SignIn
Kerala Kaumudi Online
Wednesday, 24 June 2026 2.26 AM IST

അയോദ്ധ്യ ക്ഷേത്രത്തിന്റെ ഭരണം ജില്ലാ മജിസ്ട്രേട്ട് ഏറ്രെടുത്തു എസ്.ഐ.ടി റിപ്പോർട്ട് മോദിക്കു മുന്നിൽ

s

ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിന് സംഭാവനയായി ലഭിച്ച 1400 കോടിയിൽപ്പരം അടിച്ചുമാറ്റിയെന്ന ആരോപണം ശക്തിപ്പെടുന്നതിനിടെ,ക്ഷേത്രഭരണം ജില്ലാ മജിസ്ട്രേട്ട് ശശാങ്ക് ത്രിപാഠി ഏറ്രെടുത്തു. യോഗി ആദിത്യനാഥ് സർക്കാർ നിയോഗിച്ച മൂന്നംഗ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി സഞ്ജയ് പ്രസാദിന് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ പകർപ്പ് യോഗി സർക്കാർ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, ആഭ്യന്തരമന്ത്രാലയത്തിനും കൈമാറിയെന്നാണ് വിവരം. ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് അടക്കം ആരോപണനിഴലിലാണ്. ട്രസ്റ്റ് പുന:സംഘടിപ്പിക്കണമെന്ന് എസ്.ഐ.ടി ശുപാർശ ചെയ്‌തെന്ന് അറിയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി മുൻകയ്യെടുത്ത് രൂപീകരിച്ച ട്രസ്റ്റാണിത്. മോദി തന്നെയാണ് ട്രസ്റ്റിന്റെ രൂപീകരണം 2020 ഫെബ്രുവരി 20ന് പ്രഖ്യാപിച്ചത്. 15ൽ 12 പേരെയും മോദി സ‌ർക്കാരാണ് നോമിനേറ്റ് ചെയ്‌തത്. ഈസാഹചര്യത്തിൽ ആരോപണങ്ങളിലെ അന്വേഷണത്തിലും, ട്രസ്റ്റ് പുന:സംഘടിപ്പിക്കുന്നതിലും മോദിയുടെ നിലപാട് നിർണായകമാണ്. സാഹചര്യം മോദി നേരിട്ട് വിലയിരുത്തുന്നുണ്ടെന്നാണ് സൂചന. ഉടൻ തന്നെ എഫ്.ഐ.ആർ രജിസ്റ്റ‌ർ ചെയ്‌തേക്കും. ആദ്യഘട്ടത്തിൽ,പണം എണ്ണി തിട്ടപ്പെടുത്താൻ നിയോഗിക്കപ്പെട്ടിരുന്ന ജീവനക്കാർ അടക്കം 20ൽപ്പരം പേർ പ്രതികളായേക്കും. ക്ഷേത്രം ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്,​ ട്രസ്റ്റി അനിൽ മിശ്ര തുടങ്ങി 150ൽപ്പരം പേരെ ചോദ്യം ചെയ്‌തതിന്റെ വിവരങ്ങൾ ഇടക്കാല റിപ്പോ‌ർട്ടിലുണ്ട്. കേസെടുത്താലുടൻ അറസ്റ്റുകളിലേക്കും കടന്നേക്കും. ചമ്പത് റായ്,​അനിൽ മിശ്ര തുടങ്ങിയവ‌‌ർ മേഖല വിട്ട് പുറത്തുപോകരുതെന്ന് എസ്.ഐ.ടി നിർദ്ദേശമുണ്ട്. ചമ്പത് റായിയുടെ വിശ്വസ്‌തനും,​സംഭാവന എണ്ണി തിട്ടപ്പെടുത്താൻ മേൽനോട്ടം വഹിച്ചിരുന്നയാളുമായ ടിന്നു എന്ന രാം ശങ്കർ യാദവിന് തട്ടിപ്പിൽ പങ്കുണ്ടെന്ന് തെളിവു ലഭിച്ചിരുന്നു. 5 ജീവനക്കാരുടെ വീടുകളിൽ നടത്തിയ റെയിഡിൽ 2 കോടിയോളം രൂപ കണ്ടെത്തിയിരുന്നു. ടിന്നുവിന്റെ വീട്ടിൽ നിന്ന് സ്വ‌‌ർണവും കണ്ടെടുത്തിരുന്നു. ഇവരെ ക്ഷേത്ര സമുച്ചയത്തിലെ ബേസ്‌മെന്റിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്.

പഴുതുകളടയ്‌ക്കാൻ ശ്രമം

ക്ഷേത്രത്തിലെ കാണിക്കപ്പെട്ടികളിൽ നിന്ന് കാശ് പുറത്തെടുക്കുമ്പോൾ വീഡിയോ റെക്കാ‌ഡിംഗ് നിർബന്ധമാക്കി. പണം എണ്ണി തിട്ടപ്പെടുത്തുന്നത് ഇനി തറയിൽ കാർപെറ്രിലിരുന്നാകും. 6 സി.സി.ടി.വി ക്യാമറകൾ കൂടി സ്ഥാപിച്ചു. പണം എണ്ണി തിട്ടപ്പെടുത്താൻ നിയോഗിക്കപ്പെട്ടിരുന്ന 40ൽപ്പരം ജീവനക്കാരെ മറ്റു ജോലികളിലേക്ക് മാറ്റി.

എസ്.ഐ.ടി ശുപാർശ

1.വാരാണസി കാശി വിശ്വനാഥ ക്ഷേത്ര മാതൃകയിൽ സി.ഇ.ഒയെ നിയോഗിക്കണം

2.കഴിഞ്ഞ അഞ്ചു വർഷം രാമക്ഷേത്രത്തിന് ലഭിച്ച സംഭാവനകളിൽ ഓഡിറ്റ് നടത്തണം

3.സംഭാവനകളിൽ ആഴ്ച തോറും ഓഡിറ്റ് നടത്തണം

4.രജിസ്റ്ററിൽ ഡെയ്ലി എൻട്രി ഉറപ്പാക്കണം


മൂടിവയ്‌ക്കാൻ ശ്രമമെന്ന്

വിഷയം മൂടിവയ്‌ക്കാൻ ബി.ജെ.പി സർക്കാർ ശ്രമിക്കുന്നുവെന്ന് ഫൈസാബാദ് എം.പിയും സമാജ്‌വാദി പാർട്ടി നേതാവുമായ അവധേഷ് പ്രസാദ് ആരോപിച്ചു. കോടികൾ കട്ടു കൊണ്ടുപോയെന്ന് ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. ചമ്പത് റായിക്ക് തെളിവുകൾ നശിപ്പിക്കാൻ സമയം അനുവദിച്ചിരിക്കുകയാണോയെന്നും ചോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, AYODHYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360