SignIn
Kerala Kaumudi Online
Wednesday, 03 June 2026 4.24 PM IST

ഡൽഹി ഹോട്ടൽ ദുരന്തം: ആറ് മുറികൾക്ക് അനുമതിയുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചത് 25 മുറികൾ, ഗുരുതര സുരക്ഷാ വീഴ്ച

delhi-hotel-fire

ന്യൂഡൽഹി: ഇരുപത്തൊന്നു പേരുടെ മരണത്തിനിടയാക്കിയ ഡൽഹിയിലെ ഹോട്ടൽ തീപിടിത്തവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിന് പിന്നിൽ ഗുരുതര സുരക്ഷാവീഴ്ചകളും നിയമലംഘനങ്ങളുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ഡൽഹി സർക്കാരിന്റെ 'ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ്' (ബി&ബി) പദ്ധതി പ്രകാരം വെറും ആറ് മുറികൾ മാത്രം പ്രവർത്തിപ്പിക്കാൻ അനുമതിയുള്ള കെട്ടിടത്തിൽ ബേസ്‌മെന്റിൽ ഉൾപ്പെടെ ഇരുപത്തിയഞ്ച് മുറികളാണ് പ്രവർത്തിച്ചിരുന്നത്. ഇരുപത്തഞ്ച് മുറികളിലായി നിരവധി ആളുകൾ താമസിച്ചിരുന്ന കെട്ടിടത്തിന് ആകെയുണ്ടായിരുന്നത് ഒരു പ്രവേശനകവാടം മാത്രമാണ്.

തീപിടിത്തമുണ്ടായ സമയത്ത് ആളുകൾക്ക് പുറത്തേക്ക് രക്ഷപ്പെടാൻ മറ്റ് സൗകര്യങ്ങൾ ഇല്ലാതിരുന്നതാണ് മരണസംഖ്യ ഉയരാൻ കാരണമായത്. ഭൂരിഭാഗം ആളുകളും ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് വിവരം. അപകടസമയത്ത് നാൽപ്പതോളം അതിഥികൾ ഹോട്ടലിൽ ഉണ്ടായിരുന്നു. മിക്കവരും ഉറക്കത്തിലായിരുന്ന സമയത്താണ് തീ പടർന്നത്.

ജീവൻ രക്ഷിക്കാനായി ആളുകൾ മുകളിൽ നിന്നും താഴേക്ക് ചാടാൻ തുടങ്ങിയതോടെ നാട്ടുകാർ വീടുകളിൽ നിന്നും ബെഡ്ഡുകളും മെത്തകളും എത്തിച്ച് താഴെ വിരിക്കുകയായിരുന്നു. സമീപത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയവരും വിനോദസഞ്ചാരികളുമായ നിരവധി വിദേശികളാണ് ഹോട്ടലിൽ താമസിച്ചിരുന്നത്. മരണപ്പെട്ടവരിൽ ഭൂരിഭാഗം പേരും വിദേശികളാണെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.

ബുധനാഴ്ച രാവിലെ 8.50ഓടെയാണ് ഡൽഹിയിലെ മാളവ്യ നഗറിലുള്ള 'ലെമൺ ഗ്രീൻ' റസ്റ്റോറന്റും ഹോട്ടലും പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വൻ തീപിടിത്തമുണ്ടായത്. പ്രാഥമിക അന്വേഷണത്തിൽ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, DELHI, TRAGIC FIRE, DEATH, CRIMINAL NEGLIGENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360