
ബംഗളൂരു: വിവാഹാഭ്യർത്ഥന നിരസിച്ച പെൺസുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു. ബംഗളൂരുവിലെ മഹാലക്ഷ്മി ലേ ഔട്ടിൽ ഞയറാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. അഞ്ജലിയാണ് (23) കൊല്ലപ്പെട്ടത്. സംഭവത്തിൽ അഞ്ജലിയുടെ ആൺസുഹൃത്ത് രാജീവ് അറസ്റ്റിലായി.
കഴിഞ്ഞ നാലുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ,രാജീവിന്റെ പശ്ചാത്തലത്തിൽ അതൃപ്തരായിരുന്ന അഞ്ജലിയുടെ മാതാപിതാക്കൾ ഇവരുടെ വിവാഹത്തെ എതിർത്തു. പിന്നാലെ രാജീവ് അനുനയത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ഞയറാഴ്ച രാത്രി മഹാലക്ഷ്മി ലേഔട്ടിന് സമീപത്തെ പൈപ്പ് ലൈനിൽ അത്താഴം കഴിക്കാനായി രാജീവ് അഞ്ജലിയെ ക്ഷണിക്കുകയായിരുന്നു. തുടർന്ന് ഇവിടെവച്ച് രാജീവ് വീണ്ടും വിവാഹക്കാര്യം സംസാരിച്ചു. യുവതി നിരസിച്ചതോടെ രാജീവ് അഞ്ജലിയെ കഴുത്തിന് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
കുത്തേറ്റുവീണ യുവതിയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ സമീപത്തുനിന്നുതന്നെ പിടികൂടി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എം.എസ് രാമയ്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |