ന്യൂഡൽഹി: ബംഗ്ളാദേശ് കലാപത്തിനുപിന്നാലെ ഇന്ത്യയിലേയ്ക്ക് കടന്ന മുൻ ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന തിരികെ മടങ്ങാനൊരുങ്ങുന്നു. താനും അവാമി ലീഗ് പാർട്ടിലെ മുതിർന്ന നേതാക്കളും ഡിസംബറോടെ ബംഗ്ളാദേശിലെത്തി കീഴടങ്ങുമെന്നാണ് ഹസീന വ്യക്തമാക്കിയത്. വിവിധ കുറ്റങ്ങൾ ചുമത്തി ബംഗ്ലാദേശ് ട്രൈബ്യൂണൽ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു.
സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ രാജ്യം വിട്ട ഹസീന 2024 ഓഗസ്റ്റ് അഞ്ചുമുതൽ ഇന്ത്യയിൽ ഒളിവിൽ കഴിയുകയാണ്. 2024ൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിൽ ഹസീനയ്ക്ക് പങ്കുണ്ടെന്ന കുറ്റം ചുമത്തിയാണ് 2025 നവംബറിൽ ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ വധശിക്ഷ വിധിച്ചത്. എന്നാൽ കുറ്റങ്ങൾ ഹസീന നിഷേധിച്ചിരുന്നു. അറസ്റ്റ് ചെയ്യപ്പെടാനോ മരിക്കാനോ തയ്യാറാണെന്നും എന്നാൽ മാതൃരാജ്യത്തേയ്ക്ക് മടങ്ങേണ്ടതുണ്ടെന്നുമാണ് ഹസീന റോയിട്ടേഴ്‌സിനോട് വ്യക്തമാക്കിയത്. ഹസീനയെ ബംഗ്ളാദേശിന് കൈമാറണമെന്ന് ബംഗ്ളാദേശ് സർക്കാർ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് അവർ നിലപാട് തുറന്ന് പറഞ്ഞിരിക്കുന്നത്.
'തിരികെ പോകുമ്പോൾ അവരെന്ന അറസ്റ്റ് ചെയ്തേക്കാം. ചിലപ്പോൾ കൊല്ലുകയും ചെയ്യും. എന്നാലും എനിക്ക് പോകണം. എന്റെ പാർട്ടി നേതാക്കളും പ്രവർത്തകരും കടുത്ത അടിച്ചമർത്തൽ നേരിടുകയാണ്. മരണം വരിക്കുകയാണെങ്കിൽ അതെന്റെ മാതാപിതാക്കളെ അടക്കിയിരിക്കുന്ന, അവരുടെ രക്തം വീണ എന്റെ സ്വന്തം മണ്ണിലായിരിക്കണം'- എന്നാണ് ഹസീന വ്യക്തമാക്കിയത്. തിരികെ പോകുന്ന അവാമി നേതാക്കളിൽ മുൻ ആഭ്യന്തര മന്ത്രി ആസാദുസാമാൻ ഖാൻ കമലും ഉൾപ്പെടുമെന്നാണ് വിവരം.
Former Bangladesh Prime Minister Sheikh Hasina said she and senior Awami League leaders plan to return to Bangladesh and surrender by December. She has been in India since unrest in Bangladesh. A Bangladeshi tribunal had sentenced her to death over multiple charges related to the violence.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |