ദുബായ്: ദുബായിലെ പ്രവാസികൾക്ക് കോളടിച്ചു. തൊഴിലാളി താമസകേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബായ് മുനിസിപ്പാലിറ്റി പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇതുപ്രകാരം ഒരു വ്യക്തിക്ക് കുറഞ്ഞത് 3.7 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കിടപ്പുമുറി സൗകര്യം നിർബന്ധമായും നൽകിയിരിക്കണം. ഇതിനൊപ്പം വിനോദത്തിനും വ്യായാമത്തിനുമായി ഒരാൾക്ക് 0.75 മുതൽ 1.5 ചതുരശ്ര മീറ്റർവരെ തുറസായ സ്ഥലവും വിനോദ സൗകര്യങ്ങളും ഒരുക്കണമെന്നും നിർദേശത്തിലുണ്ട്. തൊഴിലാളി മേഖലകളുടെ വികസനവും അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണവും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് പുതിയ നിർദ്ദേശങ്ങൾ.
3.7 ചതുരശ്ര മീറ്റർ വിസ്തീർണം എന്നത് 2020ലെ അഡ്മിനിസ്ട്രേറ്റീവ് റെസല്യൂഷൻ പ്രകാരം നിലവിലുള്ളതാണ്. എന്നാൽ ഇത് പലരും കാര്യമായി എടുക്കാറില്ല. പരിശോധനകൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് നിർദേശങ്ങൾ വീണ്ടും പുറപ്പെടുവിച്ചത്. ഇതിന്റെ ഭാഗമായി തൊഴിലാളികൾ താമസിക്കുന്ന ആയിരത്തിലധികം കെട്ടിടങ്ങളിൽ പരിശോധന നടത്തി. സൗകര്യങ്ങൾ അനുസരിച്ച് ഇവയെ തരംതിരിക്കുകയും ചെയ്തു. അതുപ്രകാരം ഒമ്പതെണ്ണത്തിന് ഗോൾഡ് പദവിയും ഏഴെണ്ണത്തിന് സിൽവർ പദവിയും മൂന്നെണ്ണത്തിന് പ്ലാറ്റിനം പദവിയും ലഭിച്ചു.
വിവിധ മേഖലകളിലെ ഭൗതിക സാഹചര്യങ്ങളും വികസന ആവശ്യങ്ങളും കൃത്യമായി മനസിലാക്കാൻ ദുബായ് മുൻസിപ്പാലിറ്റി ഏകീകൃത ഡേറ്റാബേസിന് രൂപം നൽകിയിട്ടുണ്ട്. തൊഴിലാളികൾക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ജീവിതാന്തരീക്ഷം ഉറപ്പാക്കുന്ന ദുബായിയുടെ 'വർക്കേഴ്സ് അക്കോമഡേഷൻ പോളിസി' നടപ്പിലാക്കുന്നതിന് ഇപ്പോഴത്തെ നടപടികൾ ശക്തിപകരുമെന്നാണ് കരുതുന്നത്. നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമത വിലയിരുത്തുന്നതിനും കൂടുതൽ വികസനം ആവശ്യമായ മേഖലകൾ കണ്ടെത്തുന്നതിനായുളള ഫീൽഡ് സർവേകളും വിവിധയിടങ്ങളിൽ നടക്കുന്നുണ്ട്.
Dubai Municipality has issued new guidelines aimed at improving basic amenities and living standards in labour accommodation centres for expatriate workers in Dubai.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |