
വൈക്കോയുടെ നിർദ്ദേശം തള്ളി എം.ഡി.എം.കെ
ചെന്നൈ: തമിഴ്നാട്ടിൽ ടി.വി.കെയുടെ നേതൃത്വത്തിൽ പുതിയ മുന്നണി രൂപീകരിക്കാൻ നീക്കം. കോൺഗ്രസ്, വി.സി.കെ, മുസ്ലിംലീഗ് എം.ഡി.എം.കെ എന്നീ പാർട്ടികൾ ടി.വി.കെ മുന്നണിയുടെ ഭാഗമാകും. പാർട്ടി നേതാക്കളുടെ ആദ്യ യോഗം നാളെ (ബുധൻ) ചെന്നൈയിൽ നടക്കും. മുന്നണിയുടെ പേരും നാളെ പ്രഖ്യാപിച്ചേക്കും. നിലവിൽ കോൺഗ്രസ്, വി.സി.കെ, മുസ്ലിംലീഗ് പാർട്ടികൾ ടി.വി.കെ സർക്കാരിന്റ ഭാഗമാണ്.
ഡി.എം.കെ മുന്നണിയിൽപ്പെട്ട സി.പി.എം,സി.പി.ഐ പാർട്ടികൾ സർക്കാരിന് പുറത്തു നിന്നും പിന്തുണ നൽകുകയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഉൾപ്പെടെ എല്ലാ പാർട്ടികളേയും യോഗത്തിന് ക്ഷണിക്കും. ഈ പാർട്ടികളെല്ലാം നിയസഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെയുടെ മതേതര പുരോഗമന സഖ്യത്തിന്റെ ഭാഗമായിരുന്നവരാണ്. ഞായറാഴ്ച വി.സി.കെ അദ്ധ്യക്ഷൻ തിരുമാവളവന്റെ വീട്ടിലെത്തി ടി.വി.കെ ജനറൽ സെക്രട്ടറി ബുസി ആനന്ദും ആധവ് അർജുനയും കൂടിക്കാഴ്ച നടത്തിയിരുന്നു.
മറ്റ് കക്ഷി നേതാക്കളേയും ഇവർ കാണും. ഉപതെരഞ്ഞെടുപ്പുകൾ വരാനിരിക്കെ പ്രാദേശിക തലത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാനാണ് ടി.വി.കെയുടെ നീക്കം. തമിഴ്നാട്ടിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നതിന് സൂചന നൽകി ഒമ്പത് വർഷത്തെ ബന്ധത്തിന് വിരാമമിട്ട് വൈക്കോയുടെ മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എം.ഡി.എം.കെ) ഡി.എം.കെ നേതൃത്വത്തിലുള്ള മതേതര പുരോഗമന സഖ്യത്തിൽ നിന്നും പിന്മാറിയിരുന്നു.
പാർട്ടിയുടെ ഉന്നത സമിതി യോഗത്തിന് ശേഷമാണ് ഇതു സംബന്ധിച്ച വൈക്കോയുടെ പ്രഖ്യാപനം.
ഡി.എം.കെ സ്വന്തം പാർട്ടിയുടെ ചിഹ്നത്തിൽ മത്സരിക്കാൻ അവസരം നിഷേധിച്ചതിനെയും രൂക്ഷമായി വിമർശിച്ചു. അതേസമയം,ഡി.എം.കെയുമായുള്ള സഖ്യം എം.ഡി.എം.കെ ഔദ്യോഗികമായി അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെ, പാർട്ടിയിലെ സംസ്ഥാന നേതാക്കളും ജില്ലാ സെക്രട്ടറിമാരും ഉൾപ്പെടെ നൂറ്റിഅൻപതോളം പ്രമുഖ ഭാരവാഹികൾ കൂട്ടത്തോടെ ഡി.എം.കെയിൽ ചേർന്നിരുന്നു. രാജിവയ്ക്കണമെന്ന ആവശ്യം പാർട്ടിയുടെ രണ്ട് എം.എൽ.എമാരും ചെവിക്കൊണ്ടിട്ടില്ല.
ഡി.എം.കെ മുന്നണിയിലായിരുന്ന എം.ഡി.എം.കെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത് ഡി.എം.കെയുടെ ഉദയസൂര്യൻ ചിഹ്നത്തിലായിരുന്നതിൽ പാർട്ടി വിപ്പ് അനുസരിക്കേണ്ടി വരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |