
സമർപ്പിച്ചത് മുൻ കേന്ദ്ര
ആഭ്യന്തര സെക്രട്ടറി
ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവനാ കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തൽ. ക്ഷേത്രത്തിന് താൻ നൽകിയ അഞ്ചു കോടിയുടെ സ്വർണം പൂശിയ 'രാമചരിതമാനസ്' ഗ്രന്ഥം കാണാനില്ലെന്ന് മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി എസ്. ലക്ഷ്മിനാരായണൻ. അഞ്ച് മാസം ഇത് ക്ഷേത്രത്തിൽ പ്രദർശിപ്പിച്ചിരുന്നു. പിന്നീടാണ് കാണാതായത്. ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക് അധികൃതർ മറുപടി നൽകിയില്ല.
വിരമിച്ചപ്പോൾ ലഭിച്ച വരുമാനത്തിൽ നിന്നടക്കം ചെലവിട്ട് വാങ്ങിയാണ് 'രാമചരിതമാനസ്' സംഭാവന ചെയ്തത്. ഇതിനായി ഭാര്യ സരസ്വതിക്കൊപ്പം 2024 ഏപ്രിലിലാണ് അയോദ്ധ്യയിലെത്തിയത്. സ്വർണം, വെള്ളി, ചെമ്പ് എന്നിവയാൽ നിർമ്മിച്ച ഗ്രന്ഥത്തിന് 147 കിലോഗ്രാം ഭാരമുണ്ട്. ശ്രീകോവിലിനടുത്ത് സൂക്ഷിക്കുമെന്ന ഉറപ്പ് അധികൃതർ പാലിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭാവനാ കൊള്ളയുടെ പശ്ചാത്തലത്തിൽ ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ നിർണായക യോഗം ഇന്ന് നടക്കും. ജനറൽ സെക്രട്ടറി ചമ്പത് റായി, ട്രസ്റ്റി അനിൽ മിശ്ര എന്നിവരുടെ രാജിയും കേസന്വേഷിക്കുന്ന എസ്.ഐ.ടിയുടെ പ്രാഥമിക റിപ്പോർട്ടും ചർച്ചയാകും. ക്ഷേത്ര ഭരണ മേൽനോട്ടത്തിന് ട്രസ്റ്റിൽ സി.ഇ.ഒയെ നിയമിക്കാനുള്ള നിർദ്ദേശം അംഗീകരിച്ചേക്കും.
ട്രസ്റ്റ് മേധാവി നൃത്യ ഗോപാൽ ദാസിന്റെ അയോദ്ധ്യയിലെ ആശ്രമമായ മണി രാംദാസ് ഛാവനിയിൽ വൈകിട്ട് മൂന്നിനാണ് യോഗം.
ചമ്പത്ത് റായിയെ
പ്രതി ചേർത്തേക്കും
സംഭാവനാ തട്ടിപ്പിൽ ചമ്പത്ത് റായിയെ അടക്കം എസ്.ഐ.ടി പ്രതിചേർത്തേക്കും. ജൂലായ് 15നകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്നാണ് സൂചന. അതിനിടെ ചമ്പത് റായിക്ക് പിന്തുണമായെത്തിയ അയോദ്ധ്യ സന്ത് മണ്ഡൽ സന്ന്യാസിമാർ അദ്ദേഹത്തിന്റെ രാജി നിരസിക്കാൻ ട്രസ്റ്റിനോട് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |