
ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിയെ അറസ്റ്റ് ചെയ്യുന്നതിൽ തീരുമാനം വിശദപരിശോധനയ്‌ക്കു ശേഷമെന്ന് സൂചന. ചമ്പത് റായിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. രാജിവച്ച ട്രസ്റ്റ് അംഗം അനിൽ മിശ്രയുടെയും ഭൂമി വാങ്ങുന്നതിന്റെ ചുമതലയുണ്ടായിരുന്ന ഗോപാൽ റാവുവിന്റെയും മൊഴി ഉടനെടുക്കും.
അറസ്റ്റിലായ എട്ടു പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യംചെയ്യും. ആറ് ബാങ്കുകൾ, അവിടത്തെ ചില ഉദ്യോഗസ്ഥർ, സംഭാവന എണ്ണി തിട്ടപ്പെടുത്താൻ കരാർ നൽകിയിരുന്ന ഏജൻസി, ജീവനക്കാർ എന്നിവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു. ബാങ്കുകൾക്ക് നോട്ടീസ് നൽകി. ട്രസ്റ്റിന്റെ പ്രധാന അക്കൗണ്ടുള്ള അയോദ്ധ്യ നയാഘാട്ടിലെ എസ്.ബി.ഐ ബ്രാഞ്ചിൽ പൊലീസ് പരിശോധന നടത്തി. ഇവിടത്തെ ജീവനക്കാരായ രത്നേഷ്, ഗഗൻദീപ് എന്നിവർക്ക് കൊള്ളയിൽ പങ്കുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.
തട്ടിപ്പുമായി ബന്ധപ്പെട്ട് 80ഓളം പേർ നിരീക്ഷണത്തിലാണ്. ചമ്പത് റായിയുടെ വിശ്വസ്‌തൻ ടിന്നു എന്ന രാംശങ്കർ യാദവ്,സുഭാഷ് ശ്രീവാസ്‌തവ എന്നിവരൊഴികെ അറസ്റ്രിലായ മറ്റു ആറുപേരും കരാർ ജീവനക്കാരായിരുന്നു. ഇവരെ ചുമതലകളിൽ നിന്നു നീക്കണമെന്ന് എസ്.ബി.ഐ മൂന്നു മാസം മുൻപ് ട്രസ്റ്റിനോട് ശുപാർശ ചെയ്‌തിരുന്നുവെന്നാണ് സൂചന. ട്രസ്റ്റിലെ ചിലർ ഇതിനെ എതിർത്തുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി.
അറസ്റ്രിലായ 8 പ്രതികളുടെയും റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. ജനരോഷം ഭയന്ന് വീഡിയോ കോൺഫറൻസ് മുഖേനയാണ് ഇന്നലെ അയോദ്ധ്യയിലെ പ്രത്യേക കോടതിയിൽ പ്രതികളെ ഹാജരാക്കിയത്. അതേസമയം, സംഭാവന കൊള്ള കോടതി മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷിക്കണമെന്ന ഹർജിയിൽ അടിയന്തരവാദം കേൾക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു.
അയോദ്ധ്യ വിടാൻ
3 ദിവസം സമയം
ചമ്പത് റായ്,അനിൽ മിശ്ര,ഗോപാൽ റാവു എന്നിവർ മൂന്നു ദിവസത്തിനകം അയോദ്ധ്യ വിട്ടുപോകണമെന്ന് ഫൈസാബാദ് ബാർ അസോസിയേഷനിലെ അഭിഭാഷകർ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ അയോദ്ധ്യ സ്‌തംഭിപ്പിക്കും. പ്രതികളുടെ വക്കാലത്ത് എടുക്കേണ്ടതില്ലെന്ന് ഫൈസാബാദ് ബാർ അസോസിയേഷൻ പ്രമേയം പാസാക്കി. ലംഘിക്കുന്ന അഭിഭാഷകർക്ക് അഞ്ചു ലക്ഷം രൂപ പിഴ ചുമത്തുമെന്നും മുന്നറിയിപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |