
ന്യൂഡൽഹി: വാദത്തിനിടെ സുപ്രീംകോടതിയിൽ നടന്ന അസാധാരണവും നാടകീയവുമായ സംഭവം ചർച്ചയായിരിക്കുകയാണ്.
കേസിൽ നേരിട്ട് ഹാജരായ യുവാവ് ജഡ്ജിമാർക്കുനേരെ ഫയൽ വലിച്ചെറിയുകയും ചീഫ് ജസ്റ്റിസിനെയുൾപ്പെടെ അസഭ്യം പറയുകയും ചെയ്തു. ഇയാളെ ഉടൻ
സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചു മാറ്റിയെങ്കിലും ജുഡ്ഷ്യറിക്കാകെ ആശങ്കയാകുന്ന സംഭവമാണ് നടന്നത്.
അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ‌്ത് സമർപ്പിച്ച അപ്പീൽ പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ കെ.വി.വിശ്വനാഥൻ, അലോക് ആരാധെ എന്നിവരുടെ ബെഞ്ച്. കേസ് വിളിച്ചപ്പോൾ ഹർജിക്കാരനായ പ്രബൽ പ്രതാപ് നേരിട്ട് ഹാജരായി.
യുവാവിന്റെ പെരുമാറ്റത്തിൽ തുടക്കം മുതൽ അസ്വാഭാവികതയുണ്ടായിരുന്നു. 'മിസ്റ്റർ ജുഡിഷ്യൽ സർവീസ് സർവന്റ് " എന്ന് ബഹുമാനമില്ലാത്ത രീതിയിൽ അഭിസംബോധന ചെയ്‌തുകൊണ്ടാണ് ഇയാൾ വാദം തുടങ്ങിയത്. ഇതുകേട്ട് കോടതിയിലിരുന്നവർ സ്‌തബദ്ധരായി. അടുത്തത് ആജ്ഞാപിക്കലായിരുന്നു: 'ലക്‌നൗ വികാസ് നഗർ എ.സി.പിക്കും ഡ്യൂപ്ലെക്സ് ടെക്‌നോളജീസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള ഉത്തരവിടാൻ ഞാൻ നിങ്ങളോട് ഉത്തരവിടുന്നു ".
ഇതു കേട്ട് ജസ്റ്റിസ് വിശ്വനാഥൻ ചോദിച്ചു, നിങ്ങൾ ഞങ്ങളോട് ഉത്തരവിടുകയാണോ? എന്നാൽ ചോദ്യം അവഗണിച്ച് അയാൾ സ്വകാര്യ കമ്പനിക്കെതിരായ വാദം തുടർന്നു. കാര്യങ്ങളെല്ലാം 155 പേജുകളുള്ള ഫയലിലുണ്ടെന്നും പറഞ്ഞു. ശേഷം ഒരു പ്രകോപനവുമില്ലാതെ കടലാസുകെട്ട് ജഡ്‌ജിമാർക്കുനേരെ വലിച്ചെറിഞ്ഞു. അസഭ്യവും പറഞ്ഞു. ഇതിനിടെ സുരക്ഷാ ഉദ്യോഗസ്ഥൻ ഇയാളെ പുറത്താക്കി.
ജഡ്‌ജിമാർ പ്രതികരിക്കാതെ നടപടികൾ തുടരാൻ ആവശ്യപ്പെട്ടു.
നടപടി എടുക്കില്ല
യുവാവിനെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കാൻ നിർദ്ദേശിക്കുന്നില്ലെന്ന് ജസ്റ്റിസ് കെ.വി. വിശ്വനാഥൻ പറഞ്ഞു. അയാൾ അസ്വസ്ഥനും നിരാശനുമായിരുന്നു. സഹതാപം മാത്രമേയുള്ളൂ. കേസിന്റെ മെറിറ്റ് പരിശോധിച്ചപ്പോൾ ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ തക്ക കാരണങ്ങളില്ലെന്ന് ബോദ്ധ്യമായി. അതിനാൽ കേസ് തള്ളിയെന്നും വ്യക്തമാക്കി. ഒരു സ്വകാര്യ കമ്പനിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയതിനെ തുടർന്നാണ് സുപ്രീംകോടതിയിലെത്തിയത്.
2025 ഒക്‌ടോബർ 6ന് മുൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്ക് നേരെ ഒരു അഭിഭാഷകൻ ഷൂ എറിയാൻ ശ്രമിച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ച് പുറത്താക്കിയ ആളിന്റെ അഭിഭാഷക ലൈസൻസും സുപ്രീംകോടതി ബാർ അസോസിയേഷൻ അംഗത്വവും റദ്ദാക്കി. എന്നാൽ അയാൾക്കെതിരെ നടപടിയെടുക്കരുതെന്ന് ജസ്റ്റിസ് ഗവായ് പിന്നീട് നിലപാടെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |