
ന്യൂഡൽഹി: ഭരണഘടനയിൽ വിശ്വാസം അർപ്പിക്കണം. ശാശ്വത സമാധാനവും സാധാരണ അന്തരീക്ഷവും ഉടൻ നിലവിൽ വരും. മണിപ്പൂർ സന്ദർശിക്കുന്ന സുപ്രീംകോടതി ജഡ്‌ജിമാർ ജനങ്ങൾക്ക് ഉറപ്പ് നൽകി. നാഷണൽ ലീഗൽ സർവീസസ് അതോറിട്ടി എക്‌സിക്യൂട്ടീവ് ചെയർമാൻ കൂടിയായ ജസ്റ്റിസ് ബി.ആർ. ഗവായിയുടെ നേതൃത്വത്തിൽ ജഡ്ജിമാരുടെ സംഘം കലാപബാധിത മേഖലകൾ സന്ദർശിച്ചു. ജനങ്ങളോട് സംസാരിച്ചു. മണിപ്പൂർ താമസിയാതെ സാധാരണ നിലയിലേക്ക് മടങ്ങിയെത്തുമെന്ന് ചുരാചന്ദ്‌പൂർ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പിലുള്ളവർക്ക് ജസ്റ്റിസ് ഗവായ് ഉറപ്പ് നൽകി. സംഘം ഇന്നും മണിപ്പൂരിൽ തുടരും. ഗവായിക്കൊപ്പം ജസ്റ്റിസുമാരായ വിക്രംനാഥ്, എം.എം. സുന്ദരേഷ്, കെ.വി. വിശ്വനാഥൻ, എൻ.കോട്ടീശ്വർ സിംഗ് എന്നിവരാണ് സംഘത്തിലുള്ളത്.
ദുരിതാശ്വാസ
സാമഗ്രികൾ നൽകി
ഇന്നലെ രാവിലെ ചുരാചന്ദ്പൂർ ജില്ലയിലെ ലാംകയിലുള്ള മിനി സെക്രട്ടേറിയറ്റിൽ നിന്ന് യാത്ര ആരംഭിച്ച ജഡ്ജിമാർ ദുരിതാശ്വാസ ക്യാമ്പുകളിലെത്തി. നിയമ സേവന ക്യാമ്പുകൾ, നിയമ സഹായ ക്ലിനിക്കുകൾ, താത്കാലിക മെഡിക്കൽ സൗകര്യങ്ങൾ എന്നിവ ഉദ്ഘാടനം ചെയ്‌തു. പിന്നീട് ബിഷ്ണുപൂരിലെ മൊയ്‌രംഗ് കോളേജിലെ ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ചു. ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്‌തു. സംഘത്തിലുള്ള മെയ്‌തി സമുദായാംഗമായ ജസ്റ്റിസ് എൻ. കോടിശ്വർ സിംഗ്, കുക്കി ഭൂരിപക്ഷ പ്രദേശമായ ചുരാചന്ദ്‌പൂർ ജില്ലയിലെ പരിപാടിയിൽ പങ്കെടുത്തില്ല. ഓൾ മണിപ്പൂർ ബാർ അസോസിയേഷന്റെ അഭ്യർത്ഥന മാനിച്ചതാണിത്.
ജഡ്‌ജിമാർ ഇന്ന് മണിപ്പൂർ ഹൈക്കോടതിയുടെ 12-ാം വാർഷികാഘോഷ ചടങ്ങിൽ പങ്കെടുക്കും.
പ്രധാനമന്ത്രി എന്ന്
വരും: ജയ്‌റാം രമേശ്
സുപ്രീം കോടതി ജഡ്ജിമാർ മണിപ്പൂർ സന്ദർശിച്ചത് നല്ല കാര്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി എന്നാണ് വരുന്നതെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്‌റാം രമേശ്. പ്രധാനമന്ത്രി ഇതിന് ഉത്തരം നൽകുന്നില്ല. രാഷ്ട്രപതി ഭരണം ഇത്ര വൈകി ഏർപ്പെടുത്തിയതിനും ഉത്തരമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |