SignIn
Kerala Kaumudi Online
Wednesday, 08 July 2026 4.44 AM IST

അസാദ്ധ്യ ജയം, അർജന്റീന ക്വാർട്ടറിൽ

messi

അറ്റ്‌ലാന്റ: രണ്ടുഗോളിന് പിന്നിൽ നിന്നശേഷം ഈജിപ്തിനെതിരെ 12 മിനിട്ടിനിടെ മൂന്നുഗോളുകൾ തിരിച്ചടിച്ച് അർജന്റീന ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ. 15-ാം മിനിട്ടിൽ യാസർ ഇബ്രാഹിമിലൂടെ ഈജിപ്ത് ആദ്യഗോളടിച്ചു.67-ാം മിനിട്ടിൽ മുഹമ്മദ് സീക്കോ രണ്ടാം ഗോളും നേടിയപ്പോൾ പതറിയ ജീവന്മരണപോരാട്ടത്തിലേക്ക് മാറിയ അർജന്റീനയ്ക്ക് വേണ്ടി 79-ാം മിനിട്ടിൽ ക്രിസ്റ്റ്യൻ റൊമേറോയും 83-ാം മിനിട്ടിൽ മെസിയും തിരിച്ചടിച്ചതോടെ അറ്റ്ലാന്റ സ്റ്റേഡിയം അക്ഷരാർത്ഥത്തിൽ പൊട്ടിത്തെറിച്ചു. ഇൻജുറി ടൈമിന്റെ ആദ്യമിനിട്ടിൽ എൻസോയാണ് വിജയഗോളടിച്ചത്. ഒരു ഗോളടിച്ചും ഒന്നിന് വഴിയൊരുക്കിയും മെസിയാണ് കളി തിരിച്ചത്

21-ാം മിനിട്ടിൽ ഒരു പെനാൽറ്റിയിലൂടെ കിട്ടിയ അവസരം മെസി പാഴാക്കിയത് അർജന്റീന ആരാധകരെ ഞെട്ടിച്ചിരുന്നു. ഈ ലോകകപ്പിൽ ഇത് രണ്ടാമത്തെ പെനാൽറ്റിയാണ് മെസി പാഴാക്കിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് തിരിച്ചടിക്കാൻ അർജന്റീനയ്ക്ക് ലഭിച്ച അവസരങ്ങളും ഗോളാക്കാനായില്ല.ഈജിപ്ഷ്യൻ ഗോളി മുസ്തഫ സുബൈറാണ് അർജന്റീനയ്ക്ക് വലിയ വെല്ലുവിളിയായി മാറിയത്.രണ്ടാം പകുതിയിൽ ഈജിപ്ത് വീണ്ടും വലകുലുക്കിയെങ്കിലും വാർ പരിശോധനയിൽ ഗോൾ റദ്ദാക്കി.

ക്രിസ്റ്റ്യാനോ , വി മിസ് സ്യൂൂൂ...

ഡാലസ്: ഗോളടിച്ച ശേഷം വായുവിൽ ഉയർന്നുചാടി ഇരു കരങ്ങളും വീശിയുള്ള 'സ്യൂൂൂ..." മുഴക്കം ഇനി ലോകകപ്പിലുണ്ടാവില്ല. ആറു ലോകകപ്പുകളിൽ ഗോളടിച്ച് ചരിത്രം കുറിച്ച പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇത്തവണത്തെ പടയോട്ടം കഴിഞ്ഞരാത്രി സ്‌പെ‌യ്നിന് എതിരായ പ്രീക്വാർട്ടർ തോൽവിയോടെ അവസാനിച്ചു.

ഇൻജുറി ടൈമിന്റെ ആദ്യമിനിട്ടിൽ മൈക്കേൽ മെറീന നേടിയ ഏക ഗോളിനായിരുന്നു സ്‌പാനിഷ് ജയം. ഇതോടെ ലോകകിരീടമെന്ന സഫലമാകാത്ത സ്വപ്‌നവുമായി പൊട്ടിക്കരഞ്ഞുകൊണ്ട് ക്രിസ്റ്റ്യാനോ ഡാലസിലെ മൈതാനത്തുനിന്ന് നടന്നുനീങ്ങി.

2006 മുതലുള്ള എല്ലാ ലോകകപ്പുകളിലും കളിച്ച 41കാരനായ ക്രിസ്റ്റ്യാനോ ഇത്തവണത്തോടെ ലോകകപ്പുകളോട് വിടപറയുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. അഞ്ചുമത്സരങ്ങളിൽ മൂന്ന് ഗോളുകൾ ഇക്കുറി സ്വന്തമാക്കി. ആദ്യമായി നോക്കൗട്ടിൽ ഗോളടിച്ചു. ആകെ 27ലോകകപ്പ് മത്സരങ്ങൾ,11 ഗോളുകൾ. ഒരു ഹാട്രിക്ക്, ലോകകപ്പിൽ ഗോളടിച്ച ഏറ്റവും പ്രായമേറിയ രണ്ടാമത്തെ താരം. ലോകകപ്പിനില്ലെങ്കിലും പോർച്ചുഗലിനായി ക്രിസ്റ്റ്യാനോ കളി തുടരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIFA WORLDCUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360