
ചെന്നൈ: കരൂർ ദുരന്തത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കാരണക്കാരായ തീയശക്തിയെ (ഡി.എം.കെ) ജനം ഇനിയും തുരത്തിയോടിക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്. ദുരന്തത്തിനുശേഷം ആദ്യമായി കരൂരിലെത്തിയ വിജയ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു.
ഇങ്ങനെയൊക്കെ സംഭവിച്ചാൽ താൻ ജനത്തെ വിട്ട് ഓടുമെന്ന് വിചാരിച്ചോ. ''പണമാ ജനമാ എന്ന് കേട്ടാ... എൻ ജനം താൻടാ എനക്ക് മുഖ്യം""... ഉച്ചത്തിൽ ദളപതി പ്രഖ്യാപിച്ചപ്പോൾ ജനം ഇളകി മറിഞ്ഞു. ''എൻ നെഞ്ചിൽ കുടിയിറുക്കും... കരൂർ സ്വന്തങ്ങളേ..."" എന്നു പറഞ്ഞായിരുന്നു പ്രസംഗം ആരംഭിച്ചത്.
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദനയാണ് കരൂർ സംഭവം. ജനങ്ങളോട് സംസാരിക്കാനാണ് ട്രിച്ചിയിൽ നിന്ന് പുറപ്പെട്ടത്. പെരമ്പലൂരിൽ ജനക്കൂട്ടം കൂടുതലാണെന്ന് പൊലീസ് പറഞ്ഞതുകൊണ്ട് അങ്ങോട്ടേക്ക് പോയില്ല. എന്നാൽ കരൂർ പൊലീസ് മുന്നറിയിപ്പ് നൽകിയില്ല. ഹൈവേയിൽ നിന്ന് പൊലീസ് തങ്ങളെ ഉള്ളിൽക്കൊണ്ടു വിട്ടത് നാടകമല്ലേ. വിശ്വസിച്ചുപോയി. ഇതെല്ലാം ആര് പറഞ്ഞിട്ടാണ് ചെയ്തത്? ഇങ്ങനെ ചെയ്യൂ, അങ്ങനെചെയ്യൂ. അങ്ങനെ നടന്നാൽ ഇങ്ങനെ ചെയ്യൂ. ഇങ്ങനെ നിർദ്ദേശം കൊടുത്തതാര്?
ടി.വിയിൽ തന്നെ കാണിച്ചാൽ 'അമ്മാ വിജയ് മാമാ..." എന്നുപറഞ്ഞ് ടി.വിയിൽ തൊട്ട് മുത്തം കൊടുക്കുന്ന തന്റെ സഹോരിമാരുടെ പൊന്നുമക്കളാണ് മരിച്ചുപോയത്. ആ സങ്കടത്തിലായിരുന്ന തന്നെ കുറ്റക്കാരനാക്കി. ഓടി ഒളിച്ചുവെന്ന് പറഞ്ഞു. തന്നെ പഴിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാമെന്നവർ കരുതി. ജനങ്ങൾക്കുവേണ്ടി രാഷ്ട്രീയത്തിൽ വന്നതാണ് ഈ വിജയ്- അദ്ദേഹം പറഞ്ഞു.
യോഗത്തിൽ ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകിക്കൊണ്ടുള്ള ഉത്തരവ് വിജയ് കൈമാറി. 10 കിലോമീറ്റർ റോഡ് ഷോയും നടത്തി.
'കൈക്കൂലി ചോദിച്ചാൽ
എന്റെ പേര് പറയൂ"
'തിരുട്ട് തീമൂക്ക ആട്ചി" എന്നാണ് ഡി.എം.കെ ഭരണത്തെ വിജയ് വിശേഷിപ്പിച്ചത്. സർക്കാർ വകുപ്പുകളിൽ പാർട്ടിഫണ്ട് പിരിക്കുന്നത് കണ്ടെത്തി അവസാനിപ്പിച്ചു. രണ്ടു പാർട്ടികളും ഇതാണ് ചെയ്തിരുന്നത്. അഴിമതികളെല്ലാം പുറത്തുകൊണ്ടുവരും.
സർക്കാർ ഓഫീസുകളിൽ ഒരു കാശുപോലും കൈക്കൂലി കൊടുക്കേണ്ട. ജനത്തെ സർക്കാർ ഉദ്യോഗസ്ഥർ ബഹുമാനിക്കുന്നു. ഇതിനേക്കാൾ എനിക്കെന്ത് വേണം. കൈക്കൂലി ചോദിച്ചാൽ ഇത് വിജയ് ഭരണം എന്ന് പറയൂ. ഞാൻ ഉണ്ടാകും.
താത്കാലിക നിയമനമായിരിക്കണമെന്ന് ഹൈക്കോടതി
ഭരണകക്ഷിയായ ടി.വി.കെയുടെ നയപരമായ തീരുമാനങ്ങളിൽ ഇടപെടില്ലെന്ന് വ്യക്തമാക്കിയ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്, കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് നൽകുന്ന നിയമനങ്ങൾ താത്കാലികമായിരിക്കണമെന്ന് നിർദ്ദേശിച്ചു. ദുരന്തബാധിതർക്ക് ജോലി നൽകുന്നത് ദുരന്തവുമായി ബന്ധപ്പെട്ട് നടക്കുന്ന സി.ബി.ഐ അന്വേഷണത്തെ ബാധിക്കുമെന്ന് കാണിച്ച് ഡി.എം.കെ സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സർക്കാർ ജോലി നൽകാൻ ഹൈക്കോടതി അനുമതി നൽകിയതിനു പിന്നാലെയാണ് വിജയ് കരൂരിലെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |