
ന്യൂഡൽഹി: കാൻസർ മരുന്നുകൾക്ക് 93 ശതമാനം വരെ വിലകുറയും. ദേശീയ ഔഷധ വിലനിർണയ അതോറിറ്റി (എൻ.പി.പി.എ) 137 ഇനം കാൻസർ മരുന്നുകളുടെ 543 ബ്രാൻഡുകളുടെയും പായ്ക്കുകളുടെയും പുതുക്കിയ പരമാവധി ചില്ലറവില പ്രസിദ്ധീകരിച്ചു. നവംബർ 9 മുതൽ പ്രാബല്യത്തിൽ വരും.
സ്തനാർബുദ ചികിത്സയ്ക്കുള്ള പാൽബോസിക്ലിബിന്റെ ഒരു ബ്രാൻഡിന്റെ വില 40,421 രൂപയിൽനിന്ന് 2,720 രൂപയായി കുറഞ്ഞു. കീമോതെറാപ്പി മരുന്നായ തയോട്ടെപ്പയുടെ 100 മില്ലിഗ്രാം കുപ്പിയുടെ വില 80,072 രൂപയിൽനിന്ന് 7,150 രൂപയായും കുറച്ചു. അനാസ്ട്രസോൾ, ഡസാറ്റിനിബ്, ബെവാസിസുമാബ് തുടങ്ങിയ മരുന്നുകൾക്കും വില കുറഞ്ഞിട്ടുണ്ട്.
എന്നാൽ, 21ലധികം തരത്തിലുള്ള കാൻസറിന്റെ ചികിത്സയ്ക്കുപയോഗിക്കുന്ന കീട്രൂഡയുടെ 100 മില്ലിഗ്രാം കുപ്പിയുടെ വില 2,16,500 രൂപയായി തുടരും. 543 ബ്രാൻഡുകളിൽ 146 എണ്ണത്തിന്റെ വിലയിൽ മാറ്റമില്ല. മരുന്നുകളുടെ വിതരണശൃംഖലയിലെ വ്യാപാരലാഭം പരമാവധി 30 ശതമാനമായി കുറയ്ക്കാൻ നേരത്തെ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |