മയാമി: ഫിഫ ലോകകപ്പിൽ തകർപ്പൻ ഫോമിൽ തുടരുന്ന നിലവിലെ ചാമ്പ്യന്മാരായ അർജന്റീന റൗണ്ട് ഓഫ് 32 പോരാട്ടത്തിനായി മയാമിയിലെത്തി. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും വിജയിച്ച് ആധികാരികമായാണ് അർജന്റീന നോക്കൗട്ടിലേക്ക് പ്രവേശിച്ചത്. ശനിയാഴ്ച നടക്കുന്ന പ്രീക്വാർട്ടറിൽ കേപ് വെർദെ ആണ് അർജന്റീനയുടെ എതിരാളികൾ.
ഇപ്പോഴിതാ എയർപോർട്ടിൽ ചിരി പടർത്തുന്ന മെസിയുടെ ഒരു വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. മയാമിയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്താവളത്തിലുണ്ടായ രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിനിടെ മെസി ഏറെ കൗതുകത്തോടെയും ചിരിയോടെയും നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. മെസിയുടെ സഹതാരങ്ങളിൽ ഒരാളുടെ കൈവശമുണ്ടായിരുന്ന 'ബാർബിക്യു ലൈറ്റർ' സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തതായിരുന്നു താരത്തെ ചിരിപ്പിച്ചത്. ദൃശ്യങ്ങൾ ഏത് വിമാനത്താവളത്തിൽ നിന്നാണ് എടുത്തതെന്ന് വ്യക്തമല്ലെങ്കിലും ടീമംഗങ്ങൾ നിലവിൽ മയാമിയിലെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഏർലിംഗ് ഹാലണ്ട്, കിലിയൻ എംബാപ്പെ, ഹാരി കെയ്ൻ, ഔസ്മാൻ ഡെംബെലെ തുടങ്ങിയ ലോകോത്തര സ്‌ട്രൈക്കർമാർ അണിനിരക്കുന്ന ടൂർണമെന്റിൽ തന്റെ ക്ലാസ്സ് തെളിയിച്ചുകൊണ്ട് മെസിയും സംഘവും മുന്നേറുകയാണ്. നിലവിലെ ഫോം തുടരുകയാണെങ്കിൽ ഒട്ടും വെല്ലുവിളികളില്ലാതെ തന്നെ അർജന്റീനയ്ക്ക് സെമിഫൈനൽ വരെ എത്താനാകുമെന്നാണ് ഫുട്‌ബോൾ നിരീക്ഷകരുടെ വിലയിരുത്തൽ.
അതേസമയം, 39-ാം വയസിലും അസാധാരണ ഫോം തുടരുന്ന മെസിയുടെ മികവിലാണ് അർജന്റീനയുടെ കുതിപ്പ്. നിലവിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകളുമായി ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയ്ക്കൊപ്പം ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ ഒന്നാമതാണ് മെസി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |