SignIn
Kerala Kaumudi Online
Saturday, 24 October 2026 3.54 AM IST

ഈറോഡിലേക്കില്ലെന്ന് എൻ.ഡി.എ; എതിരാളികളില്ലാതെ ഡി.എം.കെ

cc

ചെന്നൈ: ഈ റോഡ് ഈസ്റ്റ് മണ്ഡലത്തിൽ അടുത്ത മാസം നടക്കുന്ന ഉപതിരഞ്ഞെടുപ്പ് എൻ.ഡി.എ ബഹിഷ്കരിക്കുമെന്ന് ബി.ജെ.പി തമിഴ്നാട് പ്രസിഡന്റ് കെ. അണ്ണാമലൈ പ്രഖ്യാപിച്ചതോടെ ഡി.എം.കെയ്ക്ക് കാര്യങ്ങൾ എളുപ്പം. അടുത്തമാസം നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന് പ്രതിപക്ഷ പാർട്ടികളായ അണ്ണാ ഡി.എം.കെ. തീരുമാനിച്ചിരുന്നു. മത്സരിക്കാനില്ലെന്ന് ഡി.എം.ഡി.കെ.യും ടി.വി.കെ.യും വ്യക്തമാക്കിയതോടെ ഉപതിരഞ്ഞെടുപ്പിൽ ഡി.എം.കെ.യും ബി.ജെ.പി.യും നേരിട്ടുള്ള മത്സരത്തിന് സാദ്ധ്യത തെളിഞ്ഞിരുന്നു. ഈ റോഡ് ബി.ജെ.പിക്ക് സ്വാധീനമുള്ള പ്രദേശമായതിനാൽ ശക്തമായ മത്സരം നടക്കുമെന്ന കണക്കുകൂട്ടലുകളാണ് അണ്ണാമലൈയുടെ പ്രഖ്യാപനത്തോടെ ഇല്ലാതായത്.

തിരഞ്ഞെടുപ്പിൽ ഭരണകക്ഷി അധികാര ദുർവിനിയോഗം നടത്തും, മന്ത്രിമാരും ഡി.എം.കെ. നേതാക്കളും വോട്ടർമാരെ സ്വാധീനിക്കാൻ പണവും മദ്യവും ഒഴുക്കും, ജനങ്ങൾക്ക് സ്വതന്ത്രമായി വോട്ടുചെയ്യാൻ കഴിയില്ല കാരണങ്ങൾ നിരത്തിയാണ് മറ്റ് പാർട്ടികൾ പിൻവാങ്ങിയത്. സ്ഥാനാർത്ഥിയെ നിറുത്തില്ലെന്ന് വിജയ്‌യുടെ തമിഴക വെട്രി കഴകവും അറിയിച്ചിരുന്നു. ഇതിനുമുമ്പ് ഇതേ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൻ.ഡി.എയ്ക്കു വേണ്ടി പി.എം.കെയാണ് സ്ഥാനാർത്ഥിയെ നിറുത്തിയത്.

പ്രധാന രാഷ്ട്രീയ പാർട്ടികളിൽ സീമാന്റെ നാം തമിഴർ കക്ഷിയാണ് ഇനി നിലപാട് വ്യക്തമാക്കാനുള്ളത്. സ്ഥാനാർത്ഥിയെ നിറുത്തിയാൽ പാർട്ടിക്കും ഡി.എം.കെയുമായി നേർക്കുനേർ പോരിന് അവസരമൊരുങ്ങും.

ജയിച്ച അച്ഛനും മകനും മരിച്ചു

കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്നു ഈറോഡ് ഈസ്റ്റ്. 2021ലെ തിരഞ്ഞെടുപ്പിൽ ഡി.എം.കെ സഖ്യത്തിൽ കോൺഗ്രസിനു വേണ്ടി മത്സരിച്ച തിരുമകൻ എവേര വിജയിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം 2023 ഫെബ്രുവരി 27ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ പിതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ ഇ.വി.കെ.എസ്.ഇളങ്കോവൻ വൻ ഭൂരിപക്ഷത്തിൽ ജയിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ഡിസംബറിൽ ഇളങ്കോവനും മരിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പു നടക്കുന്നത്. ഇത്തവണ ആരെ മത്സരിപ്പിക്കുമെന്ന് കോൺഗ്രസിനുള്ളിൽ ആശയക്കുഴപ്പമുണ്ടായപ്പോൾ സീറ്റ് ഡി.എം.കെ ഏറ്റെടുക്കുകയായിരുന്നു. ഇവിടെ ചന്ദ്രകുമാർ സ്ഥാനാർത്ഥിയാകുമെന്ന് ഇന്നലെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360