മുംബയ്: അനലോഗ് പനീറിന് ഒരു വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തി മഹാരാഷ്ട്ര സർക്കാർ. പാൽ ഉപയോഗിച്ച് നിർമ്മിക്കാത്ത ഇത്തരം പനീറിന്റെ ഉൽപ്പാദനം, സംഭരണം, വിതരണം, വിൽപ്പന എന്നിവ മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ സംസ്ഥാനത്തുടനീളം നിരോധിക്കുകയായിരുന്നു. ക്ഷീരോൽപന്നമല്ലാത്ത പനീർ ഉപയോഗിക്കുന്നത് നിർത്താൻ ഭക്ഷ്യസുരക്ഷാ അതോറിറ്റി ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാറ്ററർമാർ, ക്ലൗഡ് കിച്ചണുകൾ എന്നിവർക്ക് നിർദ്ദേശം നൽകി. ഇതോടെ വിപണിയിലെ വിൽപ്പനയിൽ നിന്ന് മാത്രമല്ല ഭക്ഷണശാലകളിലെ മെനുകളിൽ നിന്നും അനലോഗ് പനീർ ഒഴിവാക്കപ്പെടുകയാണ്. ഈ വിലക്ക് ലംഘിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പിഴയും ലഭിക്കും.
ഒരു വർഷത്തിലേറെയായി എഫ്.ഡി.എ നടത്തിയ പരിശോധനകളിൽ ചില സാമ്പിളുകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് നിരോധനം നടപ്പിലാക്കിയത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ട് 2006ലെ സെക്ഷൻ 30 പ്രകാരം ഭക്ഷ്യസുരക്ഷാ കമ്മീഷണർ തുക്കാറാം മുണ്ടെയാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.
2025 ഏപ്രിൽ മുതൽ 2026 മാർച്ച് വരെയുള്ള ഫുഡ് ലബോറട്ടറികളിൽ ആകെ 308 അനലോഗ് പനീർ സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ 109 സാമ്പിളുകൾ 35.4 ശതമാനം സാമ്പിളുകൾ നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു. 79 എണ്ണം നിലവാരമില്ലാത്തവയായിരുന്നു. 30 എണ്ണം സുരക്ഷിതമല്ലെന്നും കണ്ടെത്തി.
പരാജയപ്പെട്ട സാമ്പിളുകളിൽ ബ്യൂട്ടിറോറിഫ്രാക്ടോ മീറ്റർ റീഡിംഗുകളും അയോഡിൻ മൂല്യങ്ങളും പാലിന്റെ കൊഴുപ്പിന് നിർദ്ദേശിച്ച പരിധിക്ക് പുറത്താണെന്ന് കണ്ടെത്തി. പാലിന്റെ കൊഴുപ്പിന് പകരം പച്ചക്കറി കൊഴുപ്പ് ചേർത്തിട്ടുണ്ടെന്ന സൂചനയാണ് ഇത് നൽകുന്നത്. പല ഹോട്ടലുകളും റെസ്റ്റോറന്റുകളും ക്ലൗഡ് കിച്ചണുകളും പാൽ പനീർ വിഭവങ്ങൾക്ക് പകരം അനലോഗ് പനീറാണ് വിളമ്പുന്നതെന്ന് സൂചനയും പരിശോധന വഴി പുറത്തുവന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |