
ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്നലെ ആരംഭിച്ചപ്പോൾ 'ഇന്ത്യ' മുന്നണിയിലെ വിള്ളൽ സഭയിലും പ്രതിഫലിച്ചു. തമിഴ്നാട്ടിൽ ടി.വി.കെ സർക്കാരിന് പിന്തുണ നൽകാൻ കോൺഗ്രസ് തീരുമാനിച്ചതോടെ,പ്രതിപക്ഷ മുന്നണി ബന്ധം വിച്ഛേദിച്ച ഡി.എം.കെയ്‌ക്ക് ലോക്‌സഭയിൽ പ്രത്യേക ബ്ലോക്ക് അനുവദിച്ചേക്കും. പ്രതിസന്ധി സമയത്ത് കോൺഗ്രസ് വഞ്ചിച്ചുവെന്ന വികാരമാണ് ഡി.എം.കെയ്‌ക്കുള്ളത്. ലോക്‌സഭയിൽ കോൺഗ്രസ് എം.പിമാർക്കൊപ്പം ഇരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ഡി.എം.കെയിലെ കനിമൊഴി എം.പി സ്‌പീക്കർ ഓം ബിർളയ്‌ക്ക് കത്തുനൽകിയിട്ടുണ്ട്.
കോൺഗ്രസ് എം.പിമാരുടെ ഇരിപ്പിടങ്ങൾക്കു സമീപം അനുവദിച്ചിരിക്കുന്ന സീറ്റുകളിൽ തന്നെയാണ് ഇന്നലെ അവരുടെ 22 എം.പിമാരും ഇരുന്നത്. പല കോൺഗ്രസ് എം.പിമാരും ഡി.എം.കെ അംഗങ്ങളോട് കുശലം പറയുന്നത് കാണാമായിരുന്നു. നീറ്റ് ചോദ്യപേപ്പർ ചോർച്ച,അയോദ്ധ്യ സംഭാവന കൊള്ള അടക്കം വിഷയങ്ങളിൽ 'ഇന്ത്യ' മുന്നണി എം.പിമാർ നടുത്തളത്തിലിറങ്ങിയപ്പോൾ അവർക്കൊപ്പമല്ല, സ്വന്തംനിലയ്‌ക്കാണ് ഡി.എം.കെ അംഗങ്ങൾ പ്രതിഷേധിച്ചത്. കാവേരി നദിക്കു കുറുകെ മേക്കേദാട്ടിൽ അണക്കെട്ട് നിർമ്മിക്കാനുള്ള കർണാടകയുടെ നീക്കം ചർച്ച ചെയ്യണമെന്ന് ഡി.എം.കെ എം.പിമാർ ആവശ്യപ്പെട്ടു. പ്രതിഷേധ സൂചകമായി പച്ച ഷാൾ ധരിച്ചാണെത്തിയത്. അതേസമയം,തൃണമൂൽ കോൺഗ്രസിന്റെ 20 വിമത എം.പിമാർക്ക് പ്രത്യേക ബ്ലോക്കായിരിക്കാൻ സ്‌പീക്കർ അനുമതി നൽകി. പുതിയ സീറ്റുകൾ അനുവദിച്ചു.
ജൂൺ 15നാണ് വിമതർ നാഷണലിസ്റ്റ് സിറ്രിസൺസ് പാർട്ടി ഒഫ് ഇന്ത്യയിൽ (എൻ.സി.പി.ഇ) ചേർന്നത്. ശിവസേന ഉദ്ദവ് വിഭാഗത്തിൽ നിന്ന് ഏക്‌നാഥ് ഷിൻഡെ വിഭാഗത്തിലേക്ക് കൂറുമാറിയ ആറ് എം.പിമാരുടെ ലയനം ലോക്‌സഭാ സ്‌പീക്കർ ഓം ബിർള അംഗീകരിച്ചിരുന്നു. അവർക്ക് ഏക്‌നാഥ് വിഭാഗത്തിനൊപ്പം ഇരിപ്പിടം നൽകി.
മണ്ഡല പുനർനിർണയം
ബജ്ജറ്റ് സമ്മേളനത്തിൽ മണ്ഡല പുനർനിർണയ ബില്ലിനെ അതിശക്തമായി എതിർത്തിരുന്ന ഡി.എം.കെ നിലപാടിൽ അയവു വരുത്തിയോയെന്ന സംശയം ബലപ്പെടുന്നു. കേന്ദ്രസർക്കാർ കൃത്യമായ ഫോർമുല മുന്നോട്ടുവയ്‌ക്കണമെന്ന് ഡി.എം.കെ എം.പി തിരുച്ചി ശിവ പ്രതികരിച്ചത് ശ്രദ്ധേയമാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ബാധിക്കുന്നതാകരുത്. വനിതാ സംവരണത്തിന് പാർട്ടി പിന്തുണ നൽകുന്നു. എന്നാലത് നിലവിലെ സഭാംഗങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചു കൊണ്ടാകരുതെന്നും ആവശ്യപ്പെട്ടു. എഫ്.സി.ആർ.എ ബില്ലിനെയും പാർട്ടി എതിർക്കും. എന്നാൽ,മണ്ഡല പുനർനിർണയ വിഷയത്തിൽ ഡി.എം.കെ അവരുടെ മുൻനിലപാടിൽ നിന്നു മാറില്ലെന്നാണ് വിചാരിക്കുന്നതെന്ന് കോൺഗ്രസ് എം.പി കാർത്തി ചിദംബരം ചൂണ്ടിക്കാട്ടി. 'ഒരു രാജ്യം,ഒരു തിരഞ്ഞെടുപ്പ് എന്ന മോദി സർക്കാരിന്റെ നീക്കത്തോട് ഡി.എം.കെയ്‌ക്ക് ചായ്‌വുണ്ടോ? അവർ ആ പാതയിലേക്ക് നീങ്ങുകയാണെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ടതിനേക്കാൾ മോശം സ്ഥിതിയാകുമെന്നും കാർത്തി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |