SignIn
Kerala Kaumudi Online
Sunday, 30 August 2026 12.52 AM IST

സെപ്‌തംബറിൽ പാർലമെന്റ് പ്രത്യേക സമ്മേളന സാദ്ധ്യത വനിതാ സംവരണ ബിൽ വീണ്ടും കൊണ്ടുവരും മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാൻ അണിയറ നീക്കം

d

ന്യൂ‌ഡൽഹി: വനിതാ സംവരണം, മണ്ഡല പുന‌ർനിർണയം ബില്ലുകൾ വീണ്ടും പാർലമെന്റിൽ അവതരിപ്പിക്കാൻ അണിയറ നീക്കങ്ങൾ ശക്തമാക്കി മോദി സർക്കാർ. പാർലമെന്റിന്റെ വർഷകാല സമ്മേളനം ആഗസ്റ്റ് 13ന് അവസാനിപ്പിച്ച് പിരിഞ്ഞെങ്കിലും ഇതുവരെ വിജ്ഞാപനമിറക്കിയിട്ടില്ല. അതിനാൽ എന്നു വേണമെങ്കിലും സഭ ചേരാനാവും.

ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കിയാൽ സെപ്‌തംബർ മൂന്നാം വാരം പ്രത്യേക സമ്മേളനം വിളിക്കുമെന്നാണ് വിവരം. ഡി.എം.കെ,​ എൻ.സി.പി (ശരദ്‌പവാർ)​ തുടങ്ങി പ്രതിപക്ഷത്തെ ചില രാഷ്ട്രീയ പാർട്ടികളുമായി എൻ.ഡി.എ നേതാക്കൾ അനൗദ്യോഗിക ചർച്ചകൾ നടത്തുന്നുണ്ട്.

സർവകക്ഷിയോഗം വിളിക്കുന്നതും കേന്ദ്രസർക്കാരിന്റെ പരിഗണനയിലുണ്ട്. പ്രത്യേക സിറ്റിംഗ് തീരുമാനിക്കുന്നതിന് മുൻപ് സർവകക്ഷിയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവിന് കത്തു നൽകിയിരുന്നു.

അന്ന് ഐക്യം,​ ഇന്ന് വിള്ളൽ

ഏപ്രിൽ 17ന് ലോക്‌സഭയിൽ 'ഇന്ത്യ' മുന്നണി എം.പിമാർ ഒറ്റക്കെട്ടായി അണിനിരന്നാണ് നീക്കത്തെ പരാജയപ്പെടുത്തിയത്. ഭരണഘടനയുടെ 131-ാം ഭേദഗതിയായിട്ടാണ് നാരീശക്തി വന്ദൻ അധിനിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ അന്ന് ശ്രമിച്ചത്. ഭരണഘടനാ ഭേദഗതിയായതിനാൽ സഭയിൽ ഹാജരുള്ള മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ അനിവാര്യം. 540 അംഗങ്ങളിൽ 528 പേർ വോട്ടു ചെയ്‌തു. എന്നാൽ പാസാകാൻ ആവശ്യമായിരുന്ന 352 വോട്ട് നേടാൻ സാധിച്ചില്ല. പിന്നാലെ ബിൽ പിൻവലിച്ചു. എന്നാൽ ഇപ്പോൾ സാഹചര്യം വ്യത്യസ്‌തമാണ്. തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിന് ടി.വി.കെയുമായി സഖ്യമുണ്ടാക്കിയ കോൺഗ്രസിനെതിരെ കടുത്ത നിലപാടിലാണ് ഡി.എം.കെ. നിയമസഭാ തിരഞ്ഞെടുപ്പിലെ വൻവീഴ്ചയ്‌ക്കു പിന്നാലെ തൃണമൂൽ കോൺഗ്രസ് പിളർന്നു. പ്രതിപക്ഷ സഖ്യത്തിലെ പല പാർട്ടികൾക്കും കോൺഗ്രസുമായി സ്വരചേർച്ചയില്ല. ഇതെല്ലാം എൻ.ഡി.എയുടെ നീക്കങ്ങൾക്ക് അനുകൂല ഘടകമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360