
കാഠ്മണ്ഡു: നേപ്പാളിൽ പ്രളയമുണ്ടായി ദിവസങ്ങൾ കഴിഞ്ഞു. ജീവനോടെ ഉണ്ടാകില്ലെന്ന് കരുതി ബന്ധുക്കൾ മരണാനന്തര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. എന്നാൽ ദുരന്തത്തിന്റെ 11-ാം നാൾ ചന്ദ്രിക ശ്രേഷ്ഠ എന്ന 64കാരി വിധിയെ തോൽപ്പിച്ച് തിരിച്ചെത്തി. കാണാതായ ആയിരക്കണക്കിന് മനുഷ്യരുടെ ഉറ്റവർക്ക് പ്രതീക്ഷയേകുന്ന അദ്ഭുത രക്ഷാദൗത്യമാണ് നുവാകോട്ടിലെ ബേത്രാവതിയിൽ ഇന്നലെ നടന്നത്. പ്രളയത്തിൽ കരകവിഞ്ഞ ഭോട്ടെകോഷി നദി ചന്ദ്രികയുടെ നാല് നില വീടിനെ വിഴുങ്ങുകയായിരുന്നു. മൂന്ന് നിലകളും ചെളിയിൽ മുങ്ങി. ഭാഗ്യവശാൽ നാലാം നിലയിലായിരുന്നു ചന്ദ്രിക.
അവിടെയും പകുതിയോളം ചെളി അടിഞ്ഞുകൂടിയെങ്കിലും മുകൾ ഭാഗത്ത് നിന്ന് ലഭിച്ച നേർത്ത വായുസഞ്ചാരം ചന്ദ്രികയുടെ ജീവൻ നിലനിറുത്തി. രക്ഷാപ്രവർത്തകർ കണ്ടെത്തുമ്പോൾ ചെളിയിൽ പൊതിഞ്ഞ് ബോധം പാതി മറഞ്ഞ അവസ്ഥയിലായിരുന്നു ചന്ദ്രിക. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ചന്ദ്രികയെ ഹെലികോപ്റ്റർ മാർഗം ത്രിശൂലിയിലെയും തുടർന്ന് കാഠ്മണ്ഡുവിലെയും ആശുപത്രിയിലേക്കും മാറ്റി.
# രക്ഷകരായി നായകൾ
നേപ്പാൾ പൊലീസിന്റെ 9 അംഗ ടീം മേഖലയിലെ അവശിഷ്ടങ്ങൾ നീക്കുന്നതിനിടെ ചന്ദ്രികയുടെ നേർത്ത കരച്ചിൽ കേട്ടു
അവശിഷ്ടങ്ങൾക്കിടെയിലെ മനുഷ്യ സാന്നിദ്ധ്യം പൊലീസ് നായകൾ തിരിച്ചറിഞ്ഞു. ശബ്ദത്തിന്റെ ഉറവിടവും മനസിലാക്കി
മേഖലയിൽ ഹെവി മെഷീനുകളുടെ പ്രവർത്തനം നിറുത്തി. രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങളും ചെളിയും കൈകൊണ്ട് നീക്കി നാലാം നിലയിലേക്ക് കടന്നു
# ചൈനീസ് പൗരനും ജീവിതത്തിലേക്ക്
ടണലിൽ കുടുങ്ങിയ മറ്റൊരു തൊഴിലാളിയെ കൂടി രക്ഷിച്ചു. റസുവ ജില്ലയിൽ അപ്പർ ത്രിശൂലി - 1 ജലവൈദ്യുത നിലയത്തിന്റെ ടണലിൽ 225 മീറ്റർ ഉള്ളിൽ അകപ്പെട്ട ചൈനീസ് പൗരൻ ലൂ ഹൈതാവോയെയാണ് പുറത്തെത്തിച്ചത്. രക്ഷാപ്രവർത്തകരുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ ലൂ ഉറക്കെ ശബ്ദമുണ്ടാക്കി. ഭക്ഷണവും വെള്ളവുമില്ലാതെ ചെളിയിൽ കുടുങ്ങിക്കിടന്ന ലൂവിന്റെ നില തൃപ്തികരമാണ്. നിലവിൽ കാഠ്മണ്ഡുവിലെ ആശുപത്രിയിലാണ്. വെള്ളിയാഴ്ച രണ്ട് തൊഴിലാളികളെ മറ്റൊരു ടണലിൽ നിന്ന് രക്ഷിച്ചിരുന്നു. ഏകദേശം 900 തൊഴിലാളികളാണ് ജലവൈദ്യുത പദ്ധതി ടണലുകളിൽ കുടുങ്ങിയത്.
മരണം 1,375
(നേപ്പാളിലെയും ടിബറ്റിലെയും ചേർത്തുള്ള കണക്ക്)
മരണം - 1,375
കാണാതായവർ - 5,440
( വിദേശികൾ - 844, ഇന്ത്യക്കാർ - 275)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |