SignIn
Kerala Kaumudi Online
Saturday, 11 July 2026 2.27 AM IST

ഐ.ടി ജീവനക്കാരന്റെയും സുഹൃത്തിന്റെയും അന്ത്യം ബൈക്കിൽ കാറിടിച്ച്

1

വിഴിഞ്ഞം:കോവളം ബൈപാസിൽ ബൈക്കിൽ സഞ്ചരിച്ച ഐ.ടി ജീവനക്കാരായ യുവാവിന്റെയും യുവതിയുടെയും ജീവനപഹരിച്ചത് കാറിടിച്ചുണ്ടായ അപകടമെന്ന് വ്യക്തമായി. ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടമെന്ന് കരുതിയ സംഭവത്തിൽ വഴിത്തിരിവ് .അപകടമുണ്ടാക്കിയ കാറോടിച്ചിരുന്ന മലയിൻകീഴ് കോളച്ചിറ ബിനു ഭവനിൽ വിഷ്ണുവിനെ (21) തിരുവല്ലം പൊലീസ് അറസ്റ്റു ചെയ്തു. കാറും കസ്റ്റഡിയിലെടുത്തു.

യു.എസ്.ടി ഗ്ലോബൽ കമ്പനിയിൽ ടെസ്റ്റിംഗ് വിഭാഗം ജീവനക്കാരൻ എറണാകുളം വാഴപ്പള്ളി മുളവൂർ നിരപ്പ് വലിയവീട്ടുപറമ്പിൽ സിബി ജോസഫിൻ്റെയും ശാലിനിയുടെയും മകൻ നവീൻ സിബി(25),സുഹൃത്ത് കിൻഫ്രയിലെ ഇ.വൈ കമ്പനി അസോസിയേറ്റ് എൻജിനിയർ തൊടുപുഴ മുട്ടം മാള അരിക്പുറത്ത് വീട്ടിൽ ഉമ്മൻ വർഗീസിന്റെയും, സജി

ഉമ്മൻ്റെയും മകൾ മൃദുല ആൻ ഉമ്മൻ (25) എന്നിവരാണ് വ്യാഴാഴ്ച ഉച്ച കഴിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത്. നവീനിന്റെ ജന്മദിനം ആഘോഷിക്കാൻ പോകുമ്പോഴായിരുന്നു സംഭവം. കോവളം ഭാഗത്തേക്ക് പോകുമ്പോൾ പിന്നാലെ അമിത വേഗതയിലെത്തിയ കാർ ബൈക്കിൻ്റെ ഹാൻഡിലിലിടിച്ച് ഇരുവരും ഡിവൈഡറിലേക്കു തെറിച്ചു വീഴുകയായിരുന്നു. സമീപത്തെ പോസ്റ്റിൽ തലയിടിച്ചു മൃദുല സംഭവ സ്ഥലത്തും നവീൻ ആശുപത്രിയിലെത്തിയ ശേഷവും മരണമടഞ്ഞു.

അപകടം നടന്നയുടൻ കുറച്ചു ദൂരെ മാറി കാർ നിറുത്തിയെങ്കിലും ആൾക്കാർ ഓടി കൂടിയതോടെ ഭയന്ന്

കാറുമായി പോകുകയായിരുന്നുവെന്ന് വിഷ്ണു പൊലീസിന് മൊഴി നൽകി. മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായി എസ്.എച്ച്.ഒ ബിജു പറഞ്ഞു. എ.എസ്. ഐ രതീഷ് കുമാർ,സി.പി.ഒ മാരായ കെ.കെ. ഷിജു,അനൂപ്, അരുൺ കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

പൊലീസിന്റെ സംശയം

വഴിത്തിരിവായി

സി.സി.ടി.വി ദൃശ്യങ്ങളുടെ വിശദ പരിശോധനയിലാണ് കാറപകടമെന്ന സംശയം പൊലീസിന് ബലപ്പെട്ടത്. ഒരു കടയിലെ ദൃശ്യത്തിൽ അപകട സാധ്യതയില്ലാത്ത സ്ഥലവും ബൈക്കിന് സ്പീഡ് കുറവായിരുന്നതും ശ്രദ്ധിക്കപ്പെട്ടു. മറ്റൊരു ചായക്കടയിൽ നിന്നും ലഭിച്ച ദൃശ്യത്തിൽ കാർ ഓവർടേക്ക് ചെയ്തു പോകുന്നതും ബൈക്ക് തെറിച്ചു വീഴുന്ന വിദൂര ദൃശ്യവും ലഭിച്ചു. മറ്റ് വാഹനങ്ങൾക്ക് വേഗത കുറയുന്നതും കാണാം.തുടർന്ന് നമ്പർ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിൽ മലയിൻകീഴിൽ കാർ കണ്ടെത്തി പരിശോധിച്ചപ്പോൾ ഡോർ ഭാഗത്ത് ഉരഞ്ഞ പാടുകൾ കണ്ടു .ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതോടെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FOLLOWUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360