
അബുദാബി: യുഎഇ ഫെഡറൽ സർക്കാർ മേഖലയിൽ എമിറാത്തി ജീവനക്കാരുടെ എണ്ണം 65 ശതമാനം എത്തിയതായി സാമ്പത്തികകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനി. ഇന്നലെ നടന്ന ഫെഡറൽ നാഷണൽ കൗൺസിൽ (എഫ്‌എൻസി) സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2025ൽ മാത്രം 5,370 സ്വദേശി നിയമനങ്ങളാണ് നടന്നത്. മാത്രമല്ല, സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ജോലി രാജിവച്ച് പോകുന്നവരുടെ എണ്ണം അഞ്ച് ശതമാനത്തിൽ താഴെയായി നിലനിർത്താൻ സാധിച്ചതായും എഫ്‌എൻസി അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
രാജ്യത്തെ ജനസംഖ്യ കണക്കിലെടുക്കുമ്പോൾ എല്ലാ തസ്‌തികകളിലും പൂർണമായ സ്വദേശിവൽക്കരണം പ്രായോഗികമല്ല. സ്വദേശി - വിദേശി ജനസംഖ്യ തമ്മിലുള്ള അനുപാതവും നിലവിൽ ലഭ്യമായ തൊഴിലവസരങ്ങളും പരിഗണിക്കുമ്പോൾ എല്ലാ ജോലികൾക്കും പൂർണമായി സ്വദേശികളെ മാത്രം നിയമിക്കുന്നത് സാദ്ധ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി. പുതിയ തൊഴിലവസരം സൃഷ്‌ടിക്കുന്നതിനൊപ്പം നിലവിലുള്ള ജീവനക്കാരെ ജോലിയിൽ നിലനിർത്തുന്നതും പ്രധാനമാണ്.
സ്വകാര്യ മേഖലയിൽ സ്വദേശികളുടെ പങ്കാളിത്തവും മത്സരശേഷിയും വർദ്ധിപ്പിക്കുന്നതിനായി നടപ്പിലാക്കിയ നാഫിസ് പദ്ധതി ഇതിന് പിന്തുണ നൽകുന്നതാണെന്നും അൽ ഹുസൈനി പറഞ്ഞു. മികച്ച തൊഴിൽ നയങ്ങൾ കാരണമാണ് വിടുതൽ നിരക്ക് കുറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2025ലെ അന്തിമ സാമ്പത്തിക കണക്കുകൾ എഫ്‌എൻസി അവലോകനം ചെയ്യുന്നതിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |