
കോട്ടയം : നാലുനാളത്തെ കാത്തിരിപ്പ് വിഫലം. സിക്കിമിലെ നാംചിയിൽ ജലവൈദ്യുത പദ്ധതി തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിലിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. പാമ്പാടി വെള്ളൂർ പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹന്റെ (43) മൃതദേഹമാണ് ഇന്നലെ പുലർച്ചെ രണ്ടോടെ കിട്ടിയത്.
മണിപ്പാൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഡൽഹിയിലേക്ക് കൊണ്ടുപോയി. ഇന്ന് പ്രത്യേക വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളം വഴി പാമ്പാടിയിലെ വീട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നോർക്കയുടെ നേതൃത്വത്തിൽ നടക്കുകയാണ്.
നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷനിലെ സീനിയർ മാനേജരാണ് അനീഷ്. 16 വർഷമായി ഇവിടത്തെ ജീവനക്കാരനാണ്. തീസ്ത സ്റ്റേഞ്ച് 6 ഹൈഡ്രോ പവർ പ്രോജക്ടിന് വേണ്ടിയുള്ള തുരങ്കപാത നിർമ്മാണത്തിനിടെ തിങ്കളാഴ്ച മീഥെയിൻ വാതക സ്‌ഫോടനത്തിന് പിന്നാലെയാണ് മണ്ണിടിഞ്ഞത്. വിവരമറിഞ്ഞ് അനീഷിന്റെ സഹോദരൻ ബിനീഷും ബന്ധുക്കളും സിക്കിമിലെത്തിയിരുന്നു.
നാട്ടകം ഗവ.കോളജിൽ നിന്ന് ജിയോളജിയിൽ ബിരുദാനന്തര ബിരുദംവും പൂർത്തിയാക്കിയ അനീഷ് 2011 ലാണ് ഹരിയാനയിൽ ജോലിയിൽ പ്രവേശിക്കുന്നത്. ഇവിടെ കുടുംബമായി താമസിക്കുകയായിരുന്നു. ഏഴുമാസം മുൻപാണ് സിക്കിമിലേക്ക് പോയത്. ഇതോടെ ഭാര്യ ഡോ.സംഗീതയും മക്കളായ അർണവും കാർത്യായനിയും തൃപ്പൂണിത്തുറ ചൈതന്യനഗറിലുള്ള വീട്ടിലേക്ക് താമസം മാറി. വെള്ളൂരിലെ വീട്ടിൽ റിട്ട. അദ്ധ്യാപകരായ അച്ഛൻ പി.കെ. മോഹനനും അമ്മ അമ്മിണിക്കുട്ടിയുമാണ് താമസം.
മകളുടെ നൂലുകെട്ടിന്
നാട്ടിലെത്തി മടങ്ങി
ഇളയമകൾ കാർത്യായനിയുടെ നൂലുകെട്ട് ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞ ഫെബ്രുവരിയിലാണ് അനീഷ് നാട്ടിലെത്തിയത്. ഓണത്തിന് വീണ്ടും എത്താമെന്ന് മാതാപിതാക്കളോട് പറഞ്ഞായിരുന്നു മടക്കം. വൃക്കരോഗിയായ അമ്മയുടെ ആരോഗ്യവിവരം തിരക്കി എല്ലാദിവസവും അനീഷ് വിളിക്കുമായിരുന്നു. കാണാതാകുന്നതിന് തലേദിവസം വൈകിട്ടും വിളിവന്നു.
സിക്കിം ഗാങ്‌ടോക്കിലുള്ള മെഡിക്കൽ കോളേജിൽ നിന്ന് ഇന്നലെ രാത്രി 10.30 ന് സ്‌പെഷ്യൽ എംബാമിനായി മൃതദേഹം കൊണ്ടുപോയി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |