
മുംബയ്: 'ശാരീരികമായും മാനസികമായും പ്രായോഗികമായും ഏറ്റവും ദുഷ്‌കരമായ ഘട്ടം". ശസ്ത്രക്രിയയ്ക്കും ഐ.സി.യു വാസത്തിനും ശേഷം വീട്ടിലെത്തിയ അമിതാഭ് ബച്ചന്റെ വൈകാരിക കുറിപ്പ് ആരാധകരെ ആശങ്കയിലാക്കുകയാണ്. രോഗം എന്താണെന്നോ ശസ്ത്രക്രിയ എന്തിനാണെന്നോ വെളിപ്പെടുത്തിയില്ല. പക്ഷേ ആശുപത്രി വിട്ട ശേഷം നേരിടുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം ബ്ലോഗിൽ കുറിച്ചു.
'ആശുപത്രിയിൽ ശസ്ത്രക്രിയയും ഐ.സി.യു വാസവും, വിദഗ്ദ്ധ ഡോക്ടർമാരുടെയും ജീവനക്കാരുടെയും പരിചരണം, വീട്ടിലേക്കുള്ള മടക്കം, മടങ്ങിവരവിന് ശേഷമുള്ള ഈ കാലയളവാണ് പ്രയാസകരമായ ഘട്ടം. കരുത്തരായ വ്യക്തികൾക്ക് പോലും തിരിച്ചടി നേരിടേണ്ടി വന്നേക്കാം.
ആരാധിക്കപ്പെടുന്ന ഒരു ചാമ്പ്യനായിരിക്കാം നിങ്ങൾ. എന്നാൽ ഒരു ദിവസം തോൽവി നിങ്ങളുടെ മുന്നിൽ വന്നുനിൽക്കും. അത് ജീവിതത്തിലെ കഠിനമായ ഘട്ടമാണ്. ചിലർ അതിനെ ധൈര്യപൂർവം നേരിടും, ചിലർ കീഴടങ്ങും. നിരന്തരം പോരാടി ധീരത കാട്ടുന്നവർ ചാമ്പ്യന്മാരായി തുടരും. അല്ലാത്തവർ ഭൂതകാലത്തിലെ പ്രതാപത്തിൽ ജീവിക്കും. അത് വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. അതിൽ ശരിയോ തെറ്റോ ഇല്ല. ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുക"- ബച്ചൻ കുറിച്ചു. 'കൽക്കി 2898 എ.ഡി: പാർട്ട് 2"ലാണ് ബച്ചൻ ഒടുവിലഭിനയിച്ചത്. ആരോഗ്യം മെച്ചപ്പെട്ടാൽ 'കോൻ ബനേഗ ക്രോർപതി 18"ന്റെ അവതാരകനായി തിരിച്ചെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |