SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.49 AM IST

പരമോന്നത നേതാവിനെ പുറത്തു പറയില്ല; രഹസ്യമാക്കി ഇറാൻ, വധിക്കുമെന്ന് ഇസ്രയേൽ

iran


 ഗൾഫിൽ ആക്രമണം തുടരുന്നു  സൗദിയിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ടെഹ്റാൻ: പുതിയ പരമോന്നത നേതാവിനെ പുരോഹിത സമിതിയായ അസംബ്ലി ഒഫ് എക്‌സ്‌പേർട്‌സ് തിരഞ്ഞെടുത്തെങ്കിലും പേര് പ്രഖ്യാപിക്കാൻ ഇറാൻ തയ്യാറായില്ല. യു.എസ്- ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ രണ്ടാമത്തെ മകൻ മൊജ്തബാ ഖമനേയി തന്നെയാകാം പിൻഗാമിയെന്ന് അഭ്യൂഹം. ആദ്യത്തെ പരമോന്നത നേതാവായ റുഹൊള്ള ഖൊമേനിയുടെ ചെറുമകൻ ഹസൻ ഖൊമേനി, ഉന്നത മതപണ്ഡിതൻ അയത്തൊള്ള അലിറേസ അറാഫി, നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി തുടങ്ങിയവരുടെ പേരുകളും സാദ്ധ്യതാ പട്ടികയിലേക്ക് ഉയർന്നിരുന്നു.

പരസ്യ പ്രഖ്യാപനത്തിന് മുമ്പ് 'ചില തടസങ്ങൾ" നീങ്ങേണ്ടതുണ്ടെന്നാണ് സമിതി പ്രതിനിധികൾ പ്രതികരിച്ചത്. 88 അംഗങ്ങളാണ് അസംബ്ലി ഒഫ് എക്‌സ്‌പേർട്‌സിലുള്ളത്. ജനങ്ങൾ തിരഞ്ഞെടുക്കുന്ന മതപണ്ഡിതന്മാരുടെ സഭയാണിത്. 37 വർഷം ഇറാനെ നയിച്ച പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയെ യുദ്ധത്തിന്റെ ആദ്യ ദിനമായ ഫെബ്രുവരി 28ന് ഇസ്രയേലും യു.എസും ചേർന്ന് വ്യോമാക്രമണത്തിൽ വധിച്ചിരുന്നു. പിൻഗാമികളെയും ഇല്ലാതാക്കുമെന്നാണ് ഇസ്രയേൽ നിലപാട് .

മാപ്പ് പാഴ് വാക്കായി

ആക്രമണം തുടരുന്നു


പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ ക്ഷമാപണത്തിന് ശേഷവും ഗൾഫ് രാജ്യങ്ങൾക്ക് നേരെ ശക്തമായ ആക്രമണം തുടരുകയാണ് ഇറാൻ. ഗൾഫ് രാജ്യങ്ങളെ ആക്രമിക്കില്ലെന്നും അവിടെ നിന്ന് ഇറാന് നേരെ ആക്രമണമുണ്ടായാൽ മാത്രമേ തിരിച്ചടിക്കൂവെന്നും പെസഷ്‌കിയാൻ പറഞ്ഞിരുന്നു. എന്നാൽ സൈന്യവും ചീഫ് ജസ്റ്റിസ് ഗോലാം ഹുസൈൻ മൊഹ്സെനി എജെയ്‌യും പെസഷ്‌കിയാന്റെ പ്രസ്താവന തള്ളി.

സൗദി അറേബ്യയിലെ അൽ ഖാർജിൽ ജനവാസ മേഖലയിലുണ്ടായ ആക്രമണത്തിൽ ഇന്ത്യക്കാരനും ബംഗ്ലാദേശ് പൗരനും കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്ക്. യു.എ.ഇയിൽ മരിച്ചവർ നാലായി. ശനിയാഴ്ച ദുബായിൽ വ്യോമപ്രതിരോധ സംവിധാനം വെടിവച്ചിട്ട ഡ്രോൺ അവശിഷ്ടം പതിച്ച് പാകിസ്ഥാൻ പൗരൻ മരിച്ചിരുന്നു. കുവൈറ്റിൽ ഇന്നലെ അതിർത്തി സുരക്ഷാ സേനയിലെ രണ്ടുപേർ കൊല്ലപ്പെട്ടു.

കുവൈറ്റ് വിമാനത്താവളത്തിലും ബഹ്റൈനിൽ ജലശുദ്ധീകരണ കേന്ദ്രത്തിലും ഡ്രോണാക്രമണമുണ്ടായി. സൗദിയിലെ റിയാദിൽ വിദേശ എംബസികൾ സ്ഥിതി ചെയ്യുന്ന മേഖലയിലേക്കു വന്ന ഡ്രോണിനെയും വ്യോമാതിർത്തി ലംഘിച്ച മറ്റ് 15 ഡ്രോണുകളെയും തകർത്തു.

അയൽക്കാരുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. പക്ഷേ, രാജ്യത്തിന് നേരെയുള്ള ഏതൊരു ആക്രമണത്തിനും ശക്തമായ തിരിച്ചടി നൽകും.


- മസൂദ് പെസഷ്‌കിയാൻ,

പ്രസിഡന്റ്, ഇറാൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, GULF, GULF NEWS, IRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360