മുംബയ്: ഫ്ലാറ്റിന്റെ പത്താംനിലയിൽനിന്ന് താഴേക്ക് ചാടിയ നവവധു അത്ഭുതകരമായി രക്ഷപ്പെട്ടു. നിലത്തുവീഴാതെ മരച്ചില്ലയിൽ കുടുങ്ങിയതോടെയാണ് 26 കാരി രക്ഷപ്പെട്ടത്. ഭണ്ഡൂപ്പ് വെസ്റ്റിലെ എസ്ആർഎ കെട്ടിടത്തിലാണ് സംഭവം. മരച്ചില്ലയിൽ കുരുങ്ങിയ യുവതിയെ മുംബയ് അഗ്നിശമനസേനയെത്തി അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.
21 നിലകളുള്ള കെട്ടിടത്തിന്റെ പത്താം നിലയിൽനിന്ന് രാവിലെ 9.30 ഓടെയാണ് യുവതി താഴേക്ക് ചാടിയത്. ഏകദേശം 20 അടി ഉയരത്തിലുള്ള മരച്ചില്ലയിലാണ് യുവതി കുടുങ്ങിക്കിടന്നത്. മരത്തിന്റെ ചില്ലകളിലൊന്ന് യുവതിയുടെ വലത് തുടയിൽ തുളച്ചുകയറി. സ്റ്റേഷൻ ഓഫീസർ വിഎസ് ബന്ദ്ഗറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആംഗസ് ലാഡറിന്റെ സഹായത്തോടെ അഗ്നിശമനസേനാംഗങ്ങൾ യുവതിയുടെ അടുത്തെത്തി. കൂടുതൽ പരിക്കേൽക്കാതിരിക്കാനായി പ്രത്യേക ശ്രദ്ധയോടെയാണ് മരക്കൊമ്പ് മുറിച്ചത്. കാൻവാസ് സ്‌ട്രെച്ചർ കയറുകൾ ഉപയോഗിച്ച് സുരക്ഷിതമായി യുവതിയെ താഴെയിറക്കി.
തുടയിൽ തുളച്ചുകയറിയ മരക്കൊമ്പിന്റെ ഭാഗങ്ങളുമായി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്രവാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം അടിയന്തര ശസ്‌ത്രക്രിയയ്‌ക്കായി യുവതിയെ സയൺ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ ഇതുവരെ യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ആത്മഹത്യാശ്രമമാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നാല് മാസം മുൻപാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. യുവതിയുടെ മൊഴിയെടുത്തതിന് ശേഷം മാത്രമേ സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വ്യക്തമാകുവെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |