
ന്യൂഡൽഹി: ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് ബിൽ സംബന്ധിച്ച ചർച്ചയ്‌ക്കായി സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക്(ജെ.പി.സി) കൂടുതൽ സമയം ആവശ്യമാണെന്ന് ആദ്യ യോഗത്തിൽ ആവശ്യം. കക്ഷികൾക്കിടയിൽ അഭിപ്രായ സമന്വയം വേണ്ടതിനാലാണിത്. 31ന് തുടങ്ങുന്ന പാർലമെന്റിന്റെ ബഡ‌്‌ജറ്റ് സമ്മേളനത്തിന്റെ അവസാന ആഴ്‌ചയാണ് നിലവിൽ കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കേണ്ടത്. അതിനിടെ ഇന്നലെ ചേർന്ന ജെ.പി.സി യോഗത്തിൽ ബില്ലിന്റെ അനിവാര്യത സംബന്ധിച്ച് ഭരണ-പ്രതിപക്ഷ അംഗങ്ങൾ പോരടിച്ചു.
വിശാല ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും അഭിപ്രായ സമന്വയമുണ്ടാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഗ്രഹിക്കുന്നതെന്ന് കമ്മിറ്റി അദ്ധ്യക്ഷനും ബി.ജെ.പി എംപിയുമായ പി.പി. ചൗധരി ചൂണ്ടിക്കാട്ടി. കമ്മിറ്റിയുടെ കാലാവധി കൂട്ടാൻ ലോക്‌സഭാ സ്‌പീക്കറോട് അഭ്യർത്ഥിക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
ഭരണഘടനാ ലംഘനമെന്ന് പ്രതിപക്ഷം
ഒന്നിച്ച് തിരഞ്ഞെടുപ്പ് നടത്തിയാൽ ചെലവ് കുറയുന്നത് എങ്ങനെയെന്ന് വയനാട് എം.പിയും കോൺഗ്രസ് നേതാവുമായ പ്രിയങ്കാ ഗാന്ധി. സർക്കാർ 2004ന് മുമ്പുള്ള പാർലമെന്ററി കമ്മിറ്റിയുടെ കണ്ടെത്തലുകളാണ് അവതരിപ്പിച്ചത്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം വന്നത് പിന്നീടാണ്. അതിനാൽ, 2004 ന് ശേഷമുള്ള ചെലവുകളെ എങ്ങനെ ന്യായീകരിക്കുമെന്നും ചോദിച്ചു.
ഒറ്റ തിരഞ്ഞെടുപ്പ് ഭരണഘടനാ ലംഘനവും അധഃസ്ഥിത-ന്യൂനപക്ഷ വിരുദ്ധവുമാണെന്ന് കോൺഗ്രസ് എം.പി മനീഷ് തിവാരിയും സമാജ്‌വാദി പാർട്ടിയുടെ (എസ്.പി) ധർമേന്ദ്ര യാദവും ചൂണ്ടിക്കാട്ടി. ഫെഡറൽ ഘടനയ്ക്ക് എതിരായി വോട്ടവകാശം കവർന്നെടുത്ത് തിരഞ്ഞെടുപ്പ് ചെലവ് ചുരുക്കുന്നതിൽ കാര്യമില്ലെന്ന് തൃണമൂൽ എം.പി കല്യാൺ ബാനർജി. പ്രാദേശിക പാർട്ടികളെ ദുർബലമാക്കാനും ദേശീയ പാർട്ടികളെ ശക്തമാക്കാനുമുള്ള നീക്കമെന്ന് വൈ.എസ്.ആർ കോൺഗ്രസ്. ചർച്ചകൾ പാർലമെന്റിന്റെ നാല് ചുവരുകളിൽ പരിമിതപ്പെടുത്തരുതെന്ന് ഡി.എം.കെ.
ന്യായീകരിച്ച് ഭരണപക്ഷം
1957ൽ നിയമസഭാ കാലാവധി വെട്ടിക്കുറയ്ക്കുകയും ഒരേസമയം തിരഞ്ഞെടുപ്പുകൾ നടത്തുകയും ചെയ്‌തപ്പോൾ ഭരണഘടനാ ലംഘനത്തെക്കുറിച്ച് ആരും ചർച്ച ചെയ്‌തില്ലെന്ന് ബി.ജെ.പി. മാതൃകാ പെരുമാറ്റച്ചട്ടം ആവർത്തിച്ച് അടിച്ചേൽപ്പിക്കുന്നതിന്റെ പ്രത്യാഘാതം പരിഗണിക്കണമെന്ന് ശിവസേന. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ മഹാരാഷ്‌ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നു. വരുംമാസങ്ങളിൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളുടെ പരമ്പരയാണ്. മന്ത്രിസഭാ തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനും ബുദ്ധിമുട്ടാണ്.
പ്രിയങ്ക, മനീഷ് തിവാരി, മുകുൾ വാസ്‌നിക്, രൺദീപ് സുർജേവാല(കോൺഗ്രസ്), കേന്ദ്രമന്ത്രി അനുരാഗ് സിംഗ് താക്കൂർ, ഭർതൃഹരി മെഹ്‌താബ്, ഡോ.സംബിത് പത്ര, ബൻസുരി സ്വരാജ്, ബി.ഡി ശർമ, സഞ്ജയ് ജയ്‌സ്വാൾ(ബി.ജെ.പി), സുപ്രിയ സുലെ(എൻ.സി.പി), ഡോ.ശ്രീകാന്ത് ഷിൻഡെ(ശിവസേന), അനിൽ ദേശായി(ശിവസേന-ഉദ്ധവ്), സഞ്ജയ് ഝാ(ജെ.ഡി.യു), ഹരീഷ് ബാലയോഗി((ടിഡിപി) തുടങ്ങിയവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |