
ന്യൂഡൽഹി: യുദ്ധ വിമാനങ്ങൾക്കുവേണ്ടി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കാവേരി എൻജിന്റെ നിർണായക പരീക്ഷണം റഷ്യയിൽ നടക്കും. എൻജിനെ വിമാനത്തിൽ ഘടിപ്പിച്ച് 40,000 അടി ഉയരത്തിൽ പറക്കൽ പരീക്ഷണമാണിത്. എൻജിന്റെ പ്രവർത്തനക്ഷമത, ത്രസ്റ്റ് എന്നിവ 20 ശാസ്ത്രജ്ഞരും വിദഗ്ദ്ധരും വിലയിരുത്തും. പ്രവർത്തനം തൃപ്‌തികരമെങ്കിൽ ഉത്പാദനം ആരംഭിക്കാനുള്ള നടപടികളിലേക്ക് കടക്കും.
ഡി.ആർ.ഡി.ഒയുടെ കീഴിലുള്ള ബംഗളൂരുവിലെ ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ലിഷ്‌മെന്റാണ് (ജി.ടി.ആർ.ഇ) ടർബോ ഫാൻ എൻജിനായ കാവേരി വികസിപ്പിച്ചത്. ഗ്രൗണ്ട് ടെസ്റ്റുകളിൽ മികച്ച പ്രകടനമുണ്ടായതോടെയാണ് സുപ്രധാനമായ ട്രയൽ റഷ്യയിൽ നടത്തുന്നതിന് വഴിയൊരുങ്ങിയത്.
റഷ്യയുടെ ഇല്യൂഷിൻ ഐ.എൽ - 76 വിമാനത്തിലാണ് കാവേരി എൻജിൻ ഘടിപ്പിക്കുക. പരീക്ഷണം ഒരു മാസം നീളും. 70 മണിക്കൂർ ദൈർഘ്യമാണ് പരീക്ഷണ പറക്കലിന് നിശ്ചയിച്ചിട്ടുള്ളത്. 140 മണിക്കൂറോളം ഗ്രൗണ്ട് പരീക്ഷണം നടത്തിയിട്ടുണ്ട്. ഇതിൽ 70 മണിക്കൂറും ജി.ടി.ആർ.ഇയിൽ തന്നെയാണ് നടത്തിയത്. എൻജിന്റെ ആൾറ്റിറ്റ്യൂഡ് പരീക്ഷണങ്ങൾ റഷ്യയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഏവിയേഷൻ മോട്ടോർസിലാണ് നടത്തിയത്.
ഘാതകിന് ചീറിപ്പായാൻ
ഇന്ത്യ നിർമ്മിക്കുന്ന ആത്യാധുനിക യുദ്ധവിമാനമായ ഘാതകിൽ കാവേരി എൻജിൻ ഘടിപ്പിക്കാൻ സാധിക്കുമോ എന്നറിയുകയാണ് പ്രധാന ലക്ഷ്യം
ഇല്യൂഷിൻ ഐ.എൽ -76 വിമാനത്തിനുള്ളത് നാല് എൻജിനുകളാണ്. ഇവയിലൊന്ന് മാറ്റി പകരം കാവേരി എൻജിൻ സ്ഥാപിച്ചാണ് പരീക്ഷണം
എൻജിന്റെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഫ്യൂവൽ സംവിധാനങ്ങളുടെ കൃത്യത വിലയിരുത്തും. വിമാനം പറക്കുമ്പോൾ വിവരം തത്സമയം ഗ്രൗണ്ട് സ്‌റ്റേഷനിലെത്തും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |