ലക്നൗ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ പഞ്ചാബ് നാഷണൽ ബാങ്കിൽ കോടികളുടെ തട്ടിപ്പ്. ഉപഭോക്താക്കളുടെ സേവിംഗ്സ് അക്കൗണ്ട്, ഫിക്സഡ് ഡിപ്പോസിറ്റ് എന്നിവയിൽ നിന്ന് ഏകദേശം 35 കോടിയിലധികം രൂപ നഷ്ടപ്പെട്ടതായാണ് പരാതി. സംഭവത്തിൽ ബാങ്ക് മാനേജർ ഉൾപ്പെടെ അഞ്ചുജീവനക്കാരെ സസ്‌പെൻഡ് ചെയ്തു.
പഞ്ചാബ് നാഷണൽ ബാങ്കിന്റെ സെക്ടർ പൈ-1 ബ്രാഞ്ചിലാണ് ഉപഭോക്താക്കളെ ഒന്നാകെ ഞെട്ടിച്ച വൻ തട്ടിപ്പ് പുറത്തുവന്നത്. ബാങ്കിലെത്തിയ പല ഉപഭോക്താക്കളും തങ്ങളുടെ ആകെയുണ്ടായിരുന്ന സമ്പാദ്യം നഷ്ടപ്പെട്ടതിന്റെ വിഷമത്തിലാണ്. തന്റെ അക്കൗണ്ടിലുണ്ടായിരുന്ന 88 ലക്ഷം രൂപയിൽ ഇനി വെറും ഒരു ലക്ഷം രൂപ മാത്രമാണ് ബാക്കിയുള്ളതെന്ന് ഉപഭോക്തവായ വിജേന്ദ്ര സിംഗ് പറഞ്ഞു.
മറ്റൊരു ഉപഭോക്താവായ ഹനീഫ് ഖാന്റെ അക്കൗണ്ടിലുണ്ടായിരുന്ന 39 ലക്ഷം രൂപയും നഷ്ടപ്പെട്ടു. പണം പിൻവലിച്ചതുമായി ബന്ധപ്പെട്ട് യാതൊരുവിധ മെസേജും ഫോണിൽ വരികയോ തങ്ങൾ പണം പിൻവലിക്കാൻ ഒപ്പിട്ടുനൽകുകയോ ചെയ്തിട്ടില്ലെന്ന് ഹനീഫ പറയുന്നു. അക്കൗണ്ടിൽ നിന്ന് 9.5 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടതെന്നും ബാങ്കിൽ നേരിട്ടെത്തിയപ്പോഴാണ് തട്ടിപ്പ് വിവരം അറിഞ്ഞതെന്നും ഉപഭോക്താവായ സാക്കിറും വ്യക്തമാക്കി.
പാസ്ബുക്ക് പുതുക്കാനും ഇടപാട് വിവരങ്ങൾ അറിയാനും ബാങ്കിലെത്തിയ തങ്ങളെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഡിറ്റിംഗ് നടക്കുകയാണെന്ന് പറഞ്ഞ് ജീവനക്കാർ തിരിച്ചയച്ചെന്നും നിക്ഷേപകർ ആരോപിക്കുന്നു. ഇതുകാരണം കൃത്യസമയത്ത് അക്കൗണ്ട് പരിശോധിക്കാൻ തങ്ങൾക്ക് സാധിച്ചില്ലെന്നും അവർ വ്യക്തമാക്കി.
18 ഉപഭോക്തക്കളാണ് നിലവിൽ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പണം തിരികെ ലഭിക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ബാങ്ക് മാനേജ്മെന്റ് ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ പണം തിരികെ ലഭിക്കുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.
A fraud involving over ₹35 crore has been reported at Punjab National Bank in Greater Noida, Uttar Pradesh, with money allegedly missing from customers’ savings accounts and fixed deposits. Five bank employees, including the branch manager, have been suspended.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |