന മെഗല്ലാസിന്റെ ക്രോസ് ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെ കസിമെറൊ വലയ്ക്കകത്താക്കി (1-1). എക്സ്ട്രാ ടൈമിലേക്കെന്ന് കരുതിയിരിക്കെ രണ്ടാം പകുതിയിൽ പകരക്കാരനായി എത്തിയ ഗബ്രിയേൽ മാർട്ടിനെല്ലി ഗംഭീര ഗോളിലൂടെ ബ്രസീലിന്റെ ജയമുറപ്പിച്ചു (2-1).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |