SignIn
Kerala Kaumudi Online
Tuesday, 30 June 2026 9.36 PM IST

'ഞങ്ങൾ പാകിസ്ഥാന്റെ ഭാഗമല്ല,​ ഇന്ത്യയോട് സഹായം തേടും',​ പാക് അധികൃതർക്ക് ജനങ്ങളുടെ മുന്നറിയിപ്പ്

READ ENGLISH VERSION
pok-protesters
റാവലകോട്ടിലെ ഈദ്ഗാഹ് മൈതാനത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാർ

റാവലകോട്ട് (പാക് അധീന കാശ്മീർ): പാകിസ്ഥാന്റെ നിയന്ത്രണങ്ങൾക്കെതിരെ പാക് അധീന കാശ്മീരിൽ വൻ ജനകീയ പ്രക്ഷോഭം. റാവലകോട്ടിലെ ഈദ്ഗാഹ് മൈതാനത്ത് ഇന്ന് നടന്ന ജനകീയ പ്രകടനത്തോടെ പ്രതിഷേധം 22-ാം ദിവസത്തിലേക്ക് കടന്നു. ആയിരക്കണക്കിന് പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. പ്രവിശ്യ ഇനിമുതൽ പാകിസ്ഥാന്റെ നിയന്ത്രണത്തിലല്ലെന്നും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇന്ത്യയുമായി കൂടുതൽ സഹകരണത്തിന് തയ്യാറാകുമെന്നും പ്രതിഷേധക്കാർ പാക്ക് സർക്കാരിന് മുന്നറിയിപ്പ് നൽകി.

ഭരണപരമായ അവഗണന, കടുത്ത സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, സർക്കാർ നടത്തുന്ന അടിച്ചമർത്തലുകൾ എന്നിവയ്ക്ക് എതിരെയാണ് പ്രവിശ്യയിൽ ജനങ്ങൾ തെരുവിൽ ഇറങ്ങിയത്. പ്രക്ഷോഭ വാർത്തകൾ പുറത്തുപോകാതിരിക്കാൻ ജൂൺ അഞ്ച് മുതൽ അധികൃതർ മേഖലയിൽ ഇന്റർനെറ്റ് പൂർണമായും വിച്ഛേദിച്ചു.


മനുഷ്യാവകാശ പ്രവർത്തകൻ സർദാർ അമൻ ഖാന്റെ നേതൃത്വത്തിലാണ് നിലവിൽ പ്രതിഷേധങ്ങൾ നടക്കുന്നത്. ജനകീയ സമരം അടിച്ചമർത്താൻ പാക് അധികൃതർ മേഖലയിലേക്കുള്ള ഭക്ഷണസാധനങ്ങളുടെയും മറ്റ് അവശ്യവസ്തുക്കളുടെയും വിതരണം രണ്ടാഴ്ചയോളം തടഞ്ഞിരുന്നു. ഇതോടെയാണ് പ്രതിഷേധം കൂടുതൽ ശക്തമായത്. പാക് അധീന കാശ്മീർ പാകിസ്ഥാന്റെ ഭാഗമല്ലെന്നും തങ്ങൾക്ക് പാകിസ്ഥാനെക്കാൾ ആവശ്യമുള്ളത് പാകിസ്ഥാന് തങ്ങളെയാണെന്നും സമരവേദിയിൽ അമൻ ഖാൻ വ്യക്തമാക്കി.


ജൂൺ ഒമ്പത് മുതൽ നിയന്ത്രണ രേഖയ്ക്ക് സമീപം മറ്റൊരു വലിയ ധർണയും സമരക്കാർ ആരംഭിച്ചിട്ടുണ്ട്. ഭക്ഷണത്തിനും മറ്റ് അവശ്യവസ്തുക്കൾക്കുമുള്ള ഉപരോധം തുടരുകയാണെങ്കിൽ പാക് അധീന കാശ്മീരിലെ ജനങ്ങൾ സഹായത്തിനായി ഇന്ത്യയെ സമീപിക്കുമെന്ന് സർദാർ അമൻ ഖാൻ അണികളോട് പറഞ്ഞു. 'ഞങ്ങൾ പാകിസ്ഥാന്റെ ഭാഗമല്ല. പാക് സൈനിക മേധാവി ആസിം മുനീറിനെ ഞങ്ങൾ അംഗീകരിക്കുന്നില്ല. ഒരു ഏകാധിപതിയെയും ഇവിടുത്തെ ജനങ്ങൾ വച്ചുപൊറുപ്പിക്കില്ല.' - സമരക്കാർ പുറത്തുവിട്ട വീഡിയോയിൽ വ്യക്തമാക്കുന്നു.


പാക് അധീന കാശ്മീരിലെ പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി ആഗോളതലത്തിലും പ്രവാസികൾ രംഗത്തിറങ്ങിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ പാകിസ്ഥാൻ എംബസികൾക്കും നയതന്ത്ര കാര്യാലയങ്ങൾക്കും മുന്നിൽ കാശ്മീരി പ്രവാസികൾ വൻ പ്രതിഷേധങ്ങളാണ് സംഘടിപ്പിക്കുന്നത്. മുസഫറാബാദ് അടക്കമുള്ള പ്രവിശ്യയിൽ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതുവരെ പോരാട്ടം തുടരുമെന്നാണ് സമരസമിതി നേതാക്കളുടെ നിലപാട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POK, POK PROTEST, PAKISTAN, PROTEST, CRACKDOWN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360