SignIn
Kerala Kaumudi Online
Saturday, 24 October 2026 3.54 AM IST

കേന്ദ്രം ചർച്ചയ്‌ക്ക് തയ്യാറായാൽ ചികിത്സ തേടാം: ദല്ലേവാൾ

kduiiiiii

ന്യൂഡൽഹി: കേന്ദ്രസർക്കാർ ചർച്ചയ്‌ക്ക് തയ്യാറായാൽ അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ വൈദ്യസഹായം സ്വീകരിക്കാമെന്ന് പഞ്ചാബ് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ സർക്കാർ മൂന്ന് ദിവസം കൂടി അനുമതിയും തേടി.

കേസ് രണ്ടിന് വീണ്ടും പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് അറിയിച്ചു.

പഞ്ചാബ്-ഹരിയാന അതിർത്തിയിലെ ഖനൗരിയിൽ പ്രതിഷേധ സ്ഥലത്ത് മദ്ധ്യസ്ഥരുമായി നടത്തിയ ചർച്ചയ്‌ക്കിടെയാണ് കർഷകർ ചർച്ചയുടെ കാര്യം അറിയിച്ചതെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ ഗുർവീന്ദർ സിംഗ് കോടതിയെ അറിയിച്ചു. ദല്ലേവാളിന് വൈദ്യസഹായം നൽകാനുള്ള സുപ്രീംകോടതി ഉത്തരവ് പാലിക്കാത്ത ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കുമെതിരായ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. എന്നാൽ ചർച്ചയ്‌ക്കായി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകാനോ പ്രത്യേകിച്ച് അഭിപ്രായം പറയാനോ കോടതി തയ്യാറായില്ല. എല്ലാ കക്ഷികൾക്കും സ്വീകാര്യമായത് സംഭവിച്ചാൽ സന്തോഷമെന്നും നിലവിൽ ഉത്തരവുകൾ പാലിക്കുന്നതിൽ മാത്രമാണ് ശ്രദ്ധയെന്നും ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചു. കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും അഭിപ്രായം പ്രകടിപ്പിച്ചില്ല.

ദല്ലേവാളിനെ മാറ്റാൻ പ്രതിഷേധ സ്ഥലത്ത് 7000 ആളുകളെ അണിനിരത്തിയെന്നും തിങ്കളാഴ്ച കർഷകർ ആഹ്വാനം ചെയ്‌ത പഞ്ചാബ് ബന്ദ് മൂലമുള്ള ഗതാഗത തടസം പ്രശ്‌നമായെന്നും ഗുർവീന്ദർ സിംഗ് ബോധിപ്പിച്ചിരുന്നു. മൂന്നു ദിവസം കൂടി അനുവദിക്കണമെന്ന അപേക്ഷ പരിഗണിച്ചാണ് കേസ് ജനുവരി രണ്ടിലേക്ക് മാറ്റിയത്. അന്ന് പഞ്ചാബ് ചീഫ് സെക്രട്ടറിയും ഡി.ജി.പിയും വീഡിയോ കോൺഫറൻസ് വഴി ഹാജരാകണം.

ആരോഗ്യനില വഷളായ ദല്ലേവാളിനെ മാറ്റുന്നതിൽ പഞ്ചാബ് സർക്കാർ വീഴ്‌ച വരുത്തിയെന്ന് ഡിസംബർ 28ന്, സുപ്രീംകോടതി വിമർശിച്ചിരുന്നു. നേതാവിനെ കൊലയ്‌ക്കു കൊടുക്കുന്ന കർഷകരുടെ നിലപാട് ശരിയല്ലെന്നും കോടതി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360