
ന്യൂഡൽഹി: എഥനോൾ ചേർത്ത പെട്രോൾ (ഇ-20) വാഹനങ്ങൾക്ക് നല്ലതല്ലെന്ന് ചൂണ്ടിക്കാട്ടി ഡൽഹി ജന്ദർമന്ദറിൽ പ്രതിഷേധം. സംരംഭകനും ടെലിവിഷൻ താരവുമായ തെഹ്‌സീൻ പൂനവാലയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ഇ-20 പെട്രോൾ വാഹനങ്ങളുടെ ഇന്ധനക്ഷമത കുറയ്‌ക്കുന്നുവെന്നും അറ്റകുറ്റപ്പണി ചെലവ് വർദ്ധിപ്പിക്കുമെന്നും സമരത്തിൽ പങ്കെടുത്തവർ ആരോപിച്ചു.
അതിനിടെ ഇ-20 പെട്രോളിനെ പിന്തുണച്ച് വാഹന നിർമ്മാതാക്കൾ രംഗത്തുവന്നു. ഇന്ധനം എൻജിനും കേടുണ്ടാക്കുമെന്നും തേയ്‌മാനം കൂട്ടുമെന്നുമുള്ള പ്രചാരണം തെറ്റാണെന്ന് അവർ ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ വിൽക്കുന്ന വാഹനങ്ങൾ കർശനമായ പരിശോധനയ്ക്കും സർട്ടിഫിക്കേഷൻ പ്രക്രിയകൾക്കും വിധേയമാകുന്നുണ്ടെന്ന് ടൊയോട്ട കിർലോസ്‌കർ മോട്ടോർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും മേധാവിയുമായ വിക്രം ഗുലാത്തി പറഞ്ഞു. കാര്യമായ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് മാരുതി സുസുക്കി ഇന്ത്യ സീനിയർ എക്സിക്യൂട്ടീവ് ഓഫീസർ രാഹുൽ ഭാരതിയും അറിയിച്ചു. 2023 ന് മുമ്പ് നിർമ്മിച്ച വാഹനങ്ങളിൽ പോലും തേയ്മാനം, തുരുമ്പിക്കൽ തുടങ്ങിയവ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ വാഹന രൂപകൽപ്പനയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗഡ്‌കരി ആരോപണ നിഴലിൽ
എഥനോൾ പെട്രോൾ മിശ്രിതം നടപ്പാക്കിയതിൽ നിക്ഷിപ്‌ത താത്‌പര്യമുണ്ടെന്ന ആരോപണവും ഉയർന്നു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയുടെ മക്കളുടെ എഥനോൾ ബിസിനസിന് പിന്തുണയേകലാണ് ലക്ഷ്യമെന്നാണ് ആരോപണം. മക്കളായ നിഖിൽ ഗഡ്‌കരി(സിയാൻ അഗ്രോ ഇൻഡസ്ട്രീസ്), സാരംഗ് ഗഡ്‌കരി(മാനസ് അഗ്രോ) എന്നിവർ എഥനോൾ ബിസിനസ് മേഖലയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |