SignIn
Kerala Kaumudi Online
Sunday, 07 June 2026 3.30 AM IST

സൂര്യൻ തിലകം ചാർത്തി രാംലല്ല

READ ENGLISH VERSION

ram

അയോദ്ധ്യ:സൂര്യവംശ ജാതനായ ശ്രീരാമചന്ദ്രന് പിറന്നാൾ ദിനമായ രാമനവമിയിൽ തിരുനെറ്റിയിൽ പ്രകാശതിലകം ചാർത്തി സൂര്യൻ. അയോദ്ധ്യയിലെ രാമക്ഷേത്രം തുറന്ന ശേഷമുള്ള ആദ്യ രാമനവമിയായ ഇന്നലെ ബാലരാമ വിഗ്രഹമായ രാംലല്ലയുടെ നെറ്റിയിൽ സൂര്യരശ്‌മി പതിച്ചത് അപൂർവ ദർശനമായി. ഉച്ചയ്‌ക്ക് 12 മണിയോടെയായിരുന്നു ദർശനം. രാംലല്ലയുടെ നെറ്റിയിൽ 75 മില്ലിമീറ്രർ വ്യാസമുള്ള തിലകമായി സൂര്യപ്രകാശം പതിച്ചപ്പോൾ ഭക്തർ ജയ് ശ്രീറാം മുഴക്കി. നാലു മിനിട്ടോളം നീണ്ടുനിന്നു. ദൂരദർശനിലൂടെ കോടിക്കണക്കിന് പേർ തത്സമയം സൂര്യാഭിഷേകം കണ്ടു.ചൈത്രമാസത്തിലെ വെളുത്തപക്ഷത്തിലെ ഒൻപതാം ദിവസമാണ് ശ്രീരാമന്റെ ജന്മവാർഷികമായ രാമനവമിയായി ആഘോഷിക്കുന്നത്. എല്ലാവർഷവും ഈ ദിനത്തിൽ രാംലല്ലയുടെ തിരുനെറ്റിയിൽ സൂര്യരശ്മി പതിക്കുന്ന സാങ്കേതിക സംവിധാനമാണ് രാമക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ളത്.

ജനുവരി 22നായിരുന്നു ക്ഷേത്ര ഉദ്ഘാടനം. അതിനുശേഷമുള്ള ആദ്യ പ്രധാന ഉത്സാഘോഷമായിരുന്നു ഇന്നലെ.

 പിന്നിൽ ശാസ്ത്രജ്ഞർ

ഉത്തരാഖണ്ഡ് റൂർക്കിയിലെ സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്രിറ്ര്യൂട്ടിലെയും ബംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആസ്ട്രോഫിസിക്സിലെയും ശാസ്ത്രജ്ഞരുടെ സഹായത്തോടെയാണ് സൂര്യതിലകം സാദ്ധ്യമാക്കിയത്. ശാസ്ത്രത്തിന്റെയും എൻജിനീയറിംഗിന്റെയും വിസ്മയം. ഉന്നത നിലവാരമുള്ള നാല് കണ്ണാടികളും നാല് ലെൻസുകളും ഉപയോഗിച്ചുള്ള ഒപ്റ്റോ മെക്കാനിക്കൽ സിസ്റ്രം ആണ് ഇതിനായി ഒരുക്കിയത്. ഇതിന് 19 ഗിയറുകളുണ്ട്. ക്ഷേത്രത്തിന്റെ മൂന്നാം നിലയിൽ സ്ഥാപിച്ച സംവിധാനത്തിൽ ( സൂര്യതിലക് മെക്കാനിസം ) വീഴുന്ന സൂര്യരശ്മിയെ കണ്ണാടികളും ലെൻസുകളും ഉപയോഗിച്ച് ശ്രീകോവിലിൽ രാംലല്ലയുടെ നെറ്റിയിൽ പതിപ്പിക്കുകയായിരുന്നു. ഇതിനായി പത്ത് ശാസ്ത്രജ്ഞർ ക്ഷേത്രത്തിലുണ്ടായിരുന്നു.

ചില ജയിൻ ക്ഷേത്രങ്ങളിലും കോണാർക്കിലെ സൂര്യക്ഷേത്രത്തിലും സൂര്യതിലക് സംവിധാനമുണ്ട്.

 സൂര്യതിലകം കണ്ട് നരേന്ദ്രമോദി

അസാമിലെ പ്രചാരണ തിരക്കിലും അയോദ്ധ്യയിലെ സൂര്യാഭിഷേകം പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്തിലിരുന്ന് കണ്ടു. കോടിക്കണക്കിന് ഇന്ത്യക്കാരെ പോലെ തനിക്കും വൈകാരിക മുഹൂർത്തമായിരുന്നുവെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. അയോദ്ധ്യയിലെ രാമനവമി ചരിത്രപരമാണ്. സൂര്യതിലകം നമ്മുടെ ജീവിതത്തിൽ പുതിയ ഊർജ്ജം കൊണ്ടുവരട്ടെയെന്നും മോദി ആശംസിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, AYODHYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360